ന്യൂഡൽഹി: സുപ്രീം കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്ത കോക്രോച്ച് ജനത പാർട്ടി മറ്റേത് രാഷ്ട്രീയ പാർട്ടിയേക്കാളേറെ കേന്ദ്രത്തിന് തലവേദന സൃഷ്ടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം രൂക്ഷമാകുന്ന ഘട്ടത്തിൽ അസാധാരണ സംഭവവികാസങ്ങൾക്കാണ് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. കേന്ദ്രം അതീവ ജാഗ്രതയോടെയാണ് കാര്യങ്ങൾ വീക്ഷിക്കുന്നത്.

To advertise here,

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാനെ ലക്ഷ്യമിട്ടായിരുന്നു സി.ജെ.പിയുടെ ആദ്യ പ്രതിഷേധത്തുടക്കം. പരീക്ഷാ ക്രമക്കേടുകൾക്കെതിതിരെ ആയിരുന്നു സി.ജെ.പി. സമരം ആരംഭിച്ചത്. തുടക്കത്തിൽ തീരെ അവഗണിച്ച ഒരു കൂട്ടായ്മ മാത്രമായിരുന്നു സി.ജെ.പിയെങ്കിൽ പിന്നീട് കേന്ദ്ര സർക്കാരിനെ കാർന്നുതിന്നുന്ന പാറ്റകളായി പരിണമിക്കുന്ന കാഴ്ചയായിരുന്നു.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിൽനിന്ന്, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വോട്ട് ചോർച്ച ആരോപണങ്ങളിലേക്കും ഇ.വി.എം (EVM) ക്രമക്കേടുകൾക്കെതിരെയുള്ള പോരാട്ടങ്ങളിലേക്കും സി.ജെ.പിയുടെ പ്രതിഷേധങ്ങൾ മാറിയപ്പോൾ, കേന്ദ്ര സർക്കാരും ഡൽഹി പോലീസും സ്വീകരിച്ച സമീപനങ്ങളിൽ വ്യക്തമായ തന്ത്രപരമായ മാറ്റങ്ങൾ ദൃശ്യമാണ്.

പരീക്ഷാ ക്രമക്കേടുകൾക്കെതിരായ സി.ജെ.പി. സമരത്തിനെതിരേ ഭാഗിക പ്രതിരോധ തന്ത്രമായിരുന്നു കേന്ദ്രം സ്വീകരിച്ചത്. തുടക്കത്തിൽ ജന്തർ മന്ദിറിൽ വിദ്യാർത്ഥികളും യുവാക്കളും തടിച്ചുകൂടി നടത്തിയ പ്രക്ഷോഭത്തിനെതിരേ നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു. ദേശീയ മാധ്യമങ്ങളും ഇതിന് വേണ്ട വിധത്തിലുള്ള പ്രാധാന്യം നൽകിയില്ലെന്നും പിന്നീട് വിമർശനങ്ങളുയർന്നു. എന്നാൽ അതിവേഗം ജനശ്രദ്ധ നേടുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയും ഉണ്ടായതോടെ സമരം മറ്റൊരു തലത്തിലേക്ക് നീങ്ങുകയായിരുന്നു. സാമൂഹിക പ്രവർത്തകനായ സോനം വാങ്ചുക് നിരാഹാരമിരുന്നതോടെ സമരത്തിന്റെ ഗതി മാറുന്ന സാഹചര്യമായിരുന്നു.

പിന്നീട് പോലീസിനെ ഉപയോഗിച്ച് സമരക്കാരെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും, സമരക്കാരുടെ ശക്തമായ സാന്നിധ്യവും മാധ്യമശ്രദ്ധയും കാരണം കേന്ദ്രത്തിന് കടുത്ത സമ്മർദ്ദത്തിലാകേണ്ടി വന്നു. ജൂലൈ 20-ലെ പ്രതിഷേധത്തിനിടെ പോലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടലുകളും ലാത്തിച്ചാർജ്ജും ഉണ്ടായി. ഇതോടെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയിൽ വ്യാപക വിമർശനത്തിന് വഴിവെച്ചു. ഗത്യന്തരമില്ലാതെ കേന്ദ്ര മന്ത്രിമാർ പ്രതിഷേധക്കാരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായി. സി.ജെ.പി. പ്രതിനിധികൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിക്കുകയും ചെയ്തു. ഒടുവിൽ, വർദ്ധിച്ചുവന്ന പൊതുജനരോഷത്തിന് മുന്നിൽ കേന്ദ്രത്തിന് വഴങ്ങേണ്ടി വരികയും ജൂലൈ 25--ന്‌ ധർമേന്ദ്ര പ്രധാൻ രാജി വെക്കുകയും ചെയ്യുന്നതാണ് കണ്ടത്.

 

സമാനരീതിയിലേക്ക് പോകുകയായിരുന്ന, ഗ്യാനേഷ് കുമാറിനെതിരായ സമരത്തെ തുടക്കത്തിൽ തന്നെ കേന്ദ്രം തച്ചുടയ്ക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. അണികൾക്കരികിലേക്ക് നേതാക്കൾ എത്താതിരിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായാണ് സി.ജെ.പി. സ്ഥാപകൻ അഭിജീത് ദിപ്കെ അടക്കമുള്ള നേതാക്കളെ ഡൽഹിയിൽ വിമാനമിറങ്ങുന്നതിന് മുമ്പുതന്നെ വിമാനത്തിനകത്ത് പോലീസ് കയറി കസ്റ്റഡിയിലെടുത്തത്.

നേരത്തെ ജന്തർ മന്ദർ 2.0 പ്രഖ്യാപനമെന്നോണം മുംബൈ ശിവാജി പാർക്കിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു. സമാധാനപരമായ പ്രതിഷേധമായിരുന്നു മുംബൈയിൽ നടന്നത്. ബെംഗളൂരുവിലും പ്രതിഷേധത്തിന് വലിയ തോതിൽ പുതുതലമുറ എത്തി. പ്രമുഖ യുറ്റിയൂബർ ധ്രുവ് റാഠിയുടെ സാന്നിധ്യം സമരത്തിന് ചൂട് പകരുകയും ചെയ്തു. സമാനരീതിയിൽ ജന്തർ മന്ദറിലും പ്രതിഷേധിക്കുമെന്നായിരുന്നു സി.ജെ.പി. അറിയിച്ചിരുന്നത്. ഇടതുപക്ഷ പാർട്ടികളടക്കം സി.ജെ.പിക്ക് പിന്തുണയും അറിയിച്ചിരുന്നു.

എന്നാൽ, ധർമേന്ദ്ര പ്രധാനിന്റെ രാജിയോടെ സമരം അവസാനിക്കാതെ, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സമരം തിരിച്ചുവിട്ട് 'ജന്തർ മന്ദർ 2.0' എന്ന പേരിൽ സി.ജെ.പി. വൻ പ്രതിഷേധം പ്രഖ്യാപിച്ചതോടെ കേന്ദ്രം വെട്ടിലാകുന്ന കാഴ്ചയായിരുന്നു. ഇതോടെ കടുത്ത പ്രതിരോധ തന്ത്രങ്ങളിലേക്കു നീങ്ങി സമരത്തിന്റെ സ്വാഭാവിക അന്ത്യത്തിനാണ് കേന്ദ്രം ശ്രമിക്കുന്നത്.

ജൂലൈയിലെ അനുഭവം മുൻനിർത്തി ഇത്തവണ പ്രതിഷേധക്കാർ ജന്തർ മന്ദിറിലേക്ക് എത്തുന്നതിന് മുമ്പുതന്നെ എല്ലാം തടയാനായിരുന്നു കേന്ദ്ര പദ്ധതി. സമരത്തിന് പോലീസ് അനുമതി നിഷേധിച്ചു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതീവ സുരക്ഷാവിന്യാസം രാജ്യ തലസ്ഥാനത്ത് ഒരുക്കി.

പോലീസും കേന്ദ്ര സായുധ പോലീസും ഉൾപ്പെടെ 20,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. രാജ്യ തലസ്ഥാനത്തേക്ക് സമരക്കാർ എത്തുന്നത് തടയാൻ 250-ഓളം ട്രെയിനുകൾ റദ്ദാക്കുകയും, ഡൽഹിയിലെ 45-ഓളം പ്രധാന മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധ മേഖലയിൽ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനായി ജൻപഥ്-കർത്തവ്യ പഥ് പ്രദേശങ്ങളിൽ 24 മണിക്കൂർ നേരം ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ തവണ സി.ജെ.പി. പ്രതിഷേധ ഘട്ടത്തിൽ സമരക്കാർക്കുനേരെ പെല്ലറ്റാക്രമണമടക്കം പോലീസ് നടത്തിയെന്ന് രാഹുൽ ഗാന്ധി അടക്കമുന്നയിച്ചിരുന്നു. പോലീസ് നടത്തിയ അതിക്രമത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.  ഇത് വൻതോതിൽ വിമർശനങ്ങൾക്കിടയാക്കി. ഇതൊക്കെ മുൻകൂട്ടി കണ്ട്, കഴിഞ്ഞ തവണത്തേതുപോലെ ഉയരുന്ന ആരോപണങ്ങളെ ഒഴിവാക്കാൻ ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകളും 300-ഓളം ഓഡിയോ അടക്കം റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന സി.സി.ടി.വി. ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. ഡ്രോണുകളടക്കം പ്രദേശത്ത് സജ്ജീകരിച്ചിട്ടുണ്ട്.

പ്രതിഷേധം ആരംഭിക്കും മുമ്പേ തന്നെ അഭിജീത്‌ ദീപ്കെ അടക്കമുള്ള നേതാക്കളെയും ഇടതു നേതാക്കളെയും കസ്റ്റഡിയിലെടുത്ത് നീക്കി. അതേസമയം, വിദ്യാർഥികൾ ഇപ്പോഴും തെരുവിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഗ്യാനേഷിനെതിരായ ശക്തമായ പ്രതിഷേധം ഉയർത്തിയ കോൺഗ്രസ് ഇന്ന് സി.ജെ.പി. പ്രതിഷേധത്തിൽ പങ്കെടുക്കുന്നില്ല. സി.ജെ.പി. നേതാക്കളെയും ഇടതുനേതാക്കളേയും അടക്കം അറസ്റ്റ് ചെയ്തതിനു പിന്നാലെ കോൺഗ്രസ് നേതൃത്വം പ്രക്ഷോഭത്തിന് നേതൃത്വം നൽകുമോ എന്നാണ് ഉയരുന്ന ചോദ്യം.

ധർമേന്ദ്ര പ്രധാനെതിരായ പ്രക്ഷോഭത്തിൽ സമാന രീതിയിൽ കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. ഇത്തവണയും അതുണ്ടാകുമോ എന്നാണ് പ്രതിഷേധക്കാർ ഉറ്റുനോക്കുന്നത്.