മലപ്പുറം: ബാംഗ്ലൂര്‍ ആര്‍മി സര്‍വീസ് കോര്‍ (എഎസ്സി) ഫുട്ബോള്‍ ടീമിലെ ത്രിമൂര്‍ത്തികളിലൊരാളായിരുന്ന പൂവന്‍തൊടി അലവി എന്ന ബാപ്പുട്ടി ജീവിതത്തിന്റെ കളിക്കളത്തോട് വിടപറഞ്ഞു. എഎസ്സിക്കായി 1970 മുതല്‍ 16 വര്‍ഷം പന്തുതട്ടിയ താരമായിരുന്നു ബാപ്പുട്ടി. മലപ്പുറം അസീസ്, ടൈറ്റാനിയം ശങ്കരന്‍കുട്ടി, ബാപ്പുട്ടി എന്നിവരായിരുന്നു ത്രിമൂര്‍ത്തികള്‍. അസീസും ശങ്കരന്‍കുട്ടിയും നേരത്തേ മരണപ്പെട്ടിരുന്നു.
അസീസ്, ശങ്കരന്‍കുട്ടി, ബാപ്പുട്ടി എന്നിവരടങ്ങിയതായിരുന്നു എഎസ്‌സിയുടെ മുന്നേറ്റനിര. ഈ സഖ്യം എതിരാളികളുടെ വല കുലുക്കിയതിനു കണക്കുകളില്ല. ആക്രമണങ്ങള്‍ നെയ്തെടുക്കുന്നതില്‍ ബുദ്ധിമാനായിരുന്ന ബാപ്പുട്ടി ഫ്രീ കിക്ക് വിദഗ്ധന്‍ കൂടിയായിരുന്നു.
മലപ്പുറം കുന്നുമ്മല്‍ സ്വദേശിയായ ബാപ്പുട്ടി ഇന്ത്യയിലെ പ്രമുഖ ടൂര്‍ണമെന്റുകളായ ഡല്‍ഹി ഡ്യൂറാന്റ്, ബാംഗ്ലൂര്‍ സ്റ്റാഫേഡ്, പുട്ടയ്യ മെമ്മോറിയല്‍, കൊല്‍ക്കത്ത ഡിസിഎം, ബോംബേ റോവേഴ്സ്, മദ്രാസ് എംഎഫ്എ ഷീല്‍ഡ്, കോഴിക്കോട് സേട്ട് നാഗ്ജി, തൃശ്ശൂര്‍ ചാക്കോള, കോട്ടയം മാമ്മന്‍ മാപ്പിള, കൊല്ലം ഉണ്ണി മെമ്മോറിയല്‍, തിരുവനന്തപുരം ജി.വി. രാജ തുടങ്ങിയ നിരവധി ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുണ്ട്.
1986-ല്‍ എഎസ്‌സിയില്‍നിന്ന് വിരമിച്ച ബാപ്പുട്ടി പിന്നീട് പാലക്കാട്ട് കേരള ഫുഡ് കോര്‍പ്പറേഷനില്‍ ജീവനക്കാരനായി. അതോടെ എഫ്സിഐ ടീമിന്റെ ഭാഗമായി. പിന്നീട് കളിക്കാരനില്‍ നിന്ന് പരിശീലകന്റെ ജേഴ്സിയണിഞ്ഞു. മലപ്പുറം സ്‌പോര്‍ട്ടിങ് ക്ലബ്ബിനായാണ് ആദ്യ പരിശീലകവേഷമണിഞ്ഞത്. പലരും കാല്‍പ്പന്തിലെ പാഠമറിഞ്ഞത് ബാപ്പുട്ടിയുടെ കാലുകളില്‍ നിന്നായിരുന്നു. ഭാര്യ ഖദീജ. മക്കള്‍: ഷമീര്‍, ഷക്കീല്‍ ബാബു, നസീമ. മരുമക്കള്‍: റസാക്ക് മാട്ടുമ്മല്‍, ഷെരീഫ ഷാനി, ഫള്ല.
അനുശോചിച്ചു
മലപ്പുറം: പൂവന്‍തൊടി അലവിയുടെ നിര്യാണത്തില്‍ മലപ്പുറം ഓള്‍ഡ് ഫുട്‌ബോള്‍ പ്ലയേഴ്‌സ് അസോസിയേഷന്‍ അനുശോചിച്ചു.
പ്രസിഡന്റ് പുതുശ്ശേരി കുഞ്ഞിമുഹമ്മദ്, സെക്രട്ടി മുഹമ്മദാലി പൂളക്കണ്ണി, പി.കെ. ഉസ്മാന്‍, വി.ടി. സെയ്തലവി, പണ്ടാറക്കല്‍ മജീദ്, യു.എം. ബഷീര്‍, കെ. സുനില്‍, വി.ടി. റഷീദ് അഹമ്മദ്, കെ. അന്‍വര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അലവിയുടെ നിര്യാണത്തില്‍ മലപ്പുറം ഫുട്ബോള്‍ ലവേഴ്സ് ഫോറവും അനുശോചിച്ചു. ഷൗക്കത്ത് ഉപ്പൂടന്‍, ഷക്കീല്‍ പുതുശ്ശേരി, നജീബ് മഞ്ഞക്കണ്ടന്‍, പി. ശശി, ഫൈസല്‍ ചോല, പ്രമോദ് കണ്ണന്‍, അസ്‌കര്‍ പറച്ചിക്കോട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Content Highlights: Remembering Poovanthodi Alavi (Bapputty), a key player for Bangalore ASC Football and a free-kick specialist. His legacy in Indian football continues.
Published: 07 Oct 2025, 07:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented