നടുവിൽ (കണ്ണുർ): ഇന്ത്യൻ ബാങ്കുകൾക്ക് മാലദ്വീപിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ത്യൻ പ്രവാസികൾക്ക് ഇരുട്ടടിയായി. നാട്ടിലേക്ക് 150 ഡോളർ (ഏകദേശം 13000 ഇന്ത്യൻ രൂപ) മാത്രമേ അയക്കാൻ കഴിയുകയുള്ളൂ എന്ന് കഴിഞ്ഞ ദിവസമാണ് ബാങ്കുകൾ അറിയിച്ചത്. ഡോളർക്ഷാമമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മാലദ്വീപിൽ ജോലി ചെയ്യുന്ന അധ്യാപകർ, ഡോക്ടർമാർ, നഴ്സുമാർ എന്നിവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. അതിലാവട്ടെ കൂടുതലും മലയാളികളും.

To advertise here,

ശമ്പളം വീട്ടിലേക്കയക്കാൻ പറ്റാത്ത അവസ്ഥയിലാണ് പ്രവാസി ഇന്ത്യക്കാർ. ഇത്തരം സാഹചര്യത്തിൽ നാട്ടിലേക്ക് കുഴൽപ്പണ ഏജന്റുമാർ മുഖേന മാത്രമേ പണം അയക്കാൻ സാധിക്കുകയുള്ളു. അത് നിയമവിരുദ്ധവും വൻ സാമ്പത്തിക നഷ്ടവുമാണ്. ഒരു മാലദ്വീപ് റൂഫിയ 5.50 ഇന്ത്യൻ രൂപയാണ്.

ഏജന്റുമാർ വഴി അയക്കുമ്പോൾ അത് നാലു രൂപയായി ചുരുങ്ങും. ഭവനവായ്പ, വീട്ടുചെലവ്, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി സ്വന്തം വീടുകളിലെ ദൈനംദിന കാര്യങ്ങളെപ്പോലും ഇതു ബാധിച്ചിരിക്കുകയാണ്. ഇന്ത്യൻ ഹൈകമ്മിഷൻ, ബാങ്കുകൾ, മാലദ്വീപ് കേന്ദ്രബാങ്ക് ആയ മാലദ്വീപ് മൊണേറ്ററി തുടങ്ങിയ സ്ഥാപനങ്ങളെ ബന്ധപെട്ടെങ്കിലും അനുകൂല മറുപടി കിട്ടിയില്ലെന്ന് ഇന്ത്യക്കാർ പറയുന്നു. പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും നിവേദനം അയച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ മാലദ്വീപ് പ്രവാസികൾ കൂട്ടത്തോടെ തിരിച്ചുവരേണ്ട അവസ്ഥയാണ്.