തൃശ്ശൂർ/തിരുവനന്തപുരം: ‘ഭക്ഷണം കഴിച്ച് സഖാവ് എഴുന്നേറ്റപ്പോൾ ഞാനും ഭാര്യയും വേണ്ടെന്നുപറഞ്ഞു തടഞ്ഞു. പക്ഷേ, പാത്രം സ്വന്തമായി കഴുകുകയെന്നത് തന്റെ ശീലമെന്നുപറഞ്ഞ് അദ്ദേഹം അടുക്കളഭാഗത്തേക്ക് നടന്നു. അതുകേട്ടപ്പോൾ പിന്നെ ഞങ്ങളും എതിർത്തില്ല. ബഹുമാനംതോന്നുകയും ചെയ്തു’ -സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ ‘പാത്രം കഴുകൽ’ ചർച്ചയും ട്രോളുമായി സാമൂഹികമാധ്യമങ്ങളിൽ നിറയുമ്പോൾ ആതിഥേയരായിരുന്ന നൗഷാദ് കറുകപ്പാടവും ഭാര്യ റഹ്‌മത്തും ആ അനുഭവം വിവരിച്ചു.

To advertise here,

 

സിപിഎം ഭവനസന്ദർശനത്തിന്റെ ഭാഗമായി തിങ്കളാഴ്ച കൊടുങ്ങല്ലൂരിലെത്തിയ എം.എ. ബേബിക്ക് ജില്ലാപഞ്ചായത്തംഗംകൂടിയായ നൗഷാദിന്റെ അഴീക്കോട്ടെ വീട്ടിലായിരുന്നു ഭക്ഷണം. ബേബി പാത്രംകഴുകിയതോടെ പിന്നാലെ എഴുന്നേറ്റ മറ്റുള്ളവരും അതുതന്നെ ചെയ്തു. എല്ലാ വീടുകളിലും ഈ മാറ്റം ഉണ്ടായിരുന്നേൽ സന്തോഷമായേനെയെന്ന് നൗഷാദിന്റെ ഭാര്യ റഹ്‌മത്ത് പറഞ്ഞു.

ആര് കഴുകിയാലും പാത്രം ‘പിണങ്ങില്ല’

ചില പ്രതിപക്ഷ സോഷ്യൽമീഡിയ ഗ്രൂപ്പുകൾ ബേബിയുടെ പാത്രംകഴുകൽ ഏറ്റെടുത്തു. തിരഞ്ഞെടുപ്പ് തന്ത്രമെന്ന് ആക്ഷേപമുണ്ടായി. ഇതോടെ ഇടതുപക്ഷനേതാക്കൾ ബേബിക്ക് പിന്തുണയുമായെത്തി. സ്വയം പാത്രംകഴുകുന്നത് സംസ്കാരമാണെന്നും പരിഹസിക്കുന്നവർ ഒന്നാം ക്ലാസിലെ പാഠപുസ്തകമെങ്കിലും മറിച്ചുനോക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ‘പാത്രംകഴുകാൻ മാത്രമല്ല നന്നായി പാചകംചെയ്യാനും ബേബിക്ക് അറിയാം. പാത്രം കഴുകൽ, തുണി അലക്കൽ, പാചകം, വീട് വൃത്തിയാക്കൽ തുടങ്ങിയ കാര്യങ്ങളൊക്കെ മോശപ്പെട്ടതാെണന്നാണ് ചിലർ കരുതുന്നത്. സ്വന്തംകാര്യങ്ങൾ സ്വയംചെയ്യുന്നത് ഒരിക്കലും കുറച്ചിലല്ല, അതൊരു വലിയ ഗുണമാണ്. ആൺകുട്ടികൾ പാചകവും പാത്രംകഴുകലും അടക്കമുള്ള കാര്യങ്ങൾ ശീലിക്കുന്നതും നല്ല സംസ്കാരത്തിന്റെ ഭാഗമാണ്. ആര് കഴുകിയാലും പ്ലേറ്റ് പിണങ്ങില്ല’ -അദ്ദേഹം പറഞ്ഞു.

സ്വന്തംവീട്ടിലും അടുപ്പമുള്ള മറ്റുസ്ഥലങ്ങളിലും ബേബി സ്വന്തംപാത്രം കഴുകിവെക്കാറുണ്ടെന്നും തങ്ങൾക്കതിൽ അഭിമാനമേയുള്ളൂവെന്നും ഭാര്യ ബെറ്റി ബേബി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.