കോഴിക്കോട്: മുന്‍ എം.എല്‍.എയും സി.പി.എം. നേതാവുമായ ജോര്‍ജ് എം. തോമസിനെതിരായ മിച്ചഭൂമി കേസില്‍ പരാതിക്കാരുടെ പ്രതിഷേധം. സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ തെളിവ് സ്വീകരിക്കാതെ മടങ്ങിയതോടെ പരാതിക്കാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു. പരാതിക്കാധാരമായ മിച്ചഭൂമിയാണ് ലാന്‍ഡ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചത്. പരാതിക്കാര്‍ തോട്ടുമുക്കത്തുള്ള മിച്ചഭൂമിയില്‍ നേരിട്ടെത്തി തെളിവുകള്‍ ഹാജരാക്കാനായിരുന്നു ലാന്‍ഡ് ബോര്‍ഡ് നിര്‍ദ്ദേശം. പ്രതിഷേധത്തിനൊടുവില്‍ ഉദ്യോഗസ്ഥര്‍ തെളിവുകള്‍ സ്വീകരിച്ചു.
2000-ല്‍ ലാന്‍ഡ് ബോര്‍ഡ് മിച്ചഭൂമിയാണെന്ന് കണ്ടെത്തിയ 16 ഏക്കര്‍ 40 സെന്റ് ഭൂമിയാണ് ലാന്‍ഡ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച സന്ദര്‍ശിച്ചത്. 2003-ല്‍ ഹൈക്കോടതി ഈ ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതില്‍ അട്ടിമറി നടക്കുന്നെന്ന് പരാതിക്കാര്‍ വീണ്ടും ആക്ഷേപം ഉന്നയിക്കുകയും ലാന്‍ഡ് ബോര്‍ഡ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ലാന്‍ഡ് ബോര്‍ഡ് വീണ്ടും നടപടികളിലേക്ക് കടന്നത്.
കൊടിയത്തൂര്‍ വില്ലേജിലെ റീസർവേ 188/2-ല്‍ ഉള്‍പ്പെട്ട, ജോര്‍ജ് എം. തോമസിന്റെയും സഹോദരങ്ങളുടെയും 16.4 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനാണ് ലാന്‍ഡ് ബോര്‍ഡ് വിധിച്ചത്. വിധിക്കെതിരേ ജോര്‍ജ് എം. തോമസ് ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ 2001-ല്‍ മിച്ചഭൂമിയില്‍ ഉള്‍പ്പെട്ട ഒരേക്കര്‍ കശുമാവിന്‍തോട്ടം അഗസ്റ്റിന്‍ എന്നയാളുടെ പേരിലേക്ക് മാറ്റി. ഈ ഭൂമി തന്റെയോ കുടുംബാംഗങ്ങളുടെയോ അവകാശത്തിലോ കൈവശത്തിലോ വരുന്ന വസ്തുവല്ലെന്നും ഭൂമിയുമായി ഒരു ബന്ധവുമില്ലെന്നും മിച്ചഭൂമി പട്ടികയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ട് ജോര്‍ജ് എം. തോമസ് സര്‍ക്കാരിന് അപേക്ഷയും നല്‍കിയിരുന്നു.
അഗസ്റ്റിന് നല്‍കിയ ഭൂമി, കഴിഞ്ഞവര്‍ഷം ഇദ്ദേഹം ജോര്‍ജ് എം. തോമസിന്റെ ഭാര്യയുടെ പേരിലേക്ക് എഴുതിനല്‍കി. ജോര്‍ജ് എം. തോമസിന്റെ നടപടി ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കുന്നതും സര്‍ക്കാര്‍ഭൂമി സ്വന്തമാക്കാനുള്ള ശ്രമമാണെന്നുമായിരുന്നു പരാതി. ജോര്‍ജ് എം. തോമസ് പുതിയ വീട് നിര്‍മിക്കുന്നത് മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ട ഭൂമിയിലാണെന്നും പരാതിയുണ്ട്.
Content Highlights: land case against george m thomas the complainants protested and the officers were detained
Published: 17 Nov 2023, 02:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented