കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിനുവേണ്ടി ഏറ്റെടുത്ത ഒരേഭൂമിക്ക് രണ്ടുപേർക്ക് നഷ്ടപരിഹാരം നൽകിയ സംഭവത്തിൽ വ്യാജരേഖയുണ്ടാക്കി മുൻ ഭൂഉടമ കൈപ്പറ്റിയ 44.23 ലക്ഷം രൂപ അഞ്ചുവർഷം കഴിഞ്ഞിട്ടും തിരിച്ചുപിടിച്ചില്ല.
വ്യാജരേഖ നിർമിച്ച് നഷ്ടപരിഹാരത്തുക വാങ്ങാൻ സഹായിച്ച ഉദ്യോഗസ്ഥർക്കെതിരേ കർശനനടപടി സ്വീകരിക്കണമെന്ന് റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കളക്ടർ റിപ്പോർട്ട് നൽകിയിട്ട് വർഷം മൂന്നുകഴിഞ്ഞെങ്കിലും അതിലും തീരുമാനമെടുക്കാതെ കുറ്റാരോപിതർക്ക് സർക്കാർ സ്ഥാനക്കയറ്റം നൽകുകയാണ് ചെയ്തത്.
കബളിപ്പിച്ച് പണം വാങ്ങിയവരിൽനിന്ന് തുക തിരിച്ചുപിടിക്കുന്നതിനുപുറമേ പോലീസ് കേസ് രജിസ്റ്റർചെയ്യാനും വിജിലൻസ് ഡെപ്യൂട്ടി കളക്ടർ ശുപാർശചെയ്തിരുന്നു. അതിലും നടപടിയുണ്ടായില്ല. കേസ് വിജിലൻസിന് കൈമാറിയെന്നാണ് പോലീസ് പറയുന്നത്.
പക്ഷേ, അതിലും പുരോഗതിയൊന്നുമില്ല. 2020-ലാണ് മുൻഭൂവുടമ വർഷങ്ങൾക്കുമുൻപേ വിൽപ്പനനടത്തിയ ഭൂമിക്ക് വ്യാജരേഖ ചമച്ച് പണം കൈപ്പറ്റിയത്. അന്നത്തെ നഗരപാതാ വികസനപദ്ധതിയുടെ സ്‌പെഷ്യൽ തഹസിൽദാർ, ചേവായൂർ വില്ലേജ് ഓഫീസർ, വാല്വേഷൻ അസിസ്റ്റന്റ്, റവന്യൂ ഇൻസ്‌പെക്ടർ, സീനിയർ ക്ലാർക്ക്, ചേവായൂർ സബ് രജിസ്ട്രാർ, ഗവ. പ്ലീഡർ എന്നിവരെയാണ് കുറ്റക്കാരാണെന്ന് വിജിലൻസ് ഡെപ്യൂട്ടി കളക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.
വ്യാജരേഖയ്ക്ക് തണ്ടപ്പേർ സർട്ടിഫിക്കറ്റ് നൽകി നികുതിയടയ്ക്കാൻ അനുമതിനൽകിയ അന്നത്തെ ചേവായൂർ വില്ലേജ് ഓഫീസർ ഇന്ന് ഡെപ്യൂട്ടി തഹസിൽദാരാണ്.
സ്പെഷ്യൽ തഹസിൽദാരും വാല്വേഷൻ അസിസ്റ്റന്റും സർവീസിൽനിന്ന് വിരമിച്ചെങ്കിലും ബാക്കിയുള്ള ഉദ്യോഗസ്ഥർ വിവിധ ജില്ലകളിൽ ജോലിചെയ്യുകയാണ്.
റോഡിനായി ഏറ്റെടുത്ത ചേവായൂർ വില്ലേജിലെ 3.2 സെന്റ് ഭൂമിക്കാണ് യഥാർഥ ഉടമയ്ക്കും മുൻ ഉടമയ്ക്കും 44.23 ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകിയത്. മുൻഭൂവടമയ്ക്ക് പണം നൽകാൻ ഉദ്യോസ്ഥർ ഗൂഢാലോചന നടത്തിയെന്നാണ് സംശയം. വ്യാജരേഖ ഉപയോഗിച്ചാണ് ചേവായൂർ സബ് രജിസ്ട്രാർ ഓഫീസിൽനിന്ന് ബാധ്യതാ സർട്ടിഫിക്ക് (കുടിക്കടം) കൈവശപ്പെടുത്തിയത്.
നഷ്ടപരിഹാരം വാങ്ങാനായി സർക്കാർ ഏറ്റെടുത്ത സ്ഥലം പൊതുമരാമത്ത് വകുപ്പിന്റെേപരിൽ രജിസ്റ്റർ ചെയ്തുകൊടുത്തപ്പോഴും ചേവായൂർ സബ് രജിസ്ട്രാർ രേഖകൾ കൃത്യമായി പരിശോധിച്ചില്ല. മതിയായ രേഖകളില്ലാതെയാണ് ഗവ. പ്ളീഡർ ആധാരം തയ്യാറാക്കി നൽകിയതും.
മാത്രമല്ല ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി കളക്ടറുടെ അധ്യക്ഷതയിൽനടന്ന ഡിഎൽപിസി (ജില്ലാതല പർച്ചേഴ്സിങ് കമ്മിറ്റി) യോഗത്തിൽ പങ്കെടുക്കാൻ യഥാർഥ ഉടമയായ പന്തീരാങ്കാവ് ലക്ഷ്മിനിവാസിൽ ദുർഗയുടെ ഭർത്താവിന് ആദ്യം നോട്ടീസ് നൽകിയിരുന്നു. അത് നിൽക്കെയാണ് നാലുവർഷത്തിനുശേഷം അവകാശവാദവുമായി എത്തിയ ഭൂവുടമയ്ക്ക് നഷ്ടപരിഹാരം നൽകിയതെന്നാണ് ഉദ്യോഗസ്ഥർതന്നെ തട്ടിപ്പിന് കൂട്ടുനിന്നോ എന്ന സംശയമുണ്ടാക്കുന്നത്.
അപ്പോഴും യഥാർഥ ഭൂവടമ ഇതൊന്നുമറിയാതെ പണം കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു. പണം കിട്ടാത്തത് എന്താണെന്നന്വേഷിച്ച് സ്പെഷ്യൽ തഹസിൽദാർ ഓഫീസിൽ എത്തുമ്പോഴൊക്കെ എന്തെങ്കിലും കാരണംപറഞ്ഞ് മടക്കിയയച്ചു.
പിന്നീടാണ് മറ്റൊരാൾക്ക് ദുർഗയുടെ പേരിലുള്ള ഭൂമിക്ക് നഷ്ടപരിഹാരം നൽകിയെന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം നടന്ന അന്വേഷണത്തിൽ ദുർഗതന്നെയാണ് യഥാർഥ ഭൂവുടമയെന്നു കണ്ടെത്തി.
പക്ഷേ, അവർക്ക് പണം കൈമാറാൻ റവന്യൂവകുപ്പ് ആദ്യം തയ്യാറായില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് രണ്ടുവർഷം നിയമപോരാട്ടം നടത്തിയശേഷം 2024-ലാണ് കോടതിയുടെ ഉത്തരവുപ്രകാരം പണം കൈമാറിയത്.
Content Highlights: compensation being given to two people for same acquired land
Published: 23 Aug 2025, 09:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented