തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പ്രഖ്യാപിച്ചതുപോലെ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചാൽ കെ.എസ്.ആർ.ടി.സി. പൂട്ടേണ്ടിവരുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞെങ്കിലും എൽ.ഡി.എഫ്. പ്രകടനപത്രികയിൽ ഈ വാഗ്ദാനം വന്നേക്കും. സ്ത്രീകൾക്കു പുറമേ, മുതിർന്ന പൗരർക്കും സൗജന്യയാത്ര നൽകണമെന്നാകും നിർദേശം.

To advertise here,

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ജനുവരി മൂന്നിനു ചേർന്ന സമ്പൂർണ ആസൂത്രണ ബോർഡ് യോഗം ഇക്കാര്യം ചർച്ച ചെയ്തിരുന്നതായി സർക്കാർ വൃത്തങ്ങൾ 'മാതൃഭൂമി'യോടു പറഞ്ഞു. ഇംഗ്ലണ്ടിലേതിനു സമാനമായി 65 കഴിഞ്ഞവർക്കെല്ലാം സ്ത്രീ-പുരുഷ ഭേദമില്ലാതെ പൊതുഗതാഗത സംവിധാനത്തിൽ സൗജന്യയാത്ര അനുവദിക്കാമെന്ന ആശയം ആസൂത്രണബോർഡംഗം ഡോ. കെ. രവിരാമനാണ് മുന്നോട്ടുവെച്ചത്.

സ്ത്രീകൾക്ക് സൗജന്യയാത്രയും നിർദേശിക്കപ്പെട്ടു. വിദേശത്തുള്ളതുപോലെ 'ഫ്രീഡം ട്രാവൽ പാസ്' എന്ന നിലയിൽ പദ്ധതി നടപ്പാക്കാമെന്നും അഭിപ്രായമുയർന്നു. നടപ്പാക്കാവുന്ന മികച്ച ആശയമാണിതെന്നായിരുന്നു യോഗത്തിൽ പങ്കെടുത്ത ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ മറുപടി.

ആസൂത്രണബോർഡിലെ ചർച്ചകൾ, 'വിഷൻ-2031' സെമിനാറുകൾ, സി.പി.എം. സംഘടിപ്പിച്ച പഠന കോൺഗ്രസ് തുടങ്ങിയവയിൽ ഉയർന്ന നിർദേശങ്ങൾ ഏകോപിപ്പിച്ച് പ്രകടനപത്രിക തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് എൽ.ഡി.എഫ്.