അമ്പലപ്പുഴ: അമ്പലപ്പുഴയിൽ സ്കൂട്ടറിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റ കേസിൽ പോലീസ് അട്ടിമറി നടത്തിയതായി ആരോപിച്ച് കുടുംബം രംഗത്ത്. പ്രായപൂർത്തിയാകാത്ത കുട്ടിയാണ് അപകടസമയത്ത് വാഹനം ഓടിച്ചതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. എന്നാൽ പോലീസ് തയ്യാറാക്കിയ എഫ്ഐആറിൽ വിദ്യാർഥിയുടെ പേര് ഒഴിവാക്കുക മാത്രമല്ല, മുപ്പത് വയസ്സുകാരനാണ് അപകടമുണ്ടാക്കിയത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ദൃക്സാക്ഷികൾ യഥാർത്ഥ പ്രതിയെ ചൂണ്ടിക്കാണിച്ചിട്ടും പോലീസ് തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി കേസ് തേച്ചുമായ്ച്ചു കളയാനാണ് ശ്രമിക്കുന്നതെന്ന് പരിക്കേറ്റ യുവതിയുടെ ഭർത്താവ് മധു ആരോപിച്ചു. പരിക്കേറ്റ വീട്ടമ്മ വണ്ടാനം മെഡിക്കൽ കോളേജിൽ കോമാവസ്ഥയിൽ ചികിത്സയിലാണെന്നും, കുടുംബം കടുത്ത സാമ്പത്തികവും മാനസികവുമായി ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നതെന്നും മധു പറയുന്നു.
എന്നാൽ പ്രാഥമിക വിവര റിപ്പോർട്ടിൽ സ്വാഭാവികമായി സംഭവിക്കുന്ന പിഴവുകൾ മാത്രമാണിത് എന്നാണ് പോലീസ് നൽകുന്ന വിശദീകരണം. ഈ മാസം 10-ാം തീയതി ദേശീയപാതയിൽ പുറക്കാട് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്. പ്ലസ് ടു വിദ്യാർത്ഥിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. അപകടത്തിൽ ബേബി എന്ന വീട്ടമ്മയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ബേബിക്ക് ഇതുവരെ രണ്ടു ഓപ്പറേഷനുകൾ കഴിഞ്ഞതായി ഭർത്താവ് മധു പറഞ്ഞു. ബേബി ആശുപത്രിയിൽ ആയതോടെ പരിചരണവും കാര്യങ്ങളുമായി ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയിലാണ് മധു. ജോലിക്ക് പോയി ലഭിക്കുന്ന ദിവസവരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നതെന്നും ചലനശേഷി നഷ്ടപ്പെട്ട ഭാര്യയുമായി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയില്ലെന്നും മധു പറയുന്നു.
ഇതിനിടയിലാണ് അപകടമുണ്ടാക്കിയയാലെ സംരക്ഷിക്കുന്ന തരത്തിലുള്ള നപടികൾ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്നത് ഏറെ വേദനാജനകമാണെന്ന് മധു പറഞ്ഞു. അപകടം നടന്നതിന് പിന്നാലെ പോലീസ് സ്റ്റേഷനിൽവെച്ച് മധുവും നാട്ടുകാരും പ്രതിയായ 16-കാരനെ നേരിട്ട് പോലീസിന് കാട്ടിക്കൊടുത്തിരുന്നു.
എന്നാൽ ഈ മാസം 12-ന് പോലീസ് നൽകിയ എഫ്ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. ബൈക്ക് ഓടിച്ചയാൾക്ക് 30 വയസ്സ് തോന്നിക്കുമെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് പോലീസിനോട് ചോദിച്ചപ്പോൾ 'അത് വക്കീൽ നോക്കിക്കോളും' എന്ന മറുപടിയാണ് ലഭിച്ചതെന്നും കേസ് അട്ടിമറിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും മധു ആരോപിക്കുന്നു.
അതേസമയം, എഫ്ഐആർ എന്നത് ഒരു പ്രാഥമിക വിവര റിപ്പോർട്ട് മാത്രമാണെന്നും അതിൽ ചില തെറ്റുകൾ സംഭവിച്ചേക്കാമെന്നുമാണ് പോലീസിന്റെ വാദം. വാഹനം ഓടിച്ചത് ലൈസൻസില്ലാത്ത 18 വയസ്സ് പൂർത്തിയായ ആളാണെന്ന് വ്യക്തമാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അതിന്മേൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
Content Highlights: A family in Ambalappuzha accuses the police of tampering with a case where a woman was severely injured in a scooter accident, alleging that the police omitted the real underage driver from the FIR and instead recorded a 30-year-old as responsible. The injured woman's husband, Madhu, claims that despite eyewitnesses identifying the actual 16-year-old culprit, the police are protecting the individual, causing the family severe financial and emotional distress as they struggle with medical expenses and the wife's critical condition. The police defend their actions by stating that the FIR is a preliminary report prone to errors and assert that they have reported to the court that the vehicle was driven by an unlicensed individual over 18, promising further action.
Published: 31 Oct 2026, 10:26 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented