
കോഴിക്കോട്: കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ചുതകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി. കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ ഏറെ ചർച്ചയായ സംഭവത്തിലാണ് ചില്ല് തകർത്ത മുംതാസ് ബീഗം നേരിട്ട് മാധ്യമങ്ങളിലൂടെ വിശദീകരണം നൽകിയത്. ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും പിഴ അടച്ച് പ്രശ്‌നം പരിഹരിച്ചതാണെന്നും എന്നാൽ, ഇപ്പോൾ തനിക്കെതിരേ നടക്കുന്നത് സൈബർ ആക്രമണമാണെന്നും മുംതാസ് 'മാതൃഭൂമി ന്യൂസി'നോട് പറഞ്ഞു.
''ഞാൻ ഈ പ്രശ്‌നത്തിൽ നേരത്തേ മാപ്പ് പറഞ്ഞതാണ്. പിഴത്തുകയും അടച്ചിരുന്നു. ചെയ്തതിനെ ന്യായീകരിക്കുന്നില്ല. ആ സമയത്തുണ്ടായ പാനിക്ക് സിറ്റുവേഷനിൽ പറ്റിപ്പോയ അബദ്ധമാണ്. ഒരു എമർജൻസി സിറ്റുവേഷനിൽ പറ്റിപ്പോയ അബദ്ധമായിരുന്നു. അതിനുള്ള ഫൈനും അടച്ചു. പ്രശ്‌നവും പരിഹരിച്ചു.
സംഭവം കഴിഞ്ഞ് അഞ്ചാമത്തെ ദിവസമാണ് വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ വന്നത്. ഞാനിപ്പോൾ നേരിടുന്നത് സൈബർ ആക്രമണമാണ്. ഈ ഒരു കേസിനെ പലതുമായും ബന്ധപ്പെടുത്തുന്നു. ഞാൻ ധരിച്ച വസ്ത്രം ഉൾപ്പെടെവെച്ച് പലതും പറയുന്നു. എല്ലാവരുടെ വീട്ടിലും സ്ത്രീകളുള്ളതാണ്. അവർക്ക് ഏത് സാഹചര്യത്തിലും പ്രശ്‌നങ്ങൾ വരാം.
കോട്ടയ്ക്കലിൽനിന്ന് കോഴിക്കോട്ടേക്കാണ് ടിക്കറ്റെടുത്തത്. കോഴിക്കോട് ഇറങ്ങാമെന്നാണ് വിചാരിച്ചത്. പക്ഷേ, എമർജൻസി സിറ്റുവേഷൻവന്ന സമയത്ത് ബസ് നിർത്തിത്തരുമോ എന്ന് ചോദിച്ചു. ലുലുവിന്റെ അരികിൽ നിർത്തിതരുമോ എന്നാണ് ചോദിച്ചത്. അപ്പോൾ അവിടെ നിർത്താൻ പറ്റില്ലാന്ന് പറഞ്ഞു. ഓകെ, അങ്ങനെയാണെങ്കിൽ മിംസ് ആശുപത്രിയുടെ സ്റ്റോപ്പിൽ നിർത്താമോ എന്ന് ചോദിച്ചു. അതും പറ്റില്ലെന്ന് പറഞ്ഞു. കുറേപറഞ്ഞിട്ടും കേട്ടില്ല. അപ്പോൾ എമർജൻസി എക്‌സിറ്റ് ഉപയോഗിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. എന്താന്നുവെച്ചാൽ ആയിക്കോ എന്ന നിലപാടിലായിരുന്നു അവർ. ഞാൻ ഒറ്റയ്ക്കാണ് സഞ്ചരിച്ചിരുന്നത്. വേറെ ആരും കൂടെയുണ്ടായിരുന്നില്ല. വേറെ ഒരു പിന്തുണയും കിട്ടിയില്ല. അപ്പോൾ മൈൻഡ് പെട്ടെന്ന് ട്രിഗർ ആയി സംഭവിച്ചിട്ടുള്ള കാര്യമാണ്.
ടോയ്‌ലെറ്റിൽ പോകാനുള്ള എമർജൻസിയായിരുന്നു. പക്ഷേ, അത് പറഞ്ഞിട്ടും മോശമായി പലരും കമന്റ് ചെയ്യുകയാണ്. സാരമില്ല. ബസിൽ ആ സമയത്ത് ഇതാണ് ആവശ്യമെന്ന് അവരോട് പറഞ്ഞിരുന്നില്ല. എമർജൻസിയായി ഇറങ്ങണമെന്നാണ് പറഞ്ഞത്. അതാണ് ഉണ്ടായത്.
ചില്ല് തകർത്തതൊക്കെ ആ നിമിഷം സംഭവിച്ചുപോയതാണ്. എമർജൻസി വാതിൽ തുറന്ന് പുറത്തിറങ്ങാമെന്ന് വിചാരിച്ചു. എന്നിട്ടും ബസ് നിർത്തിയില്ല. നേരേ കെഎസ്ആർടിസി സ്റ്റാൻഡിലേക്കാണ് പോയത്. അവിടെ പോലീസ് വന്നു. പോലീസിനോട് കാര്യങ്ങൾ പറഞ്ഞു. പോലീസ് സ്‌റ്റേഷനിൽവെച്ചാണ് പിഴ അടച്ചത്. 28,000 രൂപ അടച്ചു. കട്ടപ്പന-മാനന്തവാടി ബസായിരുന്നു. ട്രിപ്പ് മുടങ്ങിയതിന്റെ പണം അടക്കം അടച്ചു. എന്റെ ഭാഗത്തുനിന്നുള്ള ക്ഷമാപണം എഴുതിക്കൊടുത്തു. എന്റെ ഫോണിൽ റെക്കോഡ്‌ചെയ്ത വീഡിയോയും ഒഴിവാക്കി.
അതിനുശേഷം ഇങ്ങനെയൊരു സൈബർ ആക്രമണത്തിന്റെ ആവശ്യമുണ്ടോ എന്ന് എനിക്കറിയില്ല. ആരെങ്കിലും ഒരു അപകടത്തിൽപ്പെടുമ്പോൾ അവരോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും അറിയില്ല.
എന്റെ സഹോദരങ്ങൾ സ്‌റ്റേഷനിലെത്തിയിരുന്നു. കെഎസ്ആർടിസി ഉദ്യോഗസ്ഥരും എത്തിയിരുന്നു. പ്രശ്‌നം പരിഹരിച്ചശേഷമാണ് വീഡിയോ വൈറലായത്. ഒരു സ്വകാര്യബസിന്റെ പേരിലുള്ള പേജിലാണ് വീഡിയോ ആദ്യംവന്നത്. ആദ്യം മുഖംമറിച്ചാണ് വീഡിയോ ഇട്ടത്. പിന്നീട് പല പേജുകളിലും മുഖം കാണിച്ചുള്ള വീഡിയോയും പോസ്റ്റ്‌ചെയ്തു. എന്റെ അനുമതി ഇല്ലാതെ ഇത്തരമൊരു വീഡിയോ പ്രചരിപ്പിക്കുന്നത് ശരിയാണോ. അത് അവർ തന്നെ പറയണം.
സൈബർക്രൈം വലിയ ക്രൈം തന്നെയാണ്. ഞാൻ ചെയ്തതിനെ ന്യായീകരിക്കുന്നില്ല. പക്ഷേ, ഞാൻ ചെയ്തതിന്റെ പേരിൽ ഇത്രയും ആൾക്കാർ എനിക്കെതിരേ സൈബർ ആക്രമണം നടത്തേണ്ട ആവശ്യമുണ്ടോ എന്നറിയില്ല. എന്റെ സാമൂഹികമാധ്യമ അക്കൗണ്ട് പലരും റിപ്പോർട്ട്‌ചെയ്യുന്നു. എന്റെ ലുക്കിനെപ്പറ്റിയും പറയുന്നു. ഞാൻ അവതാരകയായി ജോലിചെയ്യുന്നയാളാണ്. ജോലിക്ക് പോകുകയായിരുന്നു ആ ദിവസം. മറ്റുശബ്ദങ്ങൾ കേൾക്കാതിരിക്കാനാണ് ഹെഡ്‌ഫോൺ ഉപയോഗിച്ചത്.
സോഷ്യൽമീഡിയയിൽ ആരെങ്കിലും ഒരാളെ കിട്ടിയാൽ അവരെ ആക്രമിക്കുകയാണ്. എനിക്ക് ഇത് പുതിയകാര്യമാണ്. ആദ്യമായാണ് ഇങ്ങനെയൊരു കാര്യം അഭിമുഖീകരിക്കുന്നത്. ആർക്കും ഇങ്ങനെയൊരു അവസ്ഥ വരരുത്. ഞാൻ തെറ്റ് ഏറ്റുപറഞ്ഞിട്ടും എന്നെ ആക്രമിക്കുന്നതിൽ വലിയ സങ്കടമുണ്ട്'', മുംതാസ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് യുവതി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ ചില്ല് തകർക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. സ്റ്റോപ്പ് ഇല്ലാത്തിടത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ജീവനക്കാർ ഇത് നിരസിച്ചു. ഇതോടെ യുവതി ജീവനക്കാരോട് തട്ടിക്കയറുകയും ബസിനുള്ളിലെ 'ഗ്ലാസ് ബ്രേക്കിങ് ഹാമർ' ഉപയോഗിച്ച് വശത്തെ ചില്ല് തകർക്കുകയുമായിരുന്നു. സംഭവത്തിൽ 28,000 രൂപയാണ് യുവതിയിൽനിന്ന് പിഴയായി ഈടാക്കിയത്. ചില്ല് തകർത്തതിന്റെ നഷ്ടപരിഹാരവും ട്രിപ്പ് മുടങ്ങിയതിന്റെ തുകയും ചേർത്താണ് ഈടാക്കിയത്. സംഭവം വൈറലായതോടെ മുംതാസ് തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ ഇതേക്കുറിച്ച് വിശദീകരണം നൽകിയിരുന്നു.
Content Highlights: The passenger, Mumtaz Begum, admitted to breaking the KSRTC bus glass during a medical emergency., She paid a fine of 28,000 rupees, covering damages and trip loss, to resolve the matter legally., The incident was resolved at the police station, but the video later went viral on social media., The passenger is now facing severe cyberbullying and harassment regarding her appearance and personal life., She questions the ethics of sharing the incident video without her consent.
Published: 16 May 2026, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented