കല്പറ്റ: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരെ കേന്ദ്രസർക്കാർ അവഗണിക്കുന്നെന്നാരോപിച്ച് എൽ.ഡി.എഫ്. വയനാട് ജില്ലാ കമ്മിറ്റി ഡൽഹിയിൽ 24, 25 തീയതികളിൽ പ്രധാനമന്ത്രിയുടെ വസതിക്കുമുൻപിൽ രാപകൽ സമരം നടത്തും. ദുരന്തനിവാരണത്തിന് സംസ്ഥാനം ആവശ്യപ്പെട്ട 2000 കോടി രൂപ അനുവദിക്കുക, ദുരന്തബാധിതരുടെ കടം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് സമരമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ദുരന്തബാധിതർ ഉൾപ്പെടെ 165 വൊളന്റിയർമാർ സമരത്തിൽ പങ്കാളികളാകും. 24-ന് രാവിലെ 10-ന് കേരളഹൗസിൽനിന്ന് മാർച്ച് തുടങ്ങും. 25-ന് രാവിലെ 10 വരെയാണ് സമരം. കേരളത്തിൽനിന്നുള്ള എൽ.ഡി.എഫ്. എം.പി.മാരും ദേശീയനേതാക്കളും ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള എം.പി.മാരും പങ്കെടുക്കും. ഡൽഹിസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 24-ന് വൈകീട്ട് ജില്ലയിലെ മുഴുവൻ പഞ്ചായത്ത് കേന്ദ്രങ്ങളിലും എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രകടനവും വിശദീകരണയോഗങ്ങളും നടത്തും.
നിലമ്പൂർ–നഞ്ചങ്കോട്, തലശ്ശേരി–മൈസൂരു റെയിൽവേ പദ്ധതികൾ നടപ്പാക്കുക, 1972-ലെ വനം-വന്യജീവി നിയമം ഭേദഗതി ചെയ്യുക, വന്യമൃഗപ്രതിരോധത്തിന് കേന്ദ്രത്തിൽനിന്ന് 1000 കോടി രൂപ അനുവദിക്കുക, വനം-റവന്യു വകുപ്പുകൾ ചേർന്ന് സർവേ പൂർത്തീകരിച്ച കർഷകർക്ക് പട്ടയം നൽകാൻ കേന്ദ്രം അനുമതി നൽകുക, ദേശീയപാതയിലെ രാത്രിയാത്രാനിരോധനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ ഉന്നയിക്കും.
എൽ.ഡി.എഫ്. ജില്ലാ കൺവീനർ സി.കെ. ശശീന്ദ്രൻ, സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, എൻ.സി.പി. സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമൻ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഷാജി ചെറിയാൻ, ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് ഡി. രാജൻ, കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: LDF to protest outside prime minister Narenda Modi's official residence
Published: 21 Feb 2025, 06:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented