ചെങ്ങന്നൂർ : മാലദ്വീപിലെ സ്‌കൂളിൽ വിദ്യാർഥിയുടെ ആക്രമണത്തിൽ മൂക്കിനു ഗുരുതര പരിക്കേറ്റ അധ്യാപികയെ ശസ്ത്രക്രിയയ്ക്കായി നാട്ടിലെത്തിക്കും. മാലദ്വീപിലെ ഗഫ്ധാൽ അടോൾ സ്‌കൂളിലെ അധ്യാപിക ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ. പിള്ള(35)യ്ക്കാണ് പരിക്കേറ്റത്. 12-ന് ക്ലാസിൽ ഗെയിം കളിക്കുന്നതു തടഞ്ഞപ്പോഴായിരുന്നു സംഭവം.

To advertise here,

മാലദ്വീപിൽ തുടർചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങളില്ലാത്തതിനാലാണ് നാട്ടിലേക്കെത്തിക്കുന്നത്. അധ്യാപികയെ ആക്രമിച്ച വിദ്യാർഥിയെ സ്‌കൂളിൽനിന്ന് ഒരാഴ്ചത്തേക്കു സസ്‌പെൻഡ് ചെയ്തു. കൗൺസലിങ്ങിനും ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ, അധ്യാപികയെ മാരകമായി പരിക്കേൽപ്പിച്ച വിദ്യാർഥിക്കെതിരേ സ്വീകരിച്ച നടപടിയിൽ ഇന്ത്യയിൽനിന്നുള്ള അധ്യാപകർ തൃപ്തരല്ലെന്നാണു വിവരം. ഈ സ്‌കൂളിൽ മാത്രം 15 മലയാളി അധ്യാപകരുണ്ട്.

ക്ലാസ് എടുത്തുകൊണ്ടിരിക്കേ ലബോറട്രിയിലെ കംപ്യൂട്ടറിൽ എട്ടാം ക്ലാസ് വിദ്യാർഥി ഗെയിം കളിക്കുന്നതു ശ്രദ്ധയിൽപ്പെട്ട സ്മിത ഒന്നിലേറെത്തവണ താക്കീതു നൽകിയിരുന്നു. വീഡിയോ പകർത്തി പ്രിൻസിപ്പലിനു റിപ്പോർട്ട് ചെയ്യുമെന്നു പറഞ്ഞപ്പോൾ സ്മിതയുടെ ഫോൺ എടുത്തെറിഞ്ഞു.

ഫോണെടുത്ത് പൊട്ടിയോ എന്നു നോക്കുമ്പോൾ തുടർച്ചയായി മൂക്കിനിടിക്കുകയായിരുന്നു. പെട്ടെന്നു തിരിഞ്ഞപ്പോൾ തലയുടെ പിൻഭാഗത്തും ഇടിച്ചു. രക്തംവാർന്നു ബോധരഹിതയായ സ്മിതയെ സഹ അധ്യാപകർ ആദ്യം പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട്, തിനാതുദ്വീപിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.

പരിശോധനയിൽ മൂക്കിന്റെ എല്ലിനു പൊട്ടലുണ്ടെന്നു കണ്ടെത്തി. ചൊവ്വാഴ്ച ആശുപത്രിയിൽനിന്നു വിടുതൽവാങ്ങി താമസിക്കുന്ന ഗദ്ദു ദ്വീപിലേക്കു മടങ്ങി. 30-നു ജോലി മതിയാക്കി നാട്ടിലേക്കു മടങ്ങാൻ ടിക്കറ്റെടുത്തിരിക്കുമ്പോഴാണ് സംഭവമുണ്ടായത്.

രണ്ടുദിവസത്തിനുള്ളിൽ ശസ്ത്രക്രിയ ഉൾപ്പെടെ തുടർചികിത്സയ്ക്കായി സ്മിതയെ നാട്ടിലെത്തിക്കുമെന്ന് ഭർത്താവ് ദീപക് പറഞ്ഞു. നടപടിക്രമങ്ങളുടെ ഭാഗമായി ചികിത്സാരേഖകളും പോലീസ് റിപ്പോർട്ടും ഹൈക്കമ്മിഷണർക്ക് അയച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൊടിക്കുന്നിൽ സുരേഷ് എം.പി. എന്നിവർ വിഷയത്തിൽ ഹൈകമ്മിഷണറുമായി ബന്ധപ്പെട്ടു. ഒരുവർഷം മുൻപാണ് സ്മിത ജോലിക്കായി മാലദ്വീപിലെത്തിയത്.

വീണ്ടും ഇടിക്കുമെന്നു ഭീഷണി, അധ്യാപകർ ഭയത്തിൽ

വിദ്യാർഥിയുടെ ആക്രമണത്തിൽ അധ്യാപികയ്ക്കു ഗുരുതര പരിക്കേറ്റ സംഭവം നടന്ന അതേ സ്‌കൂളിൽ മലയാളി അധ്യാപികയ്ക്കുനേരേ വിദ്യാർഥിയുടെ ഭീഷണി. അടുത്ത ഇടി ടീച്ചർക്കായിരിക്കുമെന്നാണ് ഒൻപതാം ക്ലാസിലെ ഒരു വിദ്യാർഥി ഭീഷണിപ്പെടുത്തിയത്. ക്ലാസിൽ അച്ചടക്കം പാലിക്കാത്തതിനു ശാസിച്ചതിനെത്തുടർന്നാണ് വിദ്യാർഥി അധ്യാപികയോടു കയർത്തത്.

മാലദ്വീപിലെ പല സ്‌കൂളുകളിലും ഇത്തരത്തിൽ വിദ്യാർഥികളുടെ ഭീഷണിയുണ്ടെന്നാണ് അവിടെ ജോലിചെയ്യുന്ന അധ്യാപകരുടെ ബന്ധുക്കൾ പറയുന്നത്. തദ്ദേശീയരായവരെ അപേക്ഷിച്ച് നാലിലൊന്നു ശമ്പളം മാത്രമാണ് ലഭിക്കുന്നത്.

ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികൾക്കും ക്ലാസുകളിൽ പലതരത്തിലുള്ള ശാരീരിക ഉപദ്രവങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. ഇത്തരം സംഭവങ്ങൾ സ്‌കൂൾ മാനേജ്മെന്റുകൾ ഒതുക്കിത്തീർക്കുകയാണ്. മാലദ്വീപ് വിദ്യാഭ്യാസ മന്ത്രാലയമോ സ്‌കൂൾ മാനേജ്മെന്റോ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് സ്മിതയുടെ ഭർത്താവ് ദീപക് പറഞ്ഞു.