കോഴിക്കോട്: നാദാപുരം ഗവ. കോളേജിലെ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ സംഘർഷത്തിനിടെ പോലീസ് വാഹനത്തിൽനിന്ന് പ്രതിയെ മോചിപ്പിച്ചെന്ന പരാതിയിൽ യൂത്ത് ലീഗ് ജില്ലാനേതാവ് ഉൾപ്പടെ ഏഴ് നേതാക്കളു‍ടെയും കണ്ടാലറിയാവുന്ന 13 ആളുകളുടെയും പേരിൽ നാദാപുരം പോലീസ് കേസെടുത്തു. പോലീസ് നടപടിയിൽ പ്രതിഷേധവുമായി ജില്ലാ ലീഗ് നേതാക്കൾക്ക് മുൻപിൽ തെരുവമ്പറമ്പിലെ ലീഗ് പ്രവർത്തകരെത്തി.

To advertise here,

തൂണേരി നീലംചിറയിൽ ഫായിസ്, ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് ഇ. ഹാരിസ്, നാദാപുരം പഞ്ചായത്ത് ലീഗ് സെക്രട്ടറി ഇ. കുഞ്ഞാലി, എം.എസ്,എഫ് നേതാക്കളായ കോടിയൂറ പുത്തൻപീടികയിൽ റംഷിദ്, ഷാഫി, സാലി, റാസിക്ക് എന്നിവരുടെ പേരിലാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 13-ഓളം പേർ സംഘംചേർന്ന് പ്രതിയെ മോചിപ്പിച്ചെന്നാണ് കേസ്

നാദാപുരം ഗവ.കോളേജിൽ വിജയിച്ച യു.ഡി.എസ്.എഫ്. നടത്തിയ ആഹ്ലാദപ്രകടനത്തിനിടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. സ്ഥലത്തെ എസ്.എഫ്.ഐ.യുടെ കൊടി പിഴുതെടുത്തതോടെയാണ് പ്രശ്നമുടലെടുത്തതെന്നാണ് പോലീസ് വിശദീകരണം. എന്നാൽ പോലീസ് കെട്ടിച്ചമച്ചതാണിതെന്നും പ്രകടനം നടത്തുന്നതിനിടെ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നുമാണ് എം.എസ്.എഫ്. പ്രവർത്തകർ വിശദീകരിക്കുന്നത്.

പ്രകടനത്തിന് നേതൃത്വം നൽകിയ ഫായിസിനെ എസ്.ഐ. ശ്രീജിൽ കണ്ടോത്തുപൊയിൽ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിൽ കയറ്റി. ഇതിനിടയിൽ ഹാരിസിന്റെ നേതൃത്വത്തിലുളള സംഘം വാഹനത്തിന്റെ വാതിൽ ബലംപ്രയോഗിച്ച് തുറന്ന് പ്രതിയെ മോചിപ്പിച്ചെന്നും ഔദ്യോഗിക ക്യത്യനിർവഹണം തടസ്സപ്പെടുത്തിയെന്നുമാണ് കേസ്. ആറു വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.

പഞ്ചായത്ത് ലീഗ് കമ്മിറ്റി നാദാപുരത്ത് നൽകിയ ജില്ലാനേതൃത്വത്തിനുള്ള സ്വീകരണച്ചടങ്ങിൽ, ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത നടപടിയിൽ പ്രതിഷേധവുമായി പ്രവർത്തകരെത്തി.

ജില്ലാ ലീഗ് പ്രസിഡന്റ് ടി.ടി. ഇസ്മായിൽ, ജനറൽ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി, വൈസ് പ്രസിഡന്റ് വി.വി. മുഹമ്മദലി എന്നിവർക്കുള്ള സ്വീകരണ പരിപാടിയാണ് നാദാപുരത്ത് വെള്ളിയാഴ്ച വൈകുന്നേരം നടന്നത് .പോലീസ് നടപടിക്കുനേരേ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. എൽ.ഡി.എഫ്. ഭരണത്തിൽപ്പോലും നാദാപുരം ഗവ.കോളേജിൽ ഇത്തരത്തിലുളള പോലീസ് നടപടി ഉണ്ടായിട്ടില്ലെന്ന പഞ്ചായത്ത് ലീഗ് ഭാരവാഹിയുടെ സ്വീകരണപരിപാടിലെ പ്രസംഗവും ഇതിനിടെ പാർട്ടിയിൽ ചൂടേറിയ ചർച്ചയ്ക്കിടയാക്കിയിട്ടുണ്ട്. പരിഹാരമുണ്ടാകണമെന്നുളള നേതാക്കളുടെ ഉറപ്പിനെത്തുടർന്ന് പ്രവർത്തകർ പിരിഞ്ഞുപോയി.