
തൃശ്ശൂർ: ''ഉള്ള വീടുപൊളിച്ചാലേ 'ലൈഫി'ൽ പാസായ വീട് കിട്ടൂവെന്നാണ് പറഞ്ഞത്. ഇപ്പോൾ ഉണ്ടായിരുന്ന വീടും പോയി. ഞാനും ഭർത്താവും മകളുടെ രണ്ട് മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നത് ഈ തൊഴുത്തിലാണ്. പുറംവശമാകട്ടെ ആനകളുടെ വിഹാരകേന്ദ്രവും. അയൽവാസിയായ ബന്ധുവിന്റെ വീട്ടിലാണ് അന്തിയുറക്കം. പകൽപോലും കഴിയുന്നത് പേടിച്ചാണ്. ഈ കുരുന്നുകളെയുംകൊണ്ട് എന്തുചെയ്യാനാണ്.'' - പാണഞ്ചേരി പഞ്ചായത്തിലെ മണിയൻകിണർ ഉന്നതി നിവാസി ഓമന കൃഷ്ണന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
സൺഷെയ്ഡ് വാർപ്പ് കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും ഇപ്പോഴും പണി പാതി നിലച്ച അവസ്ഥയിലാണ്. ഉണ്ടായിരുന്ന വീട് പൊളിച്ച് തൊഴുത്തിലേക്ക് താമസം മാറുമ്പോൾ എത്രയും പെട്ടെന്ന് ചോർച്ചയില്ലാത്ത വീട്ടിൽ കഴിയാമെന്ന പ്രതീക്ഷയായിരുന്നു കുടുംബത്തിന്. എന്നാലിപ്പോൾ കരാറുകാരൻ ഫോൺ വിളിച്ചാൽപോലും എടുക്കാതെയായി. 63 വയസ്സുകഴിഞ്ഞ ഓമനയുടെ ഭർത്താവ് കൃഷ്ണന്റെ പെൻഷൻതുകയിലാണു കുടുംബത്തിന്റെ ചെലവുകൾ കഴിഞ്ഞുപോകുന്നത്. അറുപതുകാരി ഓമനയുടെ വൃക്കകൾ പ്രവർത്തിക്കാത്തതിനാൽ ചികിത്സയിലാണ്. ആശ വർക്കറായിരുന്ന മകളുടെ വരുമാനവും ആശ്വാസമായിരുന്നു. അഞ്ചുമാസംമുൻപ് മകൾ മരിച്ചു. അതോടെ മകളുടെ മക്കളെയും കൂടെ ചേർത്തു. പേരക്കുട്ടികൾ എട്ടിലും അഞ്ചിലും പഠിക്കുന്നു.
മണിയൻകിണർ ഉന്നതിയിൽ 2022-ൽ ലൈഫ് മിഷൻ പദ്ധതിയും ട്രൈബൽ വകുപ്പുമായി സഹകരിച്ച് ആരംഭിച്ച ആറുലക്ഷം രൂപയുടെ ഭവനപദ്ധതിയിൽ ഏഴ് വീടുകളാണ് അനുവദിച്ചിരുന്നത്. എന്നാൽ, ഇതിൽ രണ്ട് വീടുകളുടെ പണി മാത്രമാണു പൂർത്തിയാക്കിയത്. ഊരുമൂപ്പൻ എം.എ. കുട്ടന്റെ വീടിന്റെ കോൺക്രീറ്റിടൽ പൂർത്തിയാക്കി തേപ്പും കഴിഞ്ഞു. 5.30 ലക്ഷം രൂപ കരാറുകാരന് കൈമാറി.
എന്നാൽ, പിന്നീട് കരാറുകാരൻ ഫോൺ വിളിച്ചാൽ എടുക്കാതെയായെന്ന് കുട്ടൻ പറയുന്നു. കുട്ടന്റെ അയൽവാസി ബിജു, പ്രിൻസി അഭിജിത്ത്, ദേവൻ, ധന്യ പ്രതീഷ് തുടങ്ങിയവരുടെയും വീടുകൾ കരാറുകാർ പൈസ കൈക്കലാക്കി തിരിഞ്ഞുനോക്കാതായതോടെ 'ലൈഫി'ൽ കുടുങ്ങിനിൽക്കുകയാണ്. പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും കളക്ടർക്കുമുൾപ്പെടെ പരാതി നൽകിയെങ്കിലും ഉന്നതിനിവാസികളുടെ പ്രശ്‌നത്തിന് ഇതുവരെയും പരിഹാരമായില്ല.
അടുത്ത ദിവസങ്ങളിൽത്തന്നെ താൻ ഏറ്റെടുത്ത വീടുകളുടെ നിർമാണം പുനരാരംഭിക്കുമെന്ന് ഊരുമൂപ്പൻ കുട്ടന്റെ വീടിന്റെ കരാറുകാരൻ അറിയിച്ചു. 95 കുടുംബങ്ങളുള്ള മണിയൻകിണറിൽ നിരവധി വീടുകൾ മഴയിൽ ഒലിച്ചിറങ്ങും. കാലവർഷം അടുത്തിരിക്കെ അടച്ചുറപ്പില്ലാത്ത കൂരകളിൽ കഴിയേണ്ടതിന്റെ ഭയപ്പാടിലാണ് ഉന്നതിനിവാസികൾ.
കൂലിപ്പണിക്കുപോയും വനവിഭവങ്ങൾ ശേഖരിച്ചും കഴിയുന്നവരാണ് മഴയത്ത് കയറിക്കിടക്കാൻ ഇടമില്ലാതെ നട്ടംതിരിയുന്നത്.
പഞ്ചായത്തുമായി കൂടിയാലോചിച്ചശേഷം പുതിയ കരാർ നൽകാനാകുമോയെന്ന് ആലോചിക്കുന്നുണ്ടെന്ന് ഒല്ലൂർ എം.എൽ.എ.യും മുൻമന്ത്രിയുമായ കെ. രാജൻ പറഞ്ഞു. അല്ലെങ്കിൽ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കുന്ന കാര്യം ആലോചിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Contractors abandoned Life Mission housing projects in Maniyankinar, Thrissur., Families are forced to live in cattle sheds due to incomplete construction., Concerns raised regarding safety, specifically the threat of wild elephants in the area., Local authorities and MLA K. Rajan are exploring CSR funds or new contracts to resume work., Financial distress compounded by health issues and loss of family members.
Published: 26 May 2026, 10:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented