തിരുവനന്തപുരം: കോഴിക്കോട് കൊയിലാണ്ടിയില്‍ നിര്‍മ്മാണത്തിരുന്ന പാലത്തിന്റെ ഒരു ഭാഗം വ്യാഴാഴ്ച തകര്‍ന്നുവീണ സംഭവത്തെ തുടര്‍ന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിമര്‍ശനവുമായി എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുല്‍ മാങ്കുട്ടത്തില്‍. മുഹമ്മദ് റിയാസ് പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിനുശേഷം കരാര്‍ കൊടുത്ത് നിര്‍മ്മിച്ചുതുടങ്ങിയതില്‍ നാല് പാലങ്ങള്‍ തകര്‍ന്നുവീണതായും രണ്ട് ജീവനുകള്‍ നഷ്ടപ്പെട്ടതായും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. ഓരോ അപകടം നടക്കുമ്പോഴും മന്ത്രി റിപ്പോര്‍ട്ട് തേടി എന്ന് വാര്‍ത്ത കാണാറുണ്ടൈന്നും പിന്നീട് റിപ്പോര്‍ട്ട് കിട്ടിയോ എന്നും അതിലെന്തെങ്കിലും നടപടിയുണ്ടായോ എന്നുമുള്ള വാര്‍ത്തകള്‍ കാണാറില്ലെന്നും പറഞ്ഞ രാഹുല്‍  സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ എത്ര കാലം ഇങ്ങനെ റിപ്പോര്‍ട്ട് പ്രഹസനം കാണിക്കും എന്ന് മാത്രമാണ് അറിയാനുള്ളതെന്നും കൂട്ടിച്ചേര്‍ത്തു. 

To advertise here,

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

മുഹമ്മദ് റിയാസ് പൊതുമരാമത്ത് വകുപ്പ് ചുമതല ഏറ്റെടുത്തതിന് ശേഷം കരാര്‍ കൊടുത്ത് നിര്‍മ്മിച്ച് തുടങ്ങിയതില്‍, പണി പൂര്‍ത്തിയാകുന്നതിന് മുന്‍പേ തകര്‍ന്ന് വീണ പാലങ്ങളുടെ എണ്ണം നാല്, നഷ്ടപ്പെട്ട ജീവനുകള്‍ രണ്ട്, ഗുരുതരമായി പരിക്കേറ്റവര്‍ അഞ്ച്. 
ഓരോ അപകടം നടക്കുമ്പോഴും മന്ത്രി റിപ്പോര്‍ട്ട് തേടി എന്ന് വാര്‍ത്ത കാണാറുണ്ട് പിന്നീട് റിപ്പോര്‍ട്ട് കിട്ടിയോ, അതിലെന്ത് നടപടിയുണ്ടായോ എന്ന് ഒരു വാര്‍ത്തകളും കാണാറില്ല. സ്വന്തം കഴിവുകേട് മറച്ചു വെക്കാന്‍ എത്ര കാലം ഇങ്ങനെ റിപ്പോര്‍ട്ട് പ്രഹസനം കാണിക്കും എന്ന് മാത്രമാണ് അറിയാനുള്ളത്.
അഴിമതിയുടെ കൂത്തരങ്ങായി മാറിയ പൊതുമരാമത്ത് വകുപ്പ് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു, സ്ഥിരമായി ഉണ്ടാകുന്ന ഇത്തരം ദുരന്തങ്ങള്‍ക്ക് ക്യാപ്‌സ്യൂളുകള്‍ കൊണ്ട് മറുപടി പറയുന്നതിന് പകരം മന്ത്രിസ്ഥാനം രാജിവെച്ച് കഴിവുള്ളവര്‍ക്ക് സ്ഥാനം കൈമാറുകയാണ് വേണ്ടത്.