തിരുവനന്തപുരം: എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്‌സ് സമരസമിതി നേതാവായ വളർമതിയെ വളരെ മൃഗീയമായാണ് പോലീസ് കൊണ്ടുപോയതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഗാന്ധിമാർഗത്തിൽ നിരാഹാരസമരം നടത്തിയ അവരെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് നേരിട്ടത്. നിരാഹാരംപോലും ചെയ്യാൻ സർക്കാർ അനുവദിക്കുന്നില്ല. ഇതിനെല്ലാം ഉത്തരവാദി മുഖ്യമന്ത്രി വി.ഡി. സതീശനാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

To advertise here,

സർക്കാർ കാട്ടാളത്തപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പാർട്ടിയോ സംസ്ഥാനമോ മാത്രമല്ല, എല്ലാവരുടേയും പിന്തുണ അവർക്ക് ലഭിക്കും. വർത്തമാനകാലത്ത് എന്തുചെയ്യാൻ പറ്റുമെന്നുള്ളതാണ് നോക്കേണ്ടത്. ഒരാഴ്ചകൊണ്ട് പ്രശ്‌നം പരിഹരിക്കുമെന്നാണ് അന്ന് സതീശൻ പറഞ്ഞത്. എന്നിട്ട് ഇപ്പോൾ എന്തായെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.

എൽ.പി.എസ്.ടി. റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിട്ടും സ്‌കൂളുകളിൽ നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് തിരുവനന്തപുരം സെക്രട്ടറേറിയറ്റിന് മുന്നിൽ വളർമതിയുടെ നേതൃത്വത്തിലുള്ള റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ സമരം നടത്തുന്നത്. റാങ്ക് പട്ടികയിൽ വേഗത്തിൽ നിയമനം നടത്തണമെന്നതടക്കമാണ് ആവശ്യങ്ങൾ. നിരാഹാര സമരം 16 ദിവസം പിന്നിട്ടതോടെ കഴിഞ്ഞദിവസം പോലീസെത്തി സമരപ്പന്തൽ പൊളിക്കുകയും വളർമതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.