കണ്ണൂർ: ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരായ അന്വേഷണത്തിൽ നിർണായക നീക്കവുമായി വിജിലൻസ്. ’കാർട്ടൺ അലയൻസ് ഇന്ത്യ’ കമ്പനിക്ക് കരാർ നൽകിയ പദ്ധതികളുമായി ബന്ധപ്പെട്ട് അഴീക്കലിലെ പൊതുമേഖലാസ്ഥാപനമായ ‘സിൽക്കി’ൽ വിജിലൻസ് സംഘം പരിശോധന നടത്തി. കമ്പനിക്ക് വിവിധ പദ്ധതികളുടെ കരാർ നൽകിയതുമായി ബന്ധപ്പെട്ട ഫയലുകൾ വിജിലൻസ് സംഘം പിടിച്ചെടുത്തു.

To advertise here,

ഫയലുകൾ പരിശോധിച്ചശേഷം കൂടുതൽ നടപടികളിലേക്ക് കടക്കും. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽനിന്ന് അഞ്ച് പ്രധാന ഫയലുകൾ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് സിൽക്കിലെ പരിശോധന. വിജിലൻസ് ഉത്തരമേഖലാ എസ്.പി.ക്കാണ് അന്വേഷണച്ചുമതല.

പി.പി. ദിവ്യ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരിക്കേ കാർട്ടൺ ഇന്ത്യ അലയൻസ് കമ്പനിക്ക് 12 കോടിയിലധികം രൂപയുടെ കരാറുകൾ നൽകിയതിന് പിന്നിൽ ക്രമക്കേട് നടന്നെന്ന പരാതിയിലാണ് വിജിലൻസ് നടപടി. ദിവ്യയുടെ ബിനാമി കമ്പനിയാണ് കാർട്ടൺ ഇന്ത്യയെന്നും വഴിവിട്ട് ഈ കമ്പനിക്ക് കരാറുകൾ നൽകിയതിന് പിന്നിൽ അഴിമതിയുണ്ടെന്നും കാണിച്ച് കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസാണ് വിജിലൻസിന് പരാതി നൽകിയത്.