ചിന്നക്കനാൽ: രണ്ടുദിവസമായി പിടിതരാതെ നീങ്ങുന്ന ചക്കക്കൊമ്പന് റേഡിയോ കോളറിടാനുള്ള വനംവകുപ്പിന്റെ ദൗത്യം മൂന്നാം ദിനത്തിലേക്ക്. നടുത്തുരുത്തി തുരുത്ത് ഭാഗത്താണ് നിലവിൽ ആനയുള്ളത്. ആന പന്നിയാർ ഭാഗത്തേക്കോ ആദ്യ ദിവസം സഞ്ചരിച്ച 301 കോളനി ഭാഗത്തേക്കോ നീങ്ങാനാണ് സാധ്യത. ഇതിൽ പന്നിയാർ ഭാഗത്തേക്ക് നീങ്ങിയാൽ വെല്ലുവിളിയാകുമെന്ന് സിസിഎഫ് ഡി.കെ. വിനോദ് കുമാർ അറിയിച്ചു. പന്നിയാർ എസ്റ്റേറ്റ് ഭാഗത്തേക്ക് ആന നീങ്ങാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. ഇതിനായി ബോട്ടിൽ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. എല്ലാ സജ്ജീകരണങ്ങളുമായി സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

To advertise here,

ആനയുടെ ബുദ്ധി

അരിക്കൊമ്പൻ ദൗത്യം നേരിട്ട് കണ്ടിട്ടുള്ള ചക്കക്കൊമ്പന് അപായ സൂചന ലഭിച്ചിരിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. അരിക്കൊമ്പനെക്കാളും ശക്തിയും ബുദ്ധിമുയുള്ള ആനയാണ് ചക്കക്കൊമ്പൻ. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുമ്പോൾ അവനും അടുത്ത് തന്നെയുണ്ടായിരുന്നു. പതിവില്ലാത്ത ആൾക്കൂട്ടം അവനിൽ സംശയം ജനിപ്പിച്ചിട്ടുണ്ടെന്നും വിദഗ്ധർ പറയുന്നു. ദൗത്യത്തിന് നേതൃത്വം നൽകുന്ന ഹൈറേഞ്ച് ചീഫ് കൺസർവേറ്റർ ഡി.കെ വിനോദ് കുമാറും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

ആനയിറങ്കൽ തടാകവും ചെറുതുരുത്തുകളും അടങ്ങുന്നതാണ് ചിന്നക്കനാൽ മേഖല. തടാകക്കരയിൽ നിന്നാൽ ആനയ്ക്ക് മയക്കുവെടി വയ്ക്കാനാകില്ല. വെടിയേറ്റ കൊമ്പൻ വെള്ളത്തിലേക്കിറങ്ങിയാൽ ജീവഹാനിക്ക് വരെ കാരണമാകും. ദൗത്യ ദിവസങ്ങളിൽ രാവിലെ തന്നെ കൊമ്പൻ തടാകം കടന്ന് തുരുത്തുകളിലേക്ക് പോയിരുന്നു. ഇവിടെ പുല്ലുമേഞ്ഞ് ഇവിടെത്തന്നെ ഉച്ചവരെ ഉറങ്ങുകയാണ് ആനയുടെ രീതി. ഉച്ചയ്ക്ക് ശേഷമാണ് പലപ്പോഴും വെളിയിൽ വരിക. ആ സമയം ചിന്നക്കനാൽ മേഖലയിൽ വെളിച്ചക്കുറവാണ്. ആനയുടെ വളരെ അടുത്ത് എത്തിയാൽ മാത്രമേ വെടിയുതിർക്കാൻ കഴിയു. ഇത് അത്യന്തം അപകടകരമാണ്. മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞ് ആന പാഞ്ഞടുക്കാനുള്ള സാധ്യതയുണ്ട്.