മൂന്നാർ: ചക്കക്കൊമ്പൻ എന്ന പേരിൽ അറിയപ്പെടുന്ന കാട്ടാനയെ പിടിച്ചുകെട്ടാനുള്ള തീവ്രപരിശ്രമത്തിലാണ് വനംവകുപ്പ്. ഇതിനായുള്ള 'മിഷൻ ചക്കക്കൊമ്പൻ' മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോൾ, ദൗത്യം നടക്കുന്ന ആനയിറങ്കൽ ഡാം പരിസരത്ത് അതിനാടകീയമായ സംഭവവികാസങ്ങളാണ് അരങ്ങേറിയത്. മയക്കുവെടി ഏറ്റിട്ടും വനംവകുപ്പിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ആന  'കൗണ്ടർ മൂവ്‌മെന്റ്' നടത്തിയതോടെ ചക്കക്കൊമ്പൻ ദൗത്യത്തെ ചക്ക കുഴയുംപോലെ കുഴച്ചത്.

To advertise here,

അരിക്കൊമ്പനെ സമാനമായി പിടികൂടി റേഡിയോ കോളർ ധരിപ്പിച്ച ദൗത്യത്തിന് ദൃക്‌സാക്ഷിയായിരുന്നു അവന്റെ സുഹത്തെന്ന് പലരും വിശേഷിപ്പിച്ച ചക്കക്കൊമ്പൻ. അരിക്കൊമ്പന് മയക്കുവെടിയേൽക്കുമ്പോൾ തൊട്ടടുത്ത് ചക്കക്കൊമ്പനുമുണ്ടായിരുന്നു. അത് കണ്ട് പാഠങ്ങൾ ഉൾക്കൊണ്ടതിനാലാകാം ചക്കക്കൊമ്പൻ പിടിതരാതിരിക്കാൻ പരമാവധി ശ്രമിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. അരിക്കൊമ്പനേക്കാൾ ബുദ്ധിയുള്ള ആനയാണ് ചക്കക്കൊമ്പൻ. അതുതന്നെയാണ് ഇന്ന് ആനയിറങ്കലിലെ നാടകീയ മുഹൂർത്തങ്ങൾക്ക് കാരണമായതും.

ചിന്നക്കനാലിലെ ഓമനക്കുഴി ഭാഗത്തുവെച്ചാണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ ചക്കക്കൊമ്പന് മയക്കുവെടിയേൽക്കുന്നത്. ആനയ്ക്ക് രണ്ടുതവണ മയക്കുവെടിയേറ്റുവെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞദിവസം മയക്കുവെടി വെച്ച 301 അങ്കണവാടിയുടെ സമീപം തന്നെയാണ് ഇത്. തുടർന്ന് ദൗത്യസംഘം ആനയെ നിരീക്ഷണത്തിലാക്കി. മയങ്ങിയാൽ അടുത്ത ഡോസ് നൽകാനും ശേഷം റേഡിയോ കോളർ ധരിപ്പിക്കാനും സംഘം സജ്ജരായി നിന്നു.

എന്നാൽ, കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ചക്കക്കൊമ്പൻ പിടിച്ചുനിന്നു. മയങ്ങിവീഴാതെ പൊരുതിനിന്നുകൊണ്ട് അവൻ ഈട്ടിക്കമല ഭാഗത്തേക്ക് നീങ്ങി. തൊട്ടടുത്തുള്ള ജലാശയത്തിലേക്ക് പോകാതിരിക്കാൻ വനംവകുപ്പ് സംഘം പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നു. അൽപ്പനേരം അനങ്ങാതെനിന്ന ശേഷം കൊമ്പൻ, യൂക്കാലിപ്റ്റസ് മരങ്ങൾ തിങ്ങിനിറഞ്ഞ ഈ പ്രദേശത്തുനിന്ന് ആനയിറങ്കൽ അണക്കെട്ടിലേക്ക് ഇറങ്ങിയതോടെ ദൗത്യസംഘം അക്ഷരാർഥത്തിൽ അമ്പരന്നു. മയക്കുവെടിയേറ്റ ആന വെള്ളത്തിലിറങ്ങിയ സാഹചര്യം എത്രത്തോളം അപകടകരമാണെന്നതിനെ കുറിച്ച് സംഘത്തിന് നല്ല ബോധ്യമുണ്ടായിരുന്നു.

വെള്ളത്തിലിറങ്ങിയ ആന മറുകരയിലേക്ക് നീന്താൻ ആരംഭിച്ചതോടെ ദൗത്യസംഘത്തിന്റെ സർവ കണക്കുകൂട്ടലുകളും പൊളിഞ്ഞു. ബോട്ടിൽ പിന്നാലെ കൂടി ആനയെ നിരീക്ഷിക്കുകയും പടക്കം പൊട്ടിച്ച് തിരികെ കയറ്റാൻ ശ്രമിക്കുകയുമാണ് ദൗത്യസംഘം ചെയ്തത്. ഒടുവിൽ ആ ശ്രമം വിജയം കണ്ടു. ആന കരയ്ക്കുകയറിയതോടെയാണ് ദൗത്യസംഘത്തിലുള്ളവർക്ക് ശ്വാസം നേരെ വീണത്. വെള്ളത്തിൽവെച്ച് മയങ്ങിയിരുന്നെങ്കിൽ അത് ചക്കക്കൊമ്പന്റെ ജീവന് ഭീഷണിയാകുമായിരുന്നു. വെള്ളത്തിന് നടുവിൽ നിന്ന് കൊമ്പൻ തുമ്പിക്കൈ ഉയർത്തി ശ്വാസമെടുക്കുന്നുണ്ടായിരുന്നു.

ആനയിറങ്കൽ ഡാമിന്റെ മറുകരയിൽ മൂന്നാർ-ബോഡിമെട്ട് റോഡിലെ പെരിയകനാൽ ഭാഗത്തെ ജനവാസമേഖലയിലാണ് ആന കരകയറിയത്. തൊട്ടടുത്താണ് ഗ്യാപ്പ് റോഡ്. ധാരാളം വിനോദസഞ്ചാരികളെത്തി ചിത്രമെടുക്കുകയും കാഴ്ചകൾ കാണുകയും ചെയ്യുന്ന ഭാഗമാണ് ഇത്. വെടിയേറ്റ വേദന പേറുന്നതിനാൽ ചക്കക്കൊമ്പൻ അക്രമാസക്തനാകുമോ എന്നതായി ദൗത്യസംഘത്തിന്റെ അടുത്ത ആശങ്ക.

ഇതിനുശേഷം അപ്രതീക്ഷിതനീക്കമാണ് ചക്കക്കൊമ്പന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അത്രനേരം സാധാരണ പോലെ നടന്ന ആന പൊടുന്നനെ കൊടുംകാട്ടിലേക്ക് ഓടിക്കയറി. 30 അംഗ ദൗത്യസംഘവും ആനയ്ക്ക് പിന്നാലെ കൂടിയിരുന്നു. ഇത് കണ്ട ചക്കക്കൊമ്പൻ സംഘത്തിന് നേരെ തിരിഞ്ഞു. തുടർന്ന് ദൗത്യസംഘം പ്രാണരക്ഷാർഥം ചിതറിയോടി. തന്നെ 'വേട്ടയാടാനെത്തിയ'വരെ ഓടിച്ച ശേഷം ആനയിറങ്കൽ ഡാമിന്റെ ജലാശയത്തോട് ചേർന്ന് ആന നിലയുറപ്പിച്ചു.

ചിതറിയോടിയെങ്കിലും ദൗത്യം ഉപേക്ഷിക്കാൻ ദൗത്യസംഘം തയ്യാറായില്ല. കുങ്കിയാനകളായ ഭരതിനേയും വിക്രത്തിനേയും ഇതിനകം പുഴയുടെ മറുകരയിൽ എത്തിച്ചിരുന്നു. അപ്പോഴേക്ക് മയക്കുവെടി ചക്കക്കൊമ്പനെ തളർത്തിത്തുടങ്ങിയിരുന്നു. ഇത് മനസിലാക്കിയ ദൗത്യസംഘം അൽപ്പംമാറി ചക്കക്കൊമ്പനെ നിരീക്ഷിച്ചുകൊണ്ട് നിന്നു.  ഭരതിനേയും വിക്രത്തേയും ചക്കക്കൊമ്പന്റേ തൊട്ടുപിന്നിലുമായി വിന്യസിച്ചു. കുങ്കിയാനകളെ കണ്ടതോടെ ചക്കക്കൊമ്പൻ പ്രകോപനത്തിന് ശ്രമിച്ചതോടെ ഉടൻ രണ്ട് കുങ്കിയാനകളേയും സംഘം പിൻവലിച്ച് ദൂരേക്ക് മാറ്റി. തുടർന്ന് ദൗത്യസംഘത്തിലെ രണ്ടുപേർ ചക്കക്കൊമ്പനെ കാണാവുന്നത്ര ദൂരത്ത് നിലയുറപ്പിച്ചുകൊണ്ട് ആനയെ നിരീക്ഷിച്ചു.

മയക്കുവെടിയേറ്റ ആന ജലാശയത്തിന് സമീപം നിൽക്കുന്നതിലെ അപകടം വ്യക്തമായി അറിയാവുന്ന സംഘം ചക്കക്കൊമ്പന് ആന്റിഡോട്ട് നൽകുകയും തുടർന്ന് പടക്കം പൊട്ടിച്ച് ആനയെ കാട്ടിലേക്ക് കയറ്റിവിടുകയും ചെയ്തു. ഇതോടെയാണ് മിഷൻ ചക്കക്കൊമ്പൻ മൂന്നാം ദിവസം അവസാനിപ്പിച്ചത്. പരാജയപ്പെടേണ്ടി വന്നെങ്കിലും കൊമ്പന്റെ വമ്പിന് മുന്നിൽ അങ്ങനെയങ്ങ് കീഴടങ്ങാൻ വനംവകുപ്പ് തീരുമാനിച്ചിട്ടില്ല. ഇനിയൊരു അറിയിപ്പുണ്ടായാൽ മിഷൻ ചക്കക്കൊമ്പൻ വീണ്ടും 'ഓൺ' ആകുമെന്ന സൂചന നൽകിക്കൊണ്ടാണ് മൂന്നുദിവസം നീണ്ട മിഷൻ അവസാനിച്ചത്.