കൊല്ലം: കള്ളനോട്ട് കേസിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധനസാമഗ്രികൾ സൂക്ഷിക്കുന്ന ലോക്കറിൽനിന്ന് വൻതോതിൽ തിമിംഗിലഛർദി കണ്ടെത്തി. കൊല്ലം വെസ്റ്റ് കൈക്കുളങ്ങര കല്ലേലിവയൽ പുരയിടത്തിൽ സിബിയോണി(37)ന്റെ ഉടമസ്ഥതയിലുള്ള വാടി ഹാർബറിലെ ലോക്കറിൽനിന്നാണ് 22.460 കിലോ തിമിംഗിലഛർദി പള്ളിത്തോട്ടം പോലീസ് പിടിച്ചെടുത്തത്. വിപണിയിൽ 25 കോടിയോളം രൂപ വിലവരും.

To advertise here,

ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് പള്ളിത്തോട്ടം എസ്.എച്ച്.ഒ. പ്രതിഭാ ജി.നായരുടെ നേതൃത്വത്തിലുള്ള സംഘം വാടിയിലെത്തി പരിശോധന നടത്തിയത്. സിബിയോണിന്റെ ഉടമസ്ഥതയിലുള്ള പത്താംനമ്പർ ലോക്കറിന്റെ പൂട്ടുപൊളിച്ച് പരിശോധിക്കവേ, ചാക്കുകെട്ടിൽ നാലു കവറുകളിലാണ് ഇവയുണ്ടായിരുന്നത്. ഇവ സ്റ്റേഷനിൽ കൊണ്ടുവന്നശേഷം, അഞ്ചലിൽ ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസിൽനിന്നെത്തിയ ഉദ്യോഗസ്ഥർക്ക് കൈമാറി.

വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചശേഷമാണ് തിമിംഗിലഛർദിയാണെന്ന് സ്ഥിരീകരിക്കുന്നത്. പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. ജാക്സൺ ജേക്കബ്, പള്ളിത്തോട്ടം അഡീഷണൽ എസ്.ഐ. നിരഞ്ജന, എ.എസ്.ഐ. ബിനു, എസ്.ഐ. സൈന, ഡാൻസാഫ് സംഘം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

വെള്ളിയാഴ്ച രാത്രിയാണ് സിബിയോണിന്റെ വീട്ടിൽനിന്ന് കള്ളനോട്ട് അച്ചടിക്കുന്ന പ്രിന്ററുകളും 500 രൂപ നോട്ട് അച്ചടിക്കാനായി മുറിച്ച 892 പേപ്പർക്കെട്ടുകളും നോട്ടെണ്ണുന്ന യന്ത്രങ്ങളും പിടിച്ചെടുത്തത്. ഇയാൾ റിമാൻഡിലാണ്. കള്ളനോട്ട് കേസിന്റെ അന്വേഷണച്ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.