
കൂരിയാട്(മലപ്പുറം): കോഴിക്കോട്- തൃശൂര്‍ ദേശീയപാത നിര്‍മാണം നടന്നുകൊണ്ടിരിക്കെ തകര്‍ന്ന മലപ്പുറം വേങ്ങര കൂരിയാട്ടെ പാതയുടെ പുനര്‍നിര്‍മാണം എങ്ങനെ ആവണമെന്നതിന്റെ അന്തിമരൂപരേഖ ഇനിയുമായില്ല. പണിതുടങ്ങാനുള്ള അനുമതിയും ഇതുവരെ കരാറുകാര്‍ക്ക് ലഭിച്ചിച്ചിട്ടില്ല.
മേയ് 19-നാണ് കൂരിയാട് നിര്‍മാണം അവസാനഘട്ടത്തിലിരിക്കെ ഇരുന്നൂറ്റിയന്‍പതോളം മീറ്റര്‍നീളത്തില്‍ സര്‍വീസ് റോഡുള്‍പ്പെടെയുള്ള പാത തകര്‍ന്നത്. ഇവിടെ 400 മീറ്റര്‍ ദൂരത്തില്‍ വയഡക്ട് നിര്‍മിക്കണമെന്നാണ് അന്ന് പരിശോധന നടത്തിയ വിദഗ്ധസമിതിയുടെ ശുപാര്‍ശ. ഉറപ്പില്ലാത്ത മണ്ണുള്ള വയല്‍ ഭാഗത്ത് മുഴുവന്‍ ദൂരത്തിലും വയഡക്ട് നിര്‍മിക്കണമെന്നും ഇരുവശത്തുമുള്ള സര്‍വീസ് റോഡിന്റെ ഉയരം കൂട്ടണമെന്നും ജനപ്രതിനിധികളും നാട്ടുകാരും കര്‍ഷകരും ആവശ്യമുന്നയിച്ചു. എന്നാല്‍ കൂരിയാട് അടിപ്പാതയുടെ പാലം മുതല്‍ പാടത്തുള്ള ആദ്യത്തെ പാലം വരെ വയഡക്ട് നിര്‍മിക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. ഇതാവട്ടെ നാന്നൂറ് മീറ്ററില്‍ താഴെയാണുതാനും. ഇതിനു പോലും അന്തിമാനുമതി കിട്ടിയിട്ടില്ല. നാല്‍പ്പത് അടിയിലധികം ഉയരത്തില്‍ കെട്ടിപ്പൊക്കിയ മണ്ണു പൂര്‍ണമായി മാറ്റി. മണ്ണു പരിശോധയും പരിശോധനാ പൈലിങ്ങും കഴിഞ്ഞ് പണിക്കാരും യന്ത്രങ്ങളും കാത്തിരിക്കുകയാണ്. ഇതിനിടെ ഇരുഭാഗത്തേക്കുമുള്ള സര്‍വീസ് റോഡുകള്‍ തുറന്നുകൊടുത്തു എന്നതാണ് ആശ്വാസം.
തകര്‍ന്ന സ്ഥലം ചൊവ്വാഴ്ച റീജണല്‍ ഓഫീസര്‍ സന്ദര്‍ശിക്കും. രാവിലെ കോഴിക്കോട് ജില്ലയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് കൂരിയാട്ട് എത്തുക. അതിനുശേഷമായിരിക്കും അന്തിമ തീരുമാനമെന്ന് ലെയ്സണ്‍ ഓഫീസര്‍ പി.പി.എം. അഷ്റഫ് അറിയിച്ചു.
സര്‍വീസ് റോഡില്‍ ഗതാഗതക്കുരുക്ക്
കോഴിക്കോടു നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്കുള്ള സര്‍വീസ് റോഡ് തുറന്നു കൊടുത്തെങ്കിലും കൂരിയാട് ഏതു സമയവും ഗതാഗതക്കുരുക്കാണ്. ചിലപ്പോള്‍ ഒരുകിലോമീറ്ററോളം അകലെ കൊളപ്പുറം കവലവരെ നീളാറുണ്ട്. തിരക്കേറിയ പരപ്പനങ്ങാടി മലപ്പുറം സംസ്ഥാനപാത ഈ റോഡിന് കുറുകെ കടന്നുപോകുന്നതാണിതിനു കാരണം. ഈ ഭാഗത്തെത്തുമ്പോള്‍ ദേശീയപാതയിലൂടെ യാത്രചെയ്യുന്നവര്‍ പരപ്പനങ്ങാടി മലപ്പുറം സംസ്ഥാനപാത മുറിച്ചുകടക്കാന്‍ ഒരുപാട് സമയം കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്. ഇത് മുന്‍കൂട്ടി അറിയുന്ന പലരും കൂരിയാട് പനമ്പുഴ റോഡിനെയാണ് ആശ്രയിക്കുന്നത്.
Content Highlights: Repairs for the damaged Kooriyad road section on the NH are stalled
Published: 29 Jul 2025, 07:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented