തൃശ്ശൂര്‍: ജന്മി കുടിയാന് നല്‍കിയ ഒരു തുണ്ട് ഭൂമി സ്വന്തം പേരിലാക്കി കിട്ടാനായി ദളിത് കുടിയാന്റെ കുടുംബം നിയമപ്പോരാട്ടം നടത്തിയത് 40 വര്‍ഷം. പട്ടയം കിട്ടിയപ്പോഴേക്കും കുടിയാനായ കുഞ്ഞനും ഭാര്യ അമ്മുവും മരിച്ചു. നിരക്ഷരരായ ഇവര്‍ക്കു േവണ്ടി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചു വരെ കേസ് നടത്തിയത് അമ്മുവിന്റെ സഹോദരി വി.കെ. കമലാക്ഷി. പത്താംക്ലാസ് വിദ്യാഭ്യാസമുള്ള കമലാക്ഷി (65), അവകാശപ്പോരാട്ടത്തിന് പ്രായവും പഠനവും പ്രശ്‌നമല്ലെന്ന് തെളിയിച്ചു.

To advertise here,

തൃശ്ശൂര്‍ അക്കിക്കാവ് വലിയപുരയ്ക്കല്‍ കമലാക്ഷിയുടെ സാന്നിധ്യത്തില്‍ കുന്നംകുളം ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ അമ്മുവിന്റെ മക്കളായ ബാലകൃഷ്ണന്‍, സുഗതന്‍ എന്നിവര്‍ക്ക് പത്ത് സെന്റ് ഭൂമിയുടെ പട്ടയം കൈമാറി. വാടകവീടുകളില്‍ കഴിയുന്ന, വര്‍ക്ക് ഷോപ്പ് തൊഴിലാളികളായ ഇരുവരും ഇനിയിവിടെ വീടുവെച്ച് താമസിക്കും.

കമലാക്ഷിയുടേയും അമ്മുവിന്റേയും അച്ഛന്‍ കോത, കൂലിവേല ചെയ്തിരുന്ന മനയുടെ ഉടമ കുടികിടപ്പവകാശ നിയമപ്രകാരം കൈമാറിയതാണ് പത്ത് സെന്റ് ഭൂമി. വിവാഹം കഴിഞ്ഞതോടെ അമ്മുവും ഭര്‍ത്താവും ഈ സ്ഥലത്ത് വീട് വയ്ക്കാനെത്തിയപ്പോഴാണ് മനയുമായി ബന്ധമില്ലാത്ത മറ്റൊരു കുടുംബക്കാര്‍ അവകാശവുമായി എത്തിയത്.

ഈ കുടുംബത്തിലെ മുഴുവന്‍ ജോലികളും ചെയ്യാമെന്ന വ്യവസ്ഥയില്‍ 1968-ല്‍ കൂര കെട്ടി താമസം തുടങ്ങി. 1985-ല്‍ കൂര അല്‍പം വലുതാക്കാന്‍ ശ്രമിച്ചപ്പോള്‍ സമ്മതിച്ചില്ല. അങ്ങനെ കുടികിടപ്പ് അവകാശത്തിനായി അതേ വര്‍ഷം ചാവക്കാട് ലാന്‍ഡ് ട്രിബ്യൂണലിനെ സമീപിച്ചു. 1991-ല്‍ മഴയില്‍ തകര്‍ന്ന കൂര പുതുക്കാന്‍ തയ്യാറെടുത്തതോടെ എതിര്‍കക്ഷിക്കാര്‍ കോടതിയില്‍നിന്ന് ഇന്‍ജങ്ഷന്‍ ഉത്തരവ് സമ്പാദിച്ചു.

ചാവക്കാട് ലാന്‍ഡ് ട്രിബ്യൂണലില്‍നിന്ന് അമ്മുവിന് അനുകൂല ഉത്തരവ് കിട്ടിയതോടെ എതിര്‍കക്ഷി അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചു. അവിടേയും അമ്മുവിന് അനുകൂല ഉത്തരവ് കിട്ടി. എതിര്‍കക്ഷി തൃശ്ശൂര്‍ ജില്ലാ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. അതോടെ കിടപ്പിടം വിട്ട് മാറേണ്ടി വന്നു അമ്മുവിനും കുടുംബത്തിനും. 1995-ല്‍ ഭര്‍ത്താവ് മരിച്ചു. മക്കളോടൊപ്പം അമ്മു കമലാക്ഷിയുടെ വീട്ടില്‍ താമസമാക്കി.

1999-ല്‍ കമലാക്ഷി ഹൈക്കോടതിയെ സമീപിച്ചു. ചെറിയൊരു സംഖ്യ എതിര്‍കക്ഷിക്ക് നല്‍കി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നല്‍കാനായിരുന്നു 2006-ലെ ഉത്തരവ്. ഇതിനെതിരേ കമലാക്ഷി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. 2010-ല്‍ അനുകൂല വിധി കിട്ടി. പക്ഷേ സ്ഥലമുടമയായ കുഞ്ഞന്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ വീണ്ടും പ്രതിസന്ധിയായി. പട്ടയത്തിനായി തൃശ്ശൂര്‍ ലാന്‍ഡ് ട്രിബ്യൂണലിനെ സമീപിച്ചു. ഇതിനായി നികുതി ഒടുക്കിയ രശീതിയും ഭൂമിയുടെ സ്‌കെച്ചും ആവശ്യപ്പെട്ടു. അതില്ലായിരുന്നു. ഇതിനിടെ 2022-ല്‍ അമ്മു മരിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കിക്കിട്ടാനായി കമലാക്ഷി വീണ്ടും ഹര്‍ജി നല്‍കി. അതോടെയാണ് കഴിഞ്ഞ ദിവസം പട്ടയം കിട്ടിയത്. പരേതനായ പദ്മനാഭപ്പണിക്കരാണ് കമലാക്ഷിയുടെ ഭര്‍ത്താവ്. മകള്‍: നിധി.