തിരുവനന്തപുരം: എസ്.എം.എ. മരുന്ന് വിവാദത്തിൽ മുൻ ആരോഗ്യമന്ത്രിമാർക്കെതിരേ രൂക്ഷവിമർശനവുമായി മന്ത്രി കെ. മുരളീധരൻ. സ്വന്തം പാർട്ടിക്കാർക്ക് വേണ്ടാത്ത മൂന്നുപേർ തന്നെ ശരിയാക്കാൻവേണ്ടി ഒന്നിച്ചിരുന്നുവെന്നും എക്സ്പയറി എന്ന് പറഞ്ഞ് സ്വന്തം പാർട്ടിക്കാർ പോലും മൂന്നുപേരെയും തള്ളിയതാണെന്നും കെ. മുരളീധരൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ നാറ്റ്കോ കമ്പനി സിപിഎമ്മിന് പണം നൽകിയെന്നും കെ. മുരളീധരൻ ആരോപിച്ചു.

To advertise here,

'കുട്ടികളുടെ മാതാപിതാക്കളിൽനിന്ന് മരുന്ന് തിരികെ വാങ്ങിയത് സംശയം ഒഴിവാക്കാനാണ്. സുപ്രീം കോടതി നൽകാൻ പറഞ്ഞ മരുന്നിൽ എന്തിനാണ് ആശങ്ക? മാതാപിതാക്കളിൽ ആശങ്ക ഉയർത്തിയതിനു പിന്നിൽ വിദേശ മരുന്ന് കമ്പനികളായിരിക്കാം. ഒരു അന്വേഷണത്തേയും ഭയപ്പെടുന്നില്ല. കഴിഞ്ഞ പത്തുവർഷക്കാലത്തെ കൊള്ള പുറത്തുകൊണ്ടു വരും. വിജിലൻസ് അന്വേഷണം ഉണ്ടാകും', കെ. മുരളീധരൻ പറഞ്ഞു.

മുരളീധരന്റെ വാക്കുകൾ:

'മരുന്ന് തിരിച്ചെടുത്തത് സംശയങ്ങൾ ഉണ്ടാകരുത് എന്ന് വിചാരിച്ചിട്ടാണ്. തിരിച്ചെടുത്തില്ലെങ്കിൽ ഒരു കുഴപ്പവുമില്ല. മരുന്നിന്റെ വിശ്വാസ്യതയിൽ ആർക്കും ഒരു സംശയവുമില്ല. എന്നാൽ, ചില ചാനലുകളിൽ വാർത്ത വന്നപ്പോഴാണ് മരുന്ന് തിരിച്ചെടുത്തത്. ആശങ്ക അകറ്റാനാണ് രോഗികളോട് നേരിട്ട് സംസാരിച്ചത്. ഡോക്ടർമാർക്ക് രോഗികളോട് മാത്രമേ സംസാരിക്കാൻ പറ്റൂ. രാഷ്ട്രീയക്കാർക്കേ മാധ്യമങ്ങളോട് സംസാരിക്കാൻ പറ്റൂ. ഇതിനൊക്കെ ചില പ്രോട്ടോക്കോളുണ്ട്. മരുന്ന് രോഗികൾക്ക് കൊടുക്കും എന്നതിൽ സംശയമില്ല. രോഗികൾക്ക് കൊടുക്കാൻ പറ്റുന്ന മരുന്നാണെന്ന് വകുപ്പ് കൃത്യമായി പറഞ്ഞിട്ടുണ്ട്. മരുന്ന് അനുയോജ്യമാണെന്ന് ഇതുമായി ബന്ധപ്പെട്ട എല്ലാ വിദഗ്ധരും പറഞ്ഞിട്ടുണ്ട്.

മന്ത്രി എം.ബി.ബി.എസുകാരനല്ല. എന്നാൽ, വിദഗ്ധ ഡോക്ടർമാരുണ്ട്. അവരെ എങ്ങനെയാണ് ചോദ്യംചെയ്യുന്നത്? മരുന്ന് വാങ്ങുമ്പോൾ കുട്ടികളുടെ രക്ഷിതാക്കളോട് ഇതിന്റെ ഗുണങ്ങൾ വിശദീകരിച്ച ശേഷമാണ് മരുന്ന് നൽകുന്നത്. ചില ചാനലുകളിൽ വന്ന വാർത്തയാണ് ആശങ്കയുണ്ടാക്കിയത്. രക്ഷിതാക്കളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. രക്ഷിതാക്കളിൽ ആശങ്ക പടർത്താൻ വേറെ ഏതെങ്കിലും തരത്തിലുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടാകും. 'സംബഡി ബിഹൈൻഡ് ദി കർട്ടൻ'. ചിലപ്പോൾ വിദേശ കമ്പനികൾ ഇതിന്റെ പിറകിൽ ഉണ്ടാകും.

മരുന്ന് വാങ്ങിയതിൽ മന്ത്രിക്ക് പങ്കില്ല. മന്ത്രിയാണോ മരുന്ന് തീരുമാനിക്കുന്നത്? വിദഗ്ധ കമ്മിറ്റി തീരുമാനിക്കാതെ ഒരു മരുന്ന് പോലും വിപണിയിൽ ഇറക്കാൻ പറ്റില്ല.

ടോറസ് എന്ന കണ്ണൂർ കമ്പനിയുണ്ട്. മരുന്ന് വാങ്ങിയ ടോറസ് എന്ന കമ്പനിയുടെ എം.ഡി. ആരാണ്? ടോറസ് എന്ന കമ്പനി മരുന്ന് കൊടുത്തിട്ടുണ്ട്. ഒരുപാട് മരുന്നുകൾ ടോറസ് വിതരണം ചെയ്തിട്ടുണ്ട്. എന്തു യോഗ്യതയിലാണ് ടോറസ് എന്ന കമ്പനിയിൽനിന്ന് മരുന്ന് വാങ്ങിയത്? ഇതൊക്കെ അന്വേഷിക്കുന്നുണ്ട്. വിജിലൻസ് വരും. ഒന്നും വെറുതെ വിടില്ല. 2023-24ൽ നാറ്റ്കോ കമ്പനി ഒരു കോടി രൂപയും 2024-25ൽ 5 ലക്ഷം രൂപയും സിപിഎമ്മിന് കൊടുത്തിട്ടുണ്ട് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ വിവരങ്ങളുണ്ട്. അന്ന് ആരായിരുന്നു ആരോഗ്യമന്ത്രി? മുരളീധരൻ ആയിരുന്നോ? മുഖ്യമന്ത്രി വി.ഡി. സതീശൻ ആയിരുന്നോ?

പഴയതിനെക്കുറിച്ച് ഞാൻ പറയുന്നില്ല, മൂന്ന് മുൻ ആരോഗ്യമന്ത്രിമാർ വനിതകളായതുകൊണ്ട്, വനിതകളോടുള്ള ബഹുമാനമുള്ളതുകൊണ്ട് പറയുകയാണ്; സ്വന്തം പാർട്ടിക്കാർക്ക് വേണ്ടാത്തവർ ഇന്നലെ ഒരുമിച്ചിരുന്നു. കെ. മുരളീധരനെ ശരിയാക്കാനെങ്കിലും മൂന്നുപേരെ ഒരുമിച്ചിരുത്തി. മൂന്നുപേരേയും എക്സ്പയറി എന്ന് പറഞ്ഞ് സ്വന്തം പാർട്ടിക്കാർ തള്ളിയവരാണ്'- മുരളീധരൻ പറഞ്ഞു.