കൊല്ലം: ഒരു മാസം മുൻപ് അഹമ്മദാബാദിൽ 1.85 കിലോ മെഫെഡ്രോൺ (മയക്കുമരുന്ന്) പിടിച്ചടുത്ത കേസിലെ പ്രധാനിയെത്തേടി അഹമ്മദാബാദ് സിറ്റി പോലീസ്‌ കൊല്ലത്തെത്തി. 36 വയസ്സുകാരനായ നൈജീരിയ പൗരനാണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്. നൈജീരിയയിലെ അനാംബ്രയിലെ ഒനിറ്റ്ഷ സ്വദേശിയായ ഫ്രാങ്ക് എന്നു വിളിക്കുന്ന ചാൾസ് ഒഫുഡിലാണ് കൊട്ടിയത്തുനിന്നു പിടിയിലായത്.

To advertise here,

അന്തസ്സംസ്ഥാന മയക്കുമരുന്നുകടത്ത് ശൃംഖലയിലെ പ്രധാന വിതരണക്കാരനാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. മൂന്നാം തീയതിയാണ്‌ ഗുജറാത്ത് പോലീസ് കൊല്ലത്തെത്തിയത്. സെപ്റ്റംബർ 17-ന് അഹമ്മദാബാദിലെ നാന ചിലോഡ സർക്കിളിനു സമീപമുള്ള ചാമുണ്ഡ ടയർ ഷോപ്പിന് അടുത്തുനിന്ന് നിഖിലേഷ് കൃഷ്ണപ്പ (24) എന്ന യുവാവിൽനിന്ന്‌ 55.5 ലക്ഷം രൂപ വിലമതിക്കുന്ന 1,850 ഗ്രാം മെഫെഡ്രോണും 5,000 രൂപ വിലയുള്ള മൊബൈൽ ഫോണും നരോദ പോലീസ് പിടിച്ചെടുത്തിരുന്നു.

ഇയാൾക്കു പിന്നാലെ 19-ന് മയക്കുമരുന്നുശേഖരം കൈപ്പറ്റാനെത്തിയ കർണാടക സ്വദേശി വിശാൽ(28) എന്ന മറ്റൊരു പ്രതിയെക്കൂടി പോലീസ് സംഘം അറസ്റ്റുചെയ്തിരുന്നു. ‘ഫ്രാങ്ക്’ എന്നു പേരുള്ള ഒരു നൈജീരിയ പൗരനാണ് ഈ മയക്കുമരുന്ന് ഓർഡർചെയ്തതെന്ന് തുടരന്വേഷണത്തിൽ വ്യക്തമായി.

കൊല്ലം കൊട്ടിയത്തുള്ള ട്രാൻസിറ്റ് ഹോമിൽ പാർപ്പിച്ചിട്ടുള്ള നൈജീരിയ പൗരനാണ് ഫ്രാങ്ക് എന്ന് വിശദപരിശോധനയിൽ പോലീസിനു മനസ്സിലായി. 2019-ൽ ഇന്ത്യയിലെത്തിയ ഫ്രാങ്ക്, ബിസിനസ് വിസയിൽ ഡൽഹിയിലും ബെംഗളൂരുവിലും താമസിച്ചുവരികയായിരുന്നു. 2022-ൽ കോഴിക്കോട് നടക്കാവ് പോലീസ് എംഡിഎഎ കേസിൽ ഇയാളെ പിടികൂടിയിരുന്നു. തുടർന്ന്‌ കൊല്ലത്തെ ട്രാൻസിറ്റ് ഹോമിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. 

കൊല്ലത്തെ ട്രാൻസിറ്റ് ഹോം

വിദേശരാജ്യങ്ങളിൽനിന്ന് അനധികൃതമായി ഇന്ത്യയിൽ പ്രവേശിക്കുന്നവരെയും കേസുകളിൽ പ്രതികളാകുന്നവരെയും താമസിപ്പിക്കുന്ന കേന്ദ്രമാണ് ട്രാൻസിറ്റ് ഹോം.

പാസ്‌പോർട്ട്, വിസ കാലാവധികൾ തീർന്നിട്ടും രാജ്യത്തു തുടരുന്ന വിദേശപൗരന്മാരെയും ശിക്ഷാകാലാവധി കഴിഞ്ഞോ പരോളിലോ ജയിൽ മോചിതരായവരെയും താൽക്കാലികമായി താമസിപ്പിക്കാൻ ആരംഭിച്ച ട്രാൻസിറ്റ് ഹോമുള്ളത് കൊല്ലം കൊട്ടിയത്താണ്.

നൈജീരിയ സ്വദേശി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് 2022 ഡിസംബറിൽ അടിയന്തരമായി ട്രാൻസിറ്റ് ഹോം ആരംഭിച്ചത്. കൊട്ടിയം ജങ്‌ഷനു സമീപം മയ്യനാട് റോഡിൽ 5 മുറികളുള്ള ഇരുനില വാടകക്കെട്ടിടത്തിലാണ് പ്രവർത്തനം.

കൊല്ലത്തെ ട്രാൻസിറ്റ് ഹോമിൽ ഒട്ടേറെ വിദേശപൗരന്മാർ കഴിയുന്നുണ്ട്. വിചാരണ നേരിടുന്നവരാണ് കൂടുതലും.