തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിയിൽ നഗരങ്ങളിൽ ഇനിമുതൽ വീടുകിട്ടുന്നവരും പണം മുടക്കണം. വീടുകളിൽ കേന്ദ്രത്തിന്റെ മുദ്രയും നിർബന്ധം. ഒരുലക്ഷം രൂപയാണ് ഗുണഭോക്താവ് നൽകേണ്ടത്. ഇതുവരെ ഒന്നും നൽകേണ്ടിയിരുന്നില്ല. കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന നഗരപദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഒപ്പുവെക്കാൻ കേരള സർക്കാർ തീരുമാനിച്ചതോടെയാണിത്. ഗ്രാമീണമേഖലയിൽ ഇത് ബാധകമല്ല.

To advertise here,

വീടുകളിൽ കേന്ദ്രമുദ്ര പതിപ്പിക്കാനും പ്രധാനമന്ത്രിയുടെ ഫോട്ടോവെക്കാനും സമ്മതമല്ലെന്നുപറഞ്ഞ് മുൻ എൽ.ഡി.എഫ്. സർക്കാർ പദ്ധതിയിൽ ചേർന്നിരുന്നില്ല. പദ്ധതിയിൽ ചേരാൻ തീരുമാനിച്ചെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

വ്യവസ്ഥകളിൽ കേന്ദ്രപദ്ധതിപ്രകാരമുള്ള വീട് എന്നറിയിക്കാൻ മുദ്ര നിർബന്ധമാണ്. കരാറിൽ ഒപ്പിടുമ്പോൾ അത് പാലിക്കേണ്ടിവരും. എന്നാൽ, മുദ്രയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ പടം വെക്കേണ്ടതില്ല. കേരളത്തിൽ പ്രധാനമന്ത്രിയുടെ പദ്ധതിയുമായി സംയോജിപ്പിച്ചാണ് ലൈഫ് പദ്ധതി നടപ്പാക്കുന്നത് -മുഖ്യമന്ത്രി പറഞ്ഞു.

സ്വന്തമായി സ്ഥലമുള്ളവർക്ക് വീടുവെക്കാൻ നാലുലക്ഷമാണ് കിട്ടുന്നത്. കരാറനുസരിച്ച് ഒരുലക്ഷം രൂപ ഗുണഭോക്താവ് കണ്ടെത്തണമെന്ന് തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്രവിഹിതമായ 450 കോടി രൂപ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ഒപ്പിടുന്നത്. 30,000 വീടുകൾക്കാണ് കേന്ദ്രം പണം അനുവദിക്കുക. ആശയപരമായ എതിർപ്പുകൊണ്ടല്ല, സംസ്ഥാനവിഹിതം നൽകാൻ പണമില്ലാത്തതുകൊണ്ടാണ് എൽ.ഡി.എഫ്. സർക്കാർ പദ്ധതിയിൽ ചേരാതിരുന്നത് എന്നതാണ് യു.ഡി.എഫിന്റെ വാദം.