തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പരിഹാസ പ്രതികരണവുമായി എം. സ്വരാജ്. ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയപ്പെട്ടതിനെ തുടർന്ന് ശ്രദ്ധയിൽപ്പെട്ട പ്രതികരണങ്ങളിൽ ചിലത് ഏറെ ആഹ്ലാദിപ്പിക്കുന്നവയാണെന്നും എൽഡിഎഫിന്റെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് സംഘപരിവാറാണെന്നും സ്വരാജ് പറയുന്നു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ആർ.എസ്.എസിനെതിരേയും ജമാഅത്തെ ഇസ്ലാമിയ്ക്കെതിരേയും സ്വരാജ് പരാമർശങ്ങൾ നടത്തിയത്. 

To advertise here,

സ്വരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് 
പരാജയത്തിനിടയിലും ചില ആഹ്ളാദങ്ങള്‍ 
തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയത്തിനുശേഷം ശ്രദ്ധയിൽപ്പെട്ട പ്രതികരണങ്ങളിൽ ചിലത് ഏറെ ആഹ്ളാദിപ്പിക്കുന്നതാണ്. എൽഡിഎഫിന്റെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് സംഘപരിവാരമാണ്. വർഗീയവിഷ വിതരണക്കാരി മുതൽ ആര്‍എസ്എസിന്റെ കൂലിപ്പണി നിരീക്ഷകർ വരെ സകല വർഗീയവാദികളും ഇക്കൂട്ടത്തിലുണ്ട്.  ആര്‍എസ്എസിന്റെ സ്വന്തം സ്ഥാനാർഥി താമര അടയാളത്തിൽ മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകർക്കുകയാണ് ഇക്കാര്യത്തിൽ സംഘപരിവാരത്തിനൊപ്പം ജമാഅത്തെ ഇസ്ലാമിയുമുണ്ട്. സംഘപരിവാര നിലവാരത്തിൽ ആക്ഷേപവും പരിഹാസവും നുണയും ചേർത്ത് എല്‍ഡിഎഫ് പരാജയം അവരും ആഘോഷിക്കുന്നു. എല്‍ഡിഎഫിന്റെ പരാജയം / യുഡിഎഫിന്റെ  വിജയം തങ്ങൾക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുന്നു. ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുപ്പിൽ  പരാജയപ്പെടുമ്പോഴും ആഹ്ളാദിക്കാൻ ഇതിൽപരം എന്തു വേണം. ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു നിന്ന് ആക്രമിക്കുന്നുവെങ്കിൽ, സകല നിറത്തിലുമുള്ള വർഗ്ഗീയ ഭീകരവാദികൾ ഒരുമിച്ച് ആക്രമിക്കുന്നുവെങ്കിൽ അതിനേക്കാൾ വലിയ ആഹ്ളാദവും അഭിമാനവും വേറെയില്ല.