പയ്യന്നൂർ: കോൺഗ്രസ് നിയന്ത്രണത്തിലുള്ള മാടായി സഹകരണ കോളേജിൽ കോൺഗ്രസുകാരല്ലാത്തവർക്ക് നിയമനം നല്കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കം അടിപിടിയിലെത്തി. കെ.എസ്.യു. സംസ്ഥാന നിർവാഹകസമിതി അംഗം ആകാശ് ഭാസ്കരനടക്കമുള്ളവർക്ക്‌ അടിയേറ്റു. ബുധനാഴ്ച രാവിലെ പയ്യന്നൂരിൽ നാഷണൽ ഖാദി ലേബർ യൂണിയന്റെ (ഐ.എൻ.ടി.യു.സി.) നേതൃത്വത്തിൽ നടന്ന കെ.പി. കുഞ്ഞിക്കണ്ണൻ അനുസ്മരണ യോഗത്തിന് ശേഷമാണ് വാക്‌തർക്കവും കൈയാങ്കളിയും ഉണ്ടായത്. പയ്യന്നൂർ ഒ.പി.എം. ഇൻ ഓഡിറ്റോറിയത്തിലെത്തിയ മാടായി കോളേജ് ഡയറക്ടറും പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ കെ. ജയരാജിനെ കൈയേറ്റം ചെയ്യാനുള്ള ശ്രമത്തിലിടപെട്ടതോടെയാണ്‌ ആകാശിന്‌ നേരേ അടി തുടങ്ങിയത്‌.

To advertise here,

ജയരാജ്‌ വന്നപ്പോൾതന്നെ പ്രതിഷേധവുമായി ചില പ്രവർത്തകർ രംഗത്തെത്തി. മാടായി കോളേജ് ഡയറക്ടർ ബോർഡിലുള്ളവർക്കെതിരേ പ്രതിഷേധമുണ്ടെന്നും പ്രസംഗിക്കാൻ അനുവദിക്കില്ലെന്നും ചിലർ പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ അനുനയത്തിന്റെ ഭാഗമായി പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ്‌ ജയരാജ് പ്രവർത്തകരെ സമാധാനിപ്പിച്ചു. പരിപാടി മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. അനുസ്മരണ പരിപാടി കഴിഞ്ഞ് ജയരാജ് പോകാനൊരുങ്ങുമ്പോൾ കെ.പി. രാജേന്ദ്രകുമാർ, ടി.വി. ഉണ്ണികൃഷ്ണൻ, കച്ചേരി രമേശൻ, രാജേഷ് ഇട്ടമ്മൽ തുടങ്ങിയവർ ചേർന്ന് തടഞ്ഞ് മാടായി കോളേജ് വിഷയം വീണ്ടും ഉന്നയിച്ചു.

ഡി.സി.സി. തീരുമാനം മാടായി കോളേജ് നിയമന കാര്യത്തിൽ പാലിക്കപ്പെട്ടില്ലെന്ന കാരണത്താൽ പ്രവർത്തകരുടെ വികാരം പരിഗണിച്ച് കോളേജ് ഡയറക്ടർ ബോർഡിൽനിന്ന് രാജിവെച്ചതായി ജയരാജ് പ്രവർത്തകരോട് പറഞ്ഞു. പാർട്ടിയിൽനിന്ന്‌ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് രാജിവെച്ച രാജേന്ദ്രകുമാറിന് എന്താണ് വിഷയത്തിൽ കാര്യമെന്ന് ജയരാജ് ചോദിച്ചു. ഇതോടെയാണ്‌ കൈയാങ്കളിയിലേക്ക്‌ നീങ്ങിയത്‌. ഉന്തിലും തള്ളിലും ഇരുഭാഗത്തുമുള്ളവരിൽ ചിലർക്ക് അടിയേറ്റു. പ്രശ്നം കൂടുതൽ വഷളാകും മുൻപ് മറ്റ് പ്രവർത്തകർ ചേർന്ന് പ്രശ്നക്കാരെ അനുനയിപ്പിച്ചു. സംഭവത്തിൽ കെ. ജയരാജ് ഡി.സി.സി.ക്കും കെ.പി.സി.സി.ക്കും പരാതി നൽകി.

ബുധനാഴ്ച വൈകീട്ട് എം.കെ.രാഘവൻ എം.പി. അനുകൂലികൾ പ്രകടനം നടത്താനായി എത്തിയതോടെയാണ് പഴയങ്ങാടിയിൽ സംഘർഷമുണ്ടായത്. പ്രകടനം നടത്തിയാൽ തടയുമെന്ന് നിയമനത്തെ എതിർക്കുന്ന കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു. ഇതേച്ചൊല്ലി ഇരുവിഭാഗവും തമ്മിൽ വാക്‌തർക്കമുണ്ടായി. പീന്നീടത് കൈയാങ്കളിയിലുമെത്തി.

കെ.പി.സി.സി മൂന്നം​ഗ സമിതിയെ നിയമിച്ചു

കണ്ണൂർ: മാടായി കോളേജ് നിയമന വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പരസ്യ പ്രതിഷേധം തുടരുന്നതിനിടെ വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെ.പി.സി.സി. മൂന്നംഗ സമിതിയെ നിയോഗിച്ചു. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.പി.സി.സി. സെക്രട്ടറി കെ. ജയന്ത്, എറണാകുളത്തെ കോൺഗ്രസ് നേതാവ് അബ്ദുൾ മുത്തലീഫ് എന്നിവരടങ്ങിയതാണ് സമിതി. വിഷയത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി കെ.പി.സി.സി.ക്ക് റിപ്പോർട്ട് നൽകിയിരുന്നു.

പാർട്ടി പരിഹരിക്കുമെന്ന്‌ സതീശൻ

എം.കെ. രാഘവൻ എം.പി.യെ തടഞ്ഞതിന് നടപടിക്ക് വിധേയരായവർ ബുധനാഴ്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ കണ്ട് സംസാരിച്ചു. കോൺഗ്രസ് കുഞ്ഞിമംഗലം വൈസ് പ്രസിഡന്റ് കെ.വി. സതീഷ് കുമാർ, കാപ്പാടൻ ശശി, കെ.പി. ശശി, വരുൺ കൃഷ്ണൻ എന്നിവരാണ് ഗസ്റ്റ് ഹൗസിൽ സതീശനെ കാണാനെത്തിയത്. മാടായിയിലേത് പ്രാദേശികവിഷയമാണെന്നും പാർട്ടി ഇടപെട്ട് ഇത് രമ്യമായി പരിഹരിക്കുമെന്നും സതീശൻ പിന്നീട് അറിയിച്ചു. എം.കെ. രാഘവൻ എം.പി.യുമായും ഡി.സി.സി. അധ്യക്ഷനുമായും വിഷയം സംസാരിച്ചിട്ടുണ്ടെന്നും കെ.പി.സി.സി. പ്രസിഡന്റുമായി ആലോചിച്ച് വിഷയം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.