കൊച്ചി: നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍.ഡി.പി.എസ്) നിയമപ്രകാരം മാജിക് മഷ്‌റൂമിനെ നിരോധിത ലഹരി വസ്തുവായി കരുതാനാകില്ലെന്ന നിരീക്ഷണവുമായി കേരള ഹൈക്കോടതി. മഷ്‌റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.  

To advertise here,

സയീദി മൊസ്‌ദേ ഇഹ്‌സാനും കര്‍ണാടക സര്‍ക്കാരും തമ്മിലുള്ള കേസിലെ കര്‍ണാടക ഹൈക്കോടതിയുടേയും എസ്. മോഹനും തമിഴ്‌നാട് സര്‍ക്കാരും തമ്മിലുള്ള കേസിലെ മദ്രാസ് ഹൈക്കോടതിയുടേയും വിധികള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

ലഹരി കേസില്‍ 90 ദിവസമായി ജയിലില്‍ കഴിയുന്ന കര്‍ണാടക സ്വദേശിയുടെ കേസ് പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇക്കാര്യം പറഞ്ഞത്. പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 226 ഗ്രാം മാജിക് മഷ്‌റൂമും 50 ഗ്രാം മാജിക് മഷ്‌റൂം ക്യാപ്‌സൂളുകളുമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തിരുന്നത്. 2024 ഒക്ടോബറിലാണ് കേസില്‍ പ്രതി അറസ്റ്റിലായത്.

കഞ്ചാവ്, ചരസ് എന്നിവയ്ക്ക് പുറമെ 226 ഗ്രാം മാജിക് മഷ്‌റൂം (Psilocybin Mushroom), 50 ഗ്രാം മാജിക് മഷ്‌റൂം ക്യാപ്‌സ്യൂളുകള്‍ എന്നിവയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. കഞ്ചാവും ചരസും ചെറിയ അളവ് മാത്രമാണ് കൈവശമുണ്ടായിരുന്നതെന്നും മാജിക് മഷ്‌റൂമും മാജിക് മഷ്‌റൂം ക്യാപ്‌സ്യൂളും എത്രയുണ്ടെന്ന് പ്രത്യേകം അളന്നില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. പിടിച്ചെടുത്ത മാജിക് മഷ്‌റൂമിലെ ലഹരിപദാര്‍ഥത്തിന്റെ അളവ് ചെറിയ അളവിന്റെ പരിധിയില്‍ പെടുമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. തുടര്‍ന്നാണ് എന്‍.ഡി.പി.എസ്. നിയമപ്രകാരം മാജിക് മഷ്‌റൂം നിരോധിത ലഹരിവസ്തുവല്ലെന്ന് കോടതി നിരീക്ഷിച്ചത്.