എല്ലാദിവസവും രാവിലെയെത്തുന്ന ഈ കാട്ടാന സന്ധ്യയോടെയേ തിരികെ ഉൾവനത്തിലേക്ക് പോകാറുള്ളൂ.

പുൽപള്ളി: ചേകാടിയിലെ വനഗ്രാമമായ ചന്ദ്രോത്തെ ഉന്നതിക്ക് സമീപം കുട്ടികളുടെ കളി തിമർക്കുകയാണ്. കളിയെക്കാൾ കളികാണാൻ സ്ഥിരമായെത്തുന്ന അതിഥിയാണ് ഇവിടത്തെ ആവേശം. വനാതിർത്തിയിലെ കിടങ്ങിന് സമീപം മരച്ചുവട്ടിലേക്ക് എല്ലാദിവസവും കാട്ടാനയെത്തും. കളികാണാൻ, മനുഷ്യരുമായി കൂട്ടുകൂടാൻ... നാടിന്റെ അരുമയായി മാറിയ ഈ കാട്ടാനയെ ലക്ഷ്മി എന്നാണ് നാട്ടുകാർ സ്‌നേഹത്തോടെ വിളിക്കുന്നത്.
വനത്തോട് അതിരിടുന്ന ചന്ദ്രോത്ത് ഉന്നതിക്ക് സമീപം പതിവായെത്തുന്ന കാട്ടാന ആളുകളുമായി ഇണങ്ങിക്കഴിഞ്ഞു. പൊതുവെ കാട്ടാനകൾ മനുഷ്യരെ കണ്ടാൽ അക്രമത്തിന് മുതിരാറുണ്ട്. ഒരുമാസമായി ചന്ദ്രോത്ത് ഉന്നതിക്ക് സമീപം പതിവായെത്തുന്ന ലക്ഷ്മി പക്ഷേ, വ്യത്യസ്തയാണ്. എല്ലാദിവസവും രാവിലെയെത്തുന്ന ഈ കാട്ടാന സന്ധ്യയോടെയേ തിരികെ ഉൾവനത്തിലേക്ക് പോകാറുള്ളൂ. ഇടയ്ക്ക് തീറ്റയെടുക്കാനും മറ്റുമായി വനത്തിനുള്ളിലേക്ക് പോയാലും ആളുകളുടെ ശബ്ദംകേട്ടാൽ ഉടൻ തിരിച്ചുവരും. പുതുതായിവന്ന അതിഥി ശാന്തസ്വഭാവക്കാരിയാണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാർക്കും പ്രിയങ്കരിയായി മാറി. നാട്ടുകാർ നൽകുന്ന ചക്കയും മാങ്ങയുമെല്ലാം ലക്ഷ്മി വാങ്ങിക്കഴിക്കും.
വനാതിർത്തിയായതിനാൽ ഇവിടെ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. കാട്ടാനകൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നതും ആളുകളെ ആക്രമിക്കുന്നതുമൊക്കെ ചേകാടിയിൽ പതിവാണ്. ജനവാസമേഖലയ്ക്ക് സമീപം സ്ഥിരമായി എത്താറുണ്ടെങ്കിലും ലക്ഷ്മി കൃഷിനശിപ്പിച്ചതായോ ആരെയെങ്കിലും ആക്രമിച്ചതായോ ഇതുവരെ പരാതിയില്ല. സ്ഥിരംകണ്ട് പരിചിതമായതോടെ കൊച്ചുകുട്ടികൾക്കുപോലും ലക്ഷ്മിയെ ഭയമില്ല. ആളുകളെ നോക്കി കുണുങ്ങിനിൽക്കുന്ന ലക്ഷ്മിയുടെ കാഴ്ച ആരിലും കൗതുകമുണർത്തും. ഒരു നാടിന്റെ മുഴുവൻ കണ്ണിലുണ്ണിയായിമാറിയ ലക്ഷ്മിയുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
മൂന്നുഭാഗവും വനവും ഒരുഭാഗം കബനി നദിയാലും ചുറ്റപ്പെട്ട ചേകാടിയിലെ പ്രകൃതിഭംഗിപോലെതന്നെ ഇവിടത്തെ അത്യപൂർവസൗഹൃദവും മനോഹരമാണ്. മനുഷ്യരും കാട്ടാനയും തമ്മിലുള്ള അസാധാരണ ബന്ധത്തിന്റെ കാഴ്ചകാണാൻ ദൂരസ്ഥലങ്ങളിൽനിന്നും ഇപ്പോൾ ആളുകൾ എത്തുന്നുണ്ട്. മുൻപ് പുല്പള്ളി-ബത്തേരി റൂട്ടിലെ ഇരുളത്ത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി മണിയൻ എന്നൊരു കാട്ടാനയുണ്ടായിരുന്നു. 2019-ൽ മറ്റൊരു കൊമ്പന്റെ ആക്രമണത്തിലാണ് മണിയൻ കൊല്ലപ്പെട്ടത്.
Content Highlights: Lakshmi the wild elephant visits Chekadi daily, displaying unusually calm behavior toward humans., Unlike other elephants in the region, Lakshmi does not damage crops or show aggression., The local community and children have formed a unique, safe bond with the elephant., The story highlights a rare instance of peaceful coexistence between humans and wildlife in the Kabini river region., The phenomenon has attracted visitors and gained social media attention.
Published: 02 Jul 2026, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented