
കൊച്ചി: 70 വർഷം. കൊച്ചി എന്ന മഹാനഗരവും അതിനോടൊപ്പം ജില്ലയും ഇന്ന് കാണുംപോലെ രൂപപ്പെട്ടുവന്ന കാലഘട്ടം. കാലത്തിന്റെ ഈ കടന്നുപോകലിനൊപ്പം കുറ്റകൃത്യങ്ങളും അതിലെ പങ്കാളികൾക്കും പങ്കാളിത്തത്തിനും ഉണ്ടായ മാറ്റം ചെറുതല്ല.
മുൻപ് പരമ്പരാഗതമായ തെരുവ് കുറ്റകൃത്യങ്ങളും സ്വത്തു തർക്കങ്ങളും അതിന്റെപേരിലെ സംഘർഷങ്ങളും കൊലപാതകങ്ങളുമായിരുന്നു കുറ്റകൃത്യങ്ങളെങ്കിൽ ഇപ്പോൾ സ്ഥിതി മാറി. കരുതിക്കൂട്ടിയുള്ള ആക്രമണങ്ങളും പക വീട്ടലുകളും പതിവുസംഭവങ്ങളായി.
നിർവചനം മാറിയ ലഹരി
മുൻപ് കഞ്ചാവും ചരസും ചാരായവും കറുപ്പുമൊക്കെയായിരുന്നു ലഹരിവസ്തുക്കൾ. 2015-വരെ എംഡിഎംഎ എന്താണെന്നുപോലും കൊച്ചിക്ക് അറിയില്ലായിരുന്നു. ഇപ്പോൾ എംഡിഎംഎ പിടിക്കാത്ത ഒരു ദിവസം പോലുമില്ല. വല്ലപ്പോഴും ഒരു കഞ്ചാവ് കേസ് കിട്ടിയിരുന്ന കാലത്തുനിന്ന് വലിയതോതിലുള്ള ലഹരിവേട്ട നടക്കുന്ന കാലത്തിലേക്ക് കൊച്ചിയെത്തി.
ലഹരി പിടിക്കാൻ മാത്രമായി ’യോദ്ധാവ്’ ’ഓപ്പറേഷൻ ക്ലീൻ’ ’ഓപ്പറേഷൻ തൂഫാൻ’ ’ഓപ്പറേഷൻ തണ്ടർ’, ഡി-ഹണ്ട് തുടങ്ങിയ കാംപെയ്നുകൾ ഈ മാറ്റം വ്യക്തമാക്കുന്നു. പാർട്ടി ഡ്രഗ്ഗുകളും മെത്തും ഹെറോയിനും കൊക്കെയ്നുമെല്ലാം എവിടെയും ലഭിക്കുന്ന തരത്തിലേക്ക് ലഹരിയുടെ വേരുകൾ ആഴ്ന്നു.
ട്രെയിൻ, റോഡ് മാർഗങ്ങളിൽ ഒഡിഷയിൽ നിന്നും ബെംഗളൂരു, ഗോവ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്നും സിന്തറ്റിക് ലഹരികളും കഞ്ചാവും ഒഴുകുന്നു. ഗ്രാമിന് 2000-മുതൽ 5000 വരെ വിലയുള്ള ലഹരിവസ്തുക്കൾ 30-40 കിലോവരെ വർഷംതോറും പിടികൂടുന്നു.
കേരളതീരവും അന്താരാഷ്ട്ര കടൽപ്പാതകളും കേന്ദ്രീകരിച്ച് പതിനായിരക്കണക്കിന് കോടി രൂപയുടെ ലഹരിമരുന്നുകൾ ഇപ്പോൾ പിടിക്കുന്നു.
രൂപവും ഭാവവും മാറി കുറ്റകൃത്യവും കുറ്റക്കാരും
കുറ്റകൃത്യങ്ങൾക്കും അതിൽ പങ്കാളികളാകുന്നവരുടെ കാര്യത്തിലും മാറ്റം വന്നു. 25 വയസ്സിൽ താഴെ പ്രായമുള്ളവർ ഉൾപ്പെടുന്ന കേസുകൾ മുൻപ് കുറവായിരുന്നു. കാലം മാറിയപ്പോൾ അടിപിടി, കൊലപാതകം, ലഹരിക്കടത്ത് കേസുകളിൽ പിടികൂടുന്നവരിൽ നല്ലൊരുഭാഗവും യുവാക്കളാണ്.
ഇക്കഴിഞ്ഞ അഞ്ചുമാസത്തെ കണക്കിൽ റൂറൽ ജില്ലയിൽ 7,00 കേസുകളിലായി 786 പേരും കൊച്ചി നഗരത്തിൽ 883 കേസുകളിലായി 957 പേരുമാണ് അറസ്റ്റിലായത്. ഈ ചെറിയ കാലയളവിലെ കണക്കുതന്നെ ഞെട്ടിപ്പിക്കുന്നതാണ്. ലഹരി-അടിപിടിക്കേസുകളിൽ പിടിയിലായവരിൽ 90 ശതമാനവും 40 വയസ്സിൽ താഴെയുള്ളവരാണെന്നതാണ് വസ്തുത.
അതിൽ പകുതി പേരും 25 വയസ്സ് വരെ പ്രായമുള്ള യുവതീ-യുവാക്കളാണ്. കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ വർധനയുണ്ട്. ഇതോടൊപ്പം 18 തികയാത്തവരും കുറ്റകൃത്യങ്ങളിലേക്ക് കടന്നിട്ടുണ്ട്. വൻതോതിലുണ്ടായ കുടിയേറ്റ തൊഴിലാളികളുടെ വരവും അതുമൂലമുള്ള സംഘർഷങ്ങളും കൂടിയിട്ടുണ്ട്.
സൈബർയുഗം, തട്ടിപ്പിന്റെയും..
ഓൺലൈൻ വഴിയും ഡിജിറ്റൽ അറസ്റ്റിലൂടെയും കോടികളും ലക്ഷങ്ങളും തട്ടുമെന്ന് 20 വർഷം മുൻപ് നമ്മൾ ചിന്തിച്ചിരുന്നോ.... ഇല്ലെന്നാണ് ഉത്തരം. ഇപ്പോൾ ഏറ്റവുമധികം തട്ടിപ്പ് നടക്കുന്ന മേഖലയായി സൈബർ ഇടം മാറി. പണ്ടൊക്കെ, തട്ടിപ്പുകൾ വഞ്ചനാക്കേസായാണ് കൈകാര്യം ചെയ്തിരുന്നതെങ്കിൽ ഇപ്പോഴത് സംഘടിത കുറ്റകൃത്യമായി.
വലിയസംഘം തന്നെ സൈബർ തട്ടിപ്പുകൾക്ക് പിന്നിലുണ്ട്. ഒരുകേസിൽ രാജ്യത്ത് ഏറ്റവുമധികം തുക നഷ്ടമായ സൈബർ തട്ടിപ്പ് രജിസ്റ്റർ ചെയ്തത് കൊച്ചി നഗരത്തിലായിരുന്നു. 25 കോടി രൂപയാണ് വ്യാജ ഓഹരിത്തട്ടിപ്പിലൂടെ ഒരു വ്യക്തിയിൽനിന്ന് അപഹരിച്ചത്.
2020-ൽ പോലും പ്രതിവർഷം 500-ൽ താഴെയായിരുന്ന സൈബർ കേസുകളെങ്കിൽ 2024-2025 ആയപ്പോഴേക്കും 3,500-ലധികമായി വർധിച്ചു. 2023-മുതൽ ഒരു സൈബർ കേസെങ്കിലും രജിസ്റ്റർ ചെയ്യാത്ത ദിവസം ജില്ലയിൽ ഉണ്ടായിട്ടില്ല.
എന്തിനും ക്വട്ടേഷൻ...
നാട്ടുവഴികളിൽ മീശപിരിച്ചു നിൽക്കുന്ന ’ലോക്കൽ ഗുണ്ട’യിൽനിന്ന് നഗരങ്ങൾ അടക്കിവാഴുന്ന ക്വട്ടേഷൻ സംഘങ്ങളിലേക്കെത്തിയതും ക്രൈംസീനിൽ വന്ന മാറ്റമാണ്. വട്ടപ്പേരുകൊണ്ട് നാടുവിറപ്പിച്ചവർ പിൻവാങ്ങിയപ്പോൾ പുതിയ പേരുകളിൽ ഗുണ്ടാ സംഘങ്ങൾ നിലനിൽക്കുന്നു.
മുൻവൈരാഗ്യം തീർക്കാനും സ്വത്തുതർക്കം പരിഹരിക്കാനും ഗുണ്ടകളെ ഉപയോഗിച്ചിരുന്ന പോയകാലത്തുനിന്ന് ലഹരിവിൽപ്പനയ്ക്കും തല്ലാനും കൊല്ലാനുമെല്ലാം ഇപ്പോൾ ക്വട്ടേഷൻ സംഘങ്ങൾ റെഡിയാണ്. ഗുണ്ടകളെ അമർച്ചചെയ്യാൻ ഓരോകാലത്തും ഓരോ നടപടികൾ പോലീസ് നടത്തുന്നുണ്ടെങ്കിലും സ്ഥിതിക്ക് മാറ്റമൊന്നുമില്ല.
ലഹരിമൂത്ത് പോലീസ് ഉദ്യോഗസ്ഥരെ പോലും ഭയമില്ലാത്ത അവസ്ഥയിലേക്ക് ക്രിമിനലുകൾ മാറി. ഇതോടൊപ്പം തീവ്രവാദ പ്രവർത്തനങ്ങളും അതിന്റെ പേരിലുള്ള സുരക്ഷാപ്രശ്നങ്ങളും പുതിയകാലത്തിന്റെ വെല്ലുവിളികളായി തുടരുന്നു.
Content Highlights: Kochi has seen a significant transformation in crime patterns over the past 70 years, with a shift from traditional street crimes to more organized and violent offenses, including drug-related activities. The city has experienced a surge in drug trafficking, with synthetic drugs like MDMA becoming prevalent, leading to numerous law enforcement operations to combat the issue. Cybercrime has escalated dramatically, with a notable increase in online fraud cases, while organized crime groups, including quotation gangs, have become more prominent, posing new challenges for law enforcement.
Published: 31 Oct 2026, 07:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented