കുട്ടനാട്: നെടുമുടിയിൽ പമ്പയാറ്റിൽ ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ അസ്ഥികൂടാവശിഷ്ടങ്ങൾ കൊലപാതകക്കേസുകളുമായി ബന്ധമുള്ളതല്ലെന്ന് പ്രാഥമിക നിഗമനം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പ്രാഥമിക ഫൊറൻസിക് പരിശോധനയിലാണ് ഞെട്ടിക്കുന്നതും എന്നാൽ, കേസിന്റെ ദുരൂഹത നീക്കുന്നതുമായ വിവരങ്ങൾ പുറത്തുവന്നത്.
ബാഗിൽനിന്നു കണ്ടെത്തിയ അസ്ഥികൾ ഒരാളുടേതല്ല, മറിച്ച് ഒന്നിലധികം ആളുകളുടേതാണെന്ന് പരിശോധനയിൽ വ്യക്തമായി. കണ്ടെത്തിയ താടിയെല്ല് ഒരു പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചപ്പോൾ, ഇടുപ്പെല്ല് സ്ത്രീയുടേതാണെന്നു കണ്ടെത്തിയിട്ടുണ്ട്. വെവ്വേറെ മനുഷ്യരുടേതായ പല അസ്ഥിഭാഗങ്ങളാണ് ബാഗിൽ ഉണ്ടായിരുന്നത്.
പഠനസാമഗ്രികളെന്ന് സൂചന
പേനകൊണ്ട് മാർക്കിങ് കണ്ടെത്തിയതിനാൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി നൽകുന്ന അസ്ഥിഭാഗങ്ങളാകാം ഇതെന്നാണ് പോലീസിന്റെയും മെഡിക്കൽ വിദഗ്‌ധരുടെയും പ്രാഥമിക നിഗമനം. മെഡിക്കൽ വിദ്യാർഥികൾ ശരീരശാസ്ത്ര പഠനത്തിനായി ഇത്തരം മനുഷ്യ അസ്ഥികൾ സാധാരണയായി ഉപയോഗിക്കാറുണ്ട്. പഠനം കഴിഞ്ഞതിനുശേഷം ആരോ ഇതു ബാഗിലാക്കി ആറ്റിൽ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്.
ഒന്നാംവർഷ വിദ്യാർഥികൾക്കു നൽകുന്ന അസ്ഥിഭാഗങ്ങൾ ഇവർ പഠനത്തിനുശേഷം തൊട്ടടുത്ത വർഷം ചേരുന്ന വിദ്യാർഥികൾക്കു നൽകാറാണ് പതിവ്. ഇത് ആശുപത്രിയിൽ സൂക്ഷിക്കുന്നതല്ല എന്നാണ് പോലീസ് പറയുന്നത്. ഈ സാഹചര്യത്തിൽ ഇതൊരു കൊലപാതകമല്ലെന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തിച്ചേരുന്നത്.
വിദഗ്ധപരിശോധന നടത്തും
പ്രാഥമിക നിഗമനങ്ങൾ ഇതാണെങ്കിലും സംഭവത്തിൽ പൂർണമായ വ്യക്തത വരുത്തുന്നതിനായി അസ്ഥികൂടാവശിഷ്ടങ്ങൾ കൂടുതൽ വിദഗ്ധ പരിശോധനകൾക്കു വിധേയമാക്കും. ഡി.എൻ.എ. പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്കു കടക്കാനാണ് സാധ്യത.
അന്വേഷണം ഊർജിതം
ഈ അസ്ഥികൾ ഏതു മെഡിക്കൽ കോളേജിൽനിന്നുള്ളതാണെന്നും ഏതെങ്കിലും മെഡിക്കൽ വിദ്യാർഥികൾ മനഃപൂർവം ഉപേക്ഷിച്ചതാണോ എന്നും കണ്ടെത്താൻ നെടുമുടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിസരപ്രദേശങ്ങളിലെ മെഡിക്കൽ വിദ്യാർഥികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. തുടർന്ന്, ഇതു മറവുചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Content Highlights: Forensic analysis confirms remains belong to multiple individuals., Bones identified as study materials used by first-year medical students., Police rule out murder as the primary motive., Investigation ongoing to trace the origin of the medical specimens., DNA testing planned to ensure complete clarity.
Published: 21 May 2026, 07:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented