
കോഴിക്കോട്: പത്തുവർഷത്തെ തുടർഭരണത്തിനേറ്റ തിരിച്ചടി, തെറ്റ് പറ്റിപ്പോയെന്ന് കേന്ദ്ര കമ്മിറ്റി തന്നെ സമ്മതിച്ചു കഴിഞ്ഞ നാളുകൾ. ഒപ്പം വാളിന് മൂർച്ചകൂട്ടുവെന്നോണം മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാനുള്ള ഇഡി നിർദേശം. കഴിഞ്ഞ കുറച്ച് കാലംവരെ ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയെന്ന് അറിയപ്പെട്ടിരുന്ന കോഴിക്കോട്ട് വരുന്ന ആഴ്ച സിപിഎം വിശാല സംസ്ഥാന കമ്മിറ്റി ചേരുമ്പോൾ മുൻപിൽ വിഷയങ്ങളേറെയാണ്.
തെറ്റ് തിരുത്തൽ ചർച്ച പ്രധാന അജണ്ടയാകുന്ന യോഗത്തിൽ മുൻമുഖ്യമന്ത്രി പിണറായി വിജയനെതിരെ വലിയ വിമർശനം ഉയരാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ പ്രതിരോധം തീർക്കാൻ നേതൃത്വം മുൻകൂർ ശ്രമവും നടത്തിയിരുന്നു. കേന്ദ്രകമ്മിറ്റിപോലും അംഗീകരിച്ച പാളിച്ചകൾ ഉൾക്കൊള്ളിച്ച വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിനായുള്ള കരട് റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ആദ്യം തള്ളുകയും പിന്നീട് സംസ്ഥാന കമ്മിറ്റിയുടെ സമ്മർദത്തിന് വഴങ്ങി ഉൾക്കൊള്ളുകയുമൊക്കെ ചെയ്തത് പിണറായിക്കെതിരെ വലിയ വിമർശനം ഉയരുമെന്നത് കൊണ്ടു തന്നെയാണ്. അതിനിടെയാണ് വിശാല സംസ്ഥാന കമ്മിറ്റി യോഗം സംഘാടകസമിതി ചെയർമാൻ പി.എ മുഹമ്മദ് റിയാസ് അടക്കമുള്ളവരുടെ പേര് പറഞ്ഞുകൊണ്ട് കേസെടുക്കാനുള്ള കത്ത് ഇഡി ഡിജിപിക്ക് നൽകിയിരിക്കുന്നത്.
സെപ്റ്റംബർ 13 മുതൽ 15 വരെ നടക്കുന്ന യോഗത്തിൽ 307 പ്രതിനിധികളാണ് പങ്കെടുക്കുക. കഴിഞ്ഞ പത്തുവർഷത്തിനിടെ സമാനതകളില്ലാത്ത മാറ്റത്തിന് കേരളം സാക്ഷിയായിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. എന്നിട്ട് പോലും ദയനീയ പരാജയത്തിലേക്ക് കാര്യങ്ങളെത്തിച്ചതിന് ഇതുവരെ ഒരു മറുപടി ജനങ്ങളോടും പ്രവർത്തകരോടും തുറന്ന്പറയാൻ നേതൃത്വത്തിന് ആയിട്ടില്ല. പിണറായി വിജയന്റെ ഭാഷ, ശൈലി, കുടുംബാധിപത്യം ന്യൂനപക്ഷങ്ങളിൽ നിന്നുള്ള അകൽച്ച എന്നിവയെല്ലാം പ്രഥമദൃഷ്ട്യാ തോൽവിക്ക് കാരണമായെങ്കിലും ഇക്കാര്യം അംഗീകരിക്കാൻ നേതൃത്വം തയ്യാറായിട്ടില്ല. പകരം നേതൃത്വത്തിന് അല്ല ജനങ്ങൾക്കാണ് തെറ്റ് പറ്റിയത് എന്ന് ആവർത്തിക്കുകയാണ്. ചിലയിടങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ വന്ന പാളിച്ചകൾ അല്ലാതെ തോൽവിയുടെ യഥാർഥ കാരണത്തെ മനപ്പൂർവ്വം അംഗീകരിക്കുന്നില്ല. ഇവിടെയാണ് വിശാല സംസ്ഥാന കമ്മിറ്റിയുടെ പ്രാധാന്യം.
യോഗത്തിൽ പങ്കെടുക്കുന്ന അംഗങ്ങളിൽ നിന്ന് വാർത്തകൾ ചോരാതിരിക്കാനുള്ള പടിച്ചപണി പതിനെട്ടും നേതൃത്വം നോക്കുന്നുണ്ടെങ്കിലും ഇത് എത്രത്തോളം സാധ്യമാകുമെന്നാണ് കണ്ടറിയേണ്ടത്. കാരണം വാർത്തകൾ പുറത്ത് വരേണ്ടതും ചർച്ചകളെ കുറിച്ച് ജനങ്ങൾ അറിയേണ്ടതും തങ്ങളുടെ കൂടെ ആവശ്യമാണ് എന്ന് പല നേതാക്കൾക്കും നന്നായി അറിയാം. അതുവഴി മാത്രമാണ് പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അടക്കമുള്ളവരെയും തുറന്ന് കാട്ടാനാവുമെന്നും ചിന്തിക്കുന്നവരുണ്ട്.
വർഗീയത ആവോളം പറഞ്ഞിട്ടും എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയെ ചേർത്ത് പിടിച്ച മുഖ്യമന്ത്രിയുടെ നിലപാട്, ആഗോള അയ്യപ്പസംഗമത്തിൽ യോഗി ആദ്യത്യനാഥിന്റെ ആശംസ വായിച്ചത്, സഖ്യ കക്ഷികൾ പോലും അറിയാതെ പി.എം ശ്രീയിൽ ഒപ്പിട്ടത്, പാർട്ടി സെക്രട്ടറിയുടെ ഭാര്യയെ എതിർപ്പുകൾക്കിടയിലും സ്ഥാനാർഥിയാക്കാൻ വ്യഗ്രതയ കാട്ടിയത്, രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ഇതെല്ലാം തിരഞ്ഞെടുപ്പ് തോൽവിയുടെ പല കാരണങ്ങളിൽ ചിലതുമാത്രമാണ്. ഇക്കാര്യങ്ങളെല്ലാം കേന്ദ്രകമ്മിറ്റിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതെല്ലാം വിശാല യോഗത്തിൽ ചർച്ച ചെയ്യാൻ തന്നെയാണ് നീക്കം. അങ്ങനെയല്ലെങ്കിൽ എന്തിന് ഇങ്ങനെയൊരു യോഗം ചേരുന്നതെന്നും ഒരു വിഭാഗം കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാനകമ്മിറ്റിയിൽ ചോദിച്ചിരുന്നു.
ഇനിയാണ് കണ്ടറിയേണ്ടത്. ദയനീയമായി തോറ്റിട്ടും പാർട്ടിയിൽ തന്റേതാണ് അവസാന വാക്ക് എന്ന നിലപാടിൽ നിന്ന് മാറാൻ പിണറായി തയ്യാറാവാത്തതിൽ പല നേതാക്കൾക്കും ഇപ്പോഴും അരിശമുണ്ട്. പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സിപിഎം-സിപിഐ തർക്കവും അതിനോട് പിണറായി നടത്തിയ പ്രതികരണവും ഉദാഹരണമാണ്. ഇതൊക്കെ ചർച്ചയാകും. അതുകൊണ്ടുതന്നെ മരുന്നുകൾ ധാരാളം നിറച്ചുകൊണ്ടുതന്നെയാവും 307 പ്രതിനിധികളും യോഗത്തിന് എത്തുക. ഒരു വിശാല സംസ്ഥാന കമ്മിറ്റിക്ക് ശേഷം നേതൃമാറ്റം ഉണ്ടാവാൻ സാധ്യത ഇല്ലെങ്കിലും വിമർശന ശരങ്ങൾ അതിശക്തമായി തന്നെ നേതാക്കൾ ഏറ്റുവാങ്ങേണ്ടി വരുമെന്നും ഉറപ്പുമാണ്.
Published: 09 Sept 2026, 06:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented