കാഞ്ഞിരപ്പള്ളി: കെഎസ്ആര്‍ടിസി ബസില്‍നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ നീക്കാത്തതിന് നടപടി നേരിട്ട ഡ്രൈവര്‍, ബസ് ഓടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു. പൊന്‍കുന്നം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ ജെയ്മോന്‍ ജോസഫി (44)നെയാണ് ബസില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

To advertise here,

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. ദേശീയപാത 183-ല്‍ മുണ്ടക്കയത്തുനിന്ന് പാലായിലേക്ക് പോകുകയായിരുന്നു ബസ് കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ എത്തിയപ്പോഴാണ് ജെയ്മോന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശരീരം വിയര്‍ക്കുകയും കണ്ണില്‍ ഇരുട്ട് കയറുകയും ചെയ്തതോടെ ബസ് അരികിലേക്ക് ഒതുക്കിനിര്‍ത്തിയ ഉടന്‍ ജെയ്മോന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. രക്തസമ്മര്‍ദ്ദവും പ്രമേഹവും കൂടിയതാണ് കാരണം. സര്‍വീസ് മുടങ്ങി. ഇദ്ദേഹത്തെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുണ്ടക്കയത്തുനിന്ന് തിരുവനന്തപുരത്തേക്കുപോയ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കാലിക്കുപ്പികള്‍ കൂട്ടിയിട്ടതായി മന്ത്രി ഗണേഷ്‌കുമാര്‍ കണ്ടെത്തിയ സംഭവത്തിലാണ്, പൊന്‍കുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാരെ ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയത്. പിന്നീട് ഞായറാഴ്ച സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചതായി ഫോണില്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ, ആദ്യം ഇറക്കിയ ഉത്തരവ് പാലിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫ്, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ കെ.എസ്. സജീവ്, മെക്കാനിക്കല്‍ വിഭാഗത്തിലെ ചാര്‍ജ്മാന്‍ വിനോദ് എന്നിവരെ സ്ഥലംമാറ്റിയാണ് ചീഫ് ഓഫീസില്‍നിന്ന് വെള്ളിയാഴ്ച വൈകീട്ട് ഉത്തരവെത്തിയത്. ജെയ്മോന്‍ ജോസഫിന് തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട് ഡിപ്പോയിലേക്കും സജീവിന് തൃശ്ശൂര്‍ ഡിപ്പോയിലേക്കും വിനോദിന് കൊടുങ്ങല്ലൂരിലേക്കുമാണ് മാറ്റം നല്‍കിയിരുന്നത്. ഒന്നാംതീയതിയാണ് നടപടിക്കിടയാക്കിയ സംഭവം. സജീവ് കെഎസ്ആര്‍ടിഇഎ (സിഐടിയു) കോട്ടയം ജില്ലാ ട്രഷററാണ്. ഡ്രൈവര്‍ ടിഡിഎഫ് അംഗവും മെക്കാനിക്ക് വിഭാഗം ജീവനക്കാരന്‍ ബിഎംഎസ് അംഗവുമാണ്.

തെറ്റ് ചെയ്തിട്ടില്ല - ജെയ്മോന്‍ ജോസഫ്

സ്ഥലമാറ്റം ഉത്തരവ് അറിഞ്ഞതുമുതല്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. ഒരു തെറ്റും ചെയ്തിട്ടില്ല, എന്ത് ചെയ്യണമെന്നുപോലും അറിയില്ല. രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും മരുന്ന് കഴിക്കുന്നുണ്ട്. ഇതിനായാണ് വെള്ളക്കുപ്പികള്‍ സൂക്ഷിച്ചിരുന്നത്. മാതാപിതാക്കള്‍, ഭാര്യ, എല്‍കെജിയില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ എന്നിവരുടെ ഏക ആശ്രയമാണ് ഞാന്‍. പിതാവിനും ആരോഗ്യപ്രശ്‌നമുണ്ട്.