ആലപ്പുഴ: കുടുംബശ്രീ സംരംഭകർക്ക് എളുപ്പത്തിൽ വായ്പകിട്ടാൻ വഴിയൊരുങ്ങുന്നു. ഇതിനായി പ്രത്യേക വായ്പ ആപ്ലിക്കേഷൻ കുടുംബശ്രീ വികസിപ്പിച്ചു. സംരംഭങ്ങൾ വികസിപ്പിക്കുന്നതിന് കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കുകയാണു ലക്ഷ്യം.
ദേശീയ ഗ്രാമീണ ഉപജീവനദൗത്യമാണ് (എൻ.ആർ.എൽ.എം.) ആപ്ലിക്കേഷൻ തയ്യാറാക്കിയത്. കുടുംബശ്രീയിൽ കുറഞ്ഞത് രണ്ടുവർഷം അംഗത്വമുള്ളവർക്ക് അപേക്ഷിക്കാം. ഒരുവർഷമെങ്കിലുമായ സ്വന്തം സംരംഭവും വേണം.
വായ്പയ്ക്കായി രേഖകളോ ഇൗടോ ആവശ്യമില്ല. 10 ലക്ഷം രൂപവരെ വായ്പ കിട്ടും. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവരായിരിക്കണം അപേക്ഷകർ. ഇതുറപ്പാക്കാൻ അയൽക്കൂട്ടത്തിൽനിന്ന് വായ്പ എടുത്തിട്ടുള്ളവരാകണമെന്ന നിബന്ധനയുണ്ട്. വായ്പ ആവശ്യമുള്ളവർ തൊട്ടടുത്തുള്ള സി.ഡി.എസുകളെയാണ് ബന്ധപ്പെടേണ്ടത്. അംഗങ്ങൾക്ക് നേരിട്ട് ആപ്ലിക്കേഷനിലൂടെ അപേക്ഷിക്കാനാകില്ല.
മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റു(എം.ഇ.സി.)മാരുടെ സഹായത്തോടെയാണ് വായ്പനടപടി പൂർത്തിയാക്കുന്നത്. വായ്പ ആവശ്യമുള്ള അയൽക്കൂട്ടാംഗങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതും സംരംഭത്തിന്റെ സ്ഥിതി വിലയിരുത്തുന്നതും അപേക്ഷ നൽകുന്നതുമെല്ലാം എം.ഇ.സി.മാരാണ്. ഇത് ബാങ്കുകൾ പരിശോധിച്ചശേഷമാണ് വായ്പ അനുവദിക്കുക.
13 ബാങ്കുകളാണ് ആപ്ലിക്കേഷനിനുള്ളത്. ആനുകൂല്യങ്ങൾ, പലിശനിരക്ക്, തിരിച്ചടവ് കാലാവധി തുടങ്ങിയവ ആപ്ലിക്കേഷിനിൽനിന്നു മനസ്സിലാക്കി ഏതു ബാങ്ക് വേണമെന്ന് അംഗത്തിനു തീരുമാനിക്കാം.
കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പലിശ സബ്‌സിഡി ലഭിക്കും. പണമടയ്ക്കുന്നതും മറ്റും ബാങ്കുമായി നേരിട്ടുള്ള ഇടപാടാകും. പുതിയ രീതിയിൽ അപേക്ഷ നൽകുന്നതുവഴി വായ്പകിട്ടുന്നതിലെ കാലതാമസം, മറ്റു രേഖകളുടെ ആവശ്യങ്ങൾ എന്നിവ ഒഴിവാക്കാമെന്ന് കുടുംബശ്രീ അധികൃതർ പറഞ്ഞു.
Content Highlights: New mobile application launched for hassle-free loan processing, Loans up to 10 lakhs available without collateral or documentation, Exclusive for Kudumbashree members with at least 2 years of membership, Applicants must have an existing business of at least one year, Applications processed via MECs through local CDS offices, Interest subsidy available for timely repayment
Published: 08 Jun 2026, 08:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented