തിരുവനന്തപുരം: കണ്ണൂർ മാടായി കോളേജ് നിയമന വിവാദവുമായി ബന്ധപ്പെട്ട് എം.പിക്കെതിരെ പരസ്യമായി പ്രതിഷേധിച്ചത് ശരിയായില്ലെന്ന് കെ.മുരളീധരൻ. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ല. എന്നാൽ ഒരു ജനപ്രതിനിധിക്കെതിരായ പരസ്യപ്രതിഷേധം ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രായമായെന്ന് കരുതി ആരും മാതാപിതാക്കളെ മാറ്റില്ലല്ലോ എന്നാണ് കെ.പി.സി.സി പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞത്.
കോൺഗ്രസിൽ ഇപ്പോൾ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നു എന്നതിന്റെ തെളിവാണ് തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പുകളിൽ നേടിയ വിജയമെന്ന് മുരളീധരൻ പറഞ്ഞു. കഴിഞ്ഞതവണ 13 സീറ്റിൽ വിജയിച്ച യു.ഡി.എഫ് ഇത്തവണ 17 സീറ്റിൽ വിജയിക്കാൻ കാരണം ഭരണ വിരുദ്ധ വികാരവും ഒറ്റക്കെട്ടായി പാർട്ടി പ്രവർത്തിച്ചതിന്റെ മെച്ചവുമാണ്. ഈ രീതിയിൽ മുന്നോട്ടുപോയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭരണം പിടിക്കാനാവുമെന്ന കാര്യത്തിൽ സംശയമില്ല.
മിഷൻ 25 അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എനിക്ക് പാലക്കാടിന്റെ ചാർജാണ്. പാലക്കാട് മുനിസിപ്പാലിറ്റി ഉൾപ്പെടെ പിടിച്ചെടുക്കുക എന്നതാണ് യു.ഡി.എഫ് നയം. കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചർച്ചയൊന്നും നടക്കുന്നില്ല. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയൊരു ചർച്ച നടക്കുകയാണെങ്കിൽ ഞങ്ങളൊക്കെ അറിയുമല്ലോ. ചർച്ചയുടെ കഥകളൊക്കെ ആരാണുണ്ടാക്കിയതെന്നറിയില്ല. ഇത് അനാവശ്യമായ ചർച്ചയാണ്.
താഴെത്തട്ടിലുള്ള പുനഃസംഘടനയുടെ കാര്യം കെ.പി.സി.സി തീരുമാനിക്കും. അതിനുള്ള കമ്മിറ്റി ഇതുവരെ രൂപീകരിച്ചിട്ടില്ല. സംസ്ഥാനത്ത് മാറ്റം വേണമെങ്കിൽ അത് ദേശീയ നേതൃത്വമാണ് തീരുമാനിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റിനെ നിലനിർത്തണമെന്നുള്ള അഭിപ്രായമാണ് എല്ലാവർക്കും. പുനഃസംഘടിപ്പിക്കുമ്പോൾ യുവാക്കൾക്കും വരാമല്ലോ. യുവാക്കളെ ആരും മാറ്റിയിട്ടില്ല. പാർട്ടി മുന്നോട്ടുപോകണമെങ്കിൽ യുവാക്കൾ വേണമല്ലോ. അതിനൊപ്പം പ്രായമായവരുടെ മാർനിർദേശങ്ങളും സഹകരണവും വേണം. പ്രായമായെന്ന് കരുതി ആരും മാതാപിതാക്കളെ മാറ്റില്ലല്ലോ. എല്ലാവർക്കും പ്രായമാകുമല്ലോ.
ആരുടേയും വഴി കൊട്ടിയടയ്ക്കരുത്. ഇന്നത്തെ പല നേതാക്കളും യുവാക്കളായിട്ട് വന്നവരാണ്. പ്രായം കണക്കാക്കുന്നത് വയസ് നോക്കിയിട്ടല്ല. മനസ് പറയുന്നിടത്ത് ശരീരം ചെന്നാൽ ചെറുപ്പമാണ്. അങ്ങനെ സംഭവിക്കാതിരുന്നാൽ പ്രായമായെന്ന് കണക്കാക്കാമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Content Highlights: K Muraleedharan about KPCC Revamp and Madayi College Issue
Published: 12 Dec 2024, 02:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented