സുൽത്താൻബത്തേരി : വനമേഖലയിലെ തേക്കുതോട്ടത്തിൽ പുള്ളിമാനിനെ വെടിവെച്ചുകൊന്ന് ഗുഡ്‌സ് ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഒരാൾ വനപാലകരുടെ പിടിയിൽ. തോക്കുമായി രക്ഷപ്പെട്ട മറ്റൊരുപ്രതിക്കായി വനംവകുപ്പ് അന്വേഷണം തുടങ്ങി.

To advertise here,

നാട്ടുകാരനായ വാകേരി കുന്നെപറമ്പിൽ പ്രദീപിനെയാണ് (56) അറസ്റ്റുചെയ്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ചൂതുപാറ സ്വദേശി വല്ലനാട് അരുൺ തോക്കുമായി ഓടിരക്ഷപ്പെടുകയായിരുന്നു. സൗത്ത് വയനാട് ഡിവിഷൻ ചെതലത്ത് റെയ്ഞ്ചിൽ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വാകേരി മണ്ണുണ്ടിയിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം.

കാട്ടാനയ്ക്കായി പട്രോളിങ് നടത്തുന്ന വനപാലകസംഘത്തിനാണ് പുള്ളിമാനിനെ ചിലർ വേട്ടയാടുന്നതായി വിവരംലഭിച്ചത്. തുടർന്ന്, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ.പി. അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രദീപിനെ പിടിച്ചത്.

വെടിവെച്ചുകൊന്ന പുള്ളിമാനിനെ അരുണിന്റെ ഗുഡ്‌സ് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് വനപാലകരെത്തി പിടികൂടിയത്. ഒരുവയസ്സോളമുള്ള മാനിന്റെ ഇടതുവശത്താണ് വെടിയേറ്റത്.

നാടൻതോക്കാണെന്നാണ് സൂചന. പിന്നീട് ഇരുളത്തെ വെറ്ററിനറി ഡോക്ടർ ജവഹറിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ വെടിയുണ്ട കണ്ടെടുത്തതായി വനപാലകർ പറഞ്ഞു. പ്രദീപിനെ ബത്തേരി ജെഎഫ്‌സിഎം കോടതി(രണ്ട്)യിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ പി.വി. സുന്ദരേശൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.എസ്. സത്യൻ, പി.എസ്. അജീഷ്, ജിതിൻ വിശ്വനാഥ്, സി. ഷൈനി, സീബ റോബർട്ട്, വാച്ചർമാരായ ബാലൻ, പി.ജെ. ജയേഷ്, രവി എന്നിവരാണ് വനപാലകസംഘത്തിലുണ്ടായിരുന്നത്. ഗുഡ്‌സ് ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

വേട്ടനടത്തിയത് കാട്ടാനശല്യം രൂക്ഷമായ പ്രദേശത്ത്

മാനിനെ വേട്ടയാടിയത് കാട്ടാനശല്യം രൂക്ഷമായ മണ്ണുണ്ടി മേഖലയിലായിരുന്നുവെന്ന് വനംവകുപ്പ്. ദിവസങ്ങളായി പ്രദേശത്ത് ആനശല്യമുണ്ട്. ഇവയെ തുരത്താനായി വനപാലകരുടെ പട്രോളിങ് സംഘവുമുണ്ട്. ഇരുട്ടിൽ വേട്ടയ്ക്കിറങ്ങുമ്പോൾ ആനകളുടെ മുന്നിൽപ്പെടാനും അപകടമുണ്ടാകാനും സാധ്യതയേറെയാണ്. ഇതൊന്നും കണക്കിലെടുക്കാതെയാണ് വേട്ടക്കാർ കാടിനോടുചേർന്ന തേക്കുതോട്ടത്തിലെത്തിയത്.

പ്രദീപും അരുണും പന്നിഫാം നടത്തുന്നവരാണെന്ന് വനപാലകർ പറഞ്ഞു. വേട്ടയാടിയ മാനിനെ ഫാമിലെത്തിച്ച് ഇറച്ചിയാക്കുകയും അവശിഷ്ടങ്ങൾ ഫാമിൽത്തന്നെ ഒഴിവാക്കാനുമായിരുന്നു പദ്ധതിയെന്നാണ് കരുതുന്നത്.