
കൊല്ലം: ആരാണയാൾ...? പൂജാ ബമ്പർ നേട്ടം കൊല്ലത്തിനാണെന്ന വിവരം ലഭിച്ചതുമുതൽ, ഭാഗ്യവാനെ തിരഞ്ഞ മലയാളികൾ ചോദിച്ച ചോദ്യമാണിത്. ഒരുദിവസത്തെ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനുംശേഷം, വ്യാഴാഴ്ച ഉച്ചയ്ക്ക് കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു സമീപമുള്ള ജയകുമാർ ലോട്ടറി ഏജൻസിയിലേക്ക് എത്തിയ കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി ദിനേശ്കുമാർ ലോകത്തോട് പറഞ്ഞു-‘ഞാനാണയാൾ...’.
ഭാഗ്യവാൻ എത്തുമെന്ന അഭ്യൂഹം പരന്നതോടെ വ്യാഴാഴ്ച ഏജൻസിയുടെ മുന്നിൽ അലങ്കാരങ്ങളും ചെണ്ടവാദ്യവും ഉയർന്നിരുന്നു. വിവരമറിഞ്ഞ് ജനം തടിച്ചുകൂടി. രണ്ടുമണിയോടെ ദിനേശ്കുമാറും ഭാര്യ രശ്മിയും മക്കളായ ധീരജയും ധീരജും എത്തി. ആരവങ്ങൾക്കിടെ, ലോട്ടറി ഏജൻസി ഉടമകളായ ജയകുമാറും വിജയകുമാറും ചേർന്ന് ദിനേശിനെ തലപ്പാവണിയിച്ചും മാലചാർത്തിയും സ്വീകരിച്ചു. ഭാര്യക്കും മക്കൾക്കും പൂച്ചെണ്ടുകൾ നൽകി. സന്തോഷം പങ്കിടാനെത്തിയവർക്കെല്ലാം മധുരം വിതരണം ചെയ്തു.
ഒക്ടോബർ 22-ന് 11.25-നാണ് ദിനേശ് ലോട്ടറി വാങ്ങിയത്. ജയകുമാർ ഏജൻസിയുടെ കരുനാഗപ്പള്ളി ശാഖയിൽനിന്ന് മുൻവർഷങ്ങളിലെടുത്ത ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചിട്ടുള്ളതിനാൽ ടിക്കറ്റെടുക്കാനായി മാത്രം കൊല്ലത്തെത്തുകയായിരുന്നു. ജെ.സി. സീരീസിലെ 10 ടിക്കറ്റുകൾ ഒരുമിച്ചുവാങ്ങി. ആദ്യത്തെ ഓണം ബമ്പർ 12 കോടി കരുനാഗപ്പള്ളിയിലെ ജൂവലറി ജീവനക്കാർക്ക് ലഭിച്ചപ്പോൾ ഒരൊറ്റ അക്കത്തിനാണ് ദിനേശിന് ഒന്നാംസമ്മാനം നഷ്ടമായത്. തുടർന്നാണ് എല്ലാ ബമ്പർ ടിക്കറ്റുകളും എടുക്കാൻ തീരുമാനിച്ചത്.
ബുധനാഴ്ച ഉച്ചയോടെ ഫലം അറിഞ്ഞെങ്കിലും ആരെയുമറിയിക്കാതെ ദിനേശ് ഒരു രാത്രി കഴിച്ചുകൂട്ടി. വൈകീട്ടോടെ ഏജന്റ് വിജയകുമാറിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹം വ്യാഴാഴ്ച കഴിഞ്ഞശേഷം എല്ലാവരെയും അറിയിക്കാനായിരുന്നു തീരുമാനം. രാത്രിയിൽ ഉറക്കമില്ലാതെ നടക്കുന്നതു കണ്ട് ഭാര്യ കാര്യം തിരക്കിയപ്പോൾ സാമ്പത്തികപ്രശ്നങ്ങൾ കാരണം ഉറക്കംവരുന്നില്ലെന്നായിരുന്നു മറുപടി. പുലർച്ചെ അഞ്ചുമണിക്കുമുൻപ് തനിച്ച് തഴവ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും മാലുമേൽ ക്ഷേത്രത്തിലും പോയിവന്നു.
അച്ഛൻ സോമൻ പിള്ളയോടും അമ്മ രുക്മിണിയമ്മയോടും ഭാര്യയോടും കാര്യം പറഞ്ഞെങ്കിലും ആരും വിശ്വസിക്കാൻ തയ്യാറായില്ല. സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് സ്കാൻചെയ്തു കാണിച്ചപ്പോഴാണ് എല്ലാവരും വിശ്വസിച്ചത്.
ഏജൻസി കമ്മിഷനും ദിനേശിനുതന്നെ
10 ടിക്കറ്റുകൾ ഒരുമിച്ച് എടുത്തതിനാൽ ഏജന്റായി പരിഗണിച്ചാണ് ദിനേശ്കുമാറിന് ടിക്കറ്റ് വിറ്റതെന്ന് ജയകുമാർ ലോട്ടറി ഏജൻസി ഉടമ വിജയകുമാർ പറഞ്ഞു. അതുകൊണ്ടുതന്നെ സമ്മാനത്തുകയുെട 10 ശതമാനം ഏജൻസി കമ്മിഷൻ ദിനേശ്കുമാറിനുതന്നെ ലഭിക്കും.
ഒന്നാംസമ്മാനമായ 12 കോടി രൂപയിൽ ഏജൻസി കമ്മിഷൻ കഴിഞ്ഞുള്ള 10.8 കോടി രൂപയിൽനിന്നാണ് 30 ശതമാനം ആദായനികുതി ഒടുക്കേണ്ടത്. അതിൽനിന്ന് 37 ശതമാനം സർചാർജും നാലുശതമാനം സെസും നൽകണം. ബാക്കി 6.18 കോടി രൂപയാണ് സമ്മാനാർഹർക്ക് ലഭിക്കുക. എന്നാൽ ദിനേശിന് ഏജൻസി കമ്മിഷനായ 1.17 കോടി രൂപയുംകൂടി ചേർത്ത് 7.35 കോടി രൂപയോളം ലഭിക്കും.
കരുനാഗപ്പള്ളിക്ക് ബമ്പർ തിളക്കം മൂന്നാംതവണ
കരുനാഗപ്പള്ളി: പൂജാ ബമ്പർ കരുനാഗപ്പള്ളി സ്വദേശിക്ക് അടിച്ചപ്പോൾ ചരിത്രത്തിൽ കരുനാഗപ്പള്ളി ഒരു കൗതുകംകൂടി രേഖപ്പെടുത്തുകയാണ്. ബമ്പർ സമ്മാനത്തുക 12 കോടിയായി ഉയർത്തിയശേഷം ഇത് മൂന്നാംതവണയാണ് കരുനാഗപ്പള്ളി ശ്രദ്ധാകേന്ദ്രമാകുന്നത്.
2019-ലെ ഓണം ബമ്പറിലാണ് സമ്മാനത്തുക 12 കോടിയായി ഉയർത്തിയത്. ആ വർഷം ഒന്നാംസമ്മാനം അടിച്ചത് കരുനാഗപ്പള്ളിയിലെ ജൂവലറിയിലെ ജീവനക്കാരായ ആറു സുഹൃത്തുക്കൾ ഒരുമിച്ചെടുത്ത ടിക്കറ്റിനായിരുന്നു. ലാലാജി ജങ്ഷനു സമീപം ദേശീയപാതയോരത്തെ ലോട്ടറി വിൽപ്പനക്കാരനിൽനിന്നായിരുന്നു ടിക്കറ്റ് വാങ്ങിയത്.
2021-ൽ ഓണം ബമ്പറും കരുനാഗപ്പള്ളിക്കായിരുന്നു. ഇടക്കുളങ്ങരയിലെ ഭാഗ്യക്കുറി സബ് ഓഫീസിൽനിന്ന് വിൽപ്പനയ്ക്കായി കൊണ്ടുപോയ ടിക്കറ്റിനായിരുന്നു അന്ന് ഒന്നാംസമ്മാനം ലഭിച്ചത്.
കൺമുന്നിലുണ്ടായിട്ടും ഷാനവാസിന് ഭാഗ്യം നഷ്ടമായി
കൊല്ലം: കൺമുന്നിലെത്തിയ 12 കോടി ഭാഗ്യം ഒരുമിനിറ്റുകൊണ്ടു നഷ്ടമായതാണ് ഷാനവാസിന്. ജയകുമാർ ലോട്ടറി ഏജൻസിയുടെ അടുത്തായി ക്വയിലോൺ ലോട്ടറി സെന്ററിൽ ചില്ലറക്കച്ചവടം നടത്തുകയാണ് ഷാനവാസ്.
സമ്മാനാർഹമായ ജെ.സി. 325526 ടിക്കറ്റ് ഏജൻസിയിൽനിന്ന് ആദ്യമെടുത്ത് നോക്കിയത് ഷാനവാസാണ്. ദിനേശ്കുമാർ ലോട്ടറി വാങ്ങിയ അതേ ദിവസം 11.24-നാണ് ഷാനവാസ് ലോട്ടറി വാങ്ങിയത്. 11.25-ന് ദിനേശും വാങ്ങി മടങ്ങി. ഇരുവരും അടുത്തടുത്ത് നിന്നാണ് ലോട്ടറി നോക്കിയത്. ഷാനവാസ് ജെ.ഡി.സീരീസും ദിനേശ് ജെ.സി.സീരീസും വാങ്ങി മടങ്ങി. ജെ.ഡി.സീരീസിലെ 10 ടിക്കറ്റുകളാണ് ഷാനവാസ് എടുത്തത്. പത്ത് ടിക്കറ്റുകളും ഷാനവാസിന്റെ കടയിൽനിന്ന് വിറ്റുപോയി. അതിലൊരു ടിക്കറ്റിനാണ് സമാശ്വാസ സമ്മാനമായ ഒരുലക്ഷം രൂപ അടിച്ചത്.
Content Highlights: Dinesh Kumar from Karunagappally wins the 12 crore Puja Bumper lottery
Published: 06 Dec 2024, 01:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented