പുനലൂർ: പൊതുസ്ഥലത്ത് സ്ഥാപിച്ച ഗാന്ധിപ്രതിമയെ അവഹേളിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം പുനലൂർ ചെമ്മന്തൂരിൽ പുറമ്പോക്കിൽ താമസിക്കുന്ന ഹരിലാൽ (41) ആണ് അറസ്റ്റിലായത്. നേരത്തെയും ഒട്ടേറെ കേസുകളിൽ പ്രതിയാണിയാൾ. രജതജൂബിലി സ്മാരകമായി പുനലൂരിലെ ഭാരത മാതാ ഐടിഐ ഏതാനുംവർഷം മുൻപ് പുനലൂർ തൂക്കുപാലത്തിന്റെ പടിഞ്ഞാറേ കവാടത്തിൽ സ്ഥാപിച്ച പ്രതിമയിലാണ് ഹരിലാൽ അതിക്രമം കാട്ടിയത്.

To advertise here,

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രതിമ സ്ഥാപിച്ചിരുന്ന കൽകെട്ടിനുമുകളിൽ കയറിയ യുവാവ് പ്രതിമയുടെ ചെകിട്ടത്ത് അടിക്കുകയും അസഭ്യംവിളിക്കുകയും ചെയ്തു. കണ്ടുനിന്നവർ ഇതിന്റെ വീഡിയോ എടുത്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. വീഡിയോ വൈറലായതോടെയാണ് പുനലൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

പിങ്ക് പോലീസിന്റെ കാറിന്റെ കണ്ണാടിച്ചില്ല് തകർത്തതുൾപ്പടെ കേസുകളിൽ പ്രതിയാണ് പിടിയിലായ യുവാവ്. ഒരു വർഷം മുൻപ്, തൂക്കുപാലത്തിന്റെ ചങ്ങല ഘടിപ്പിച്ചിട്ടുള്ള കിണറ്റിലിറങ്ങി പരിഭ്രാന്ത്രി പടർത്തിയതിന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചെമ്മന്തൂരിൽ നവകേരള സദസ് നടക്കെ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തതിനും ഇയാൾ കസ്റ്റഡിലായിരുന്നു.

ഗാന്ധിപ്രതിമയെ അവഹേളിച്ചതിൽ ഭാരത മാതാ ഐടിഐ പ്രതിഷേധിച്ചു. കഴിഞ്ഞ കുറെക്കാലമായി പ്രതിമയിലെ കണ്ണട എടുത്തുമാറ്റുന്നത് പതിവായിരുന്നെന്ന് ഐടിഐ അധികൃതർ പറഞ്ഞു. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രിൻസിപ്പൽ ഫാ. എസ്. വിൻസെന്റും പൂർവവിദ്യാർഥി സംഘടനകളും ആവശ്യപ്പെട്ടു.