തിരുവനന്തപുരം: കരാറുകാർതൊട്ട് മീറ്റർ റീഡർമാരുടെ കാര്യത്തിൽവരെ കെഎസ്ഇബിയിൽ ഒരു വ്യവസ്ഥയും പാലിക്കുന്നിെല്ലന്ന് വിജിലൻസ് കണ്ടെത്തൽ. ഓരോ ആറുമാസവും മീറ്റർ റീഡർമാരെ മേഖലാടിസ്ഥാനത്തിൽ മാറ്റിനിയമിക്കണം. മീറ്റർ റീഡർമാരെ ഉപഭോക്താക്കൾ സ്വാധീനിക്കാതിരിക്കാനാണ് ഈ രീതി. എന്നാൽ, മൂന്നുവർഷം കഴിഞ്ഞിട്ടും ഒരേ മേഖലയിൽത്തന്നെ ജോലിചെയ്യുന്നതായും കണ്ടെത്തി.

To advertise here,

പല ഓഫീസുകളിലും വർഷങ്ങളായി സ്ഥിരം കരാറുകാരാണ്. എസ്റ്റിമേറ്റ് പ്രകാരം പ്രവൃത്തി നടത്താതെയാണ് ബില്ലുകൾ മാറുന്നത്. കരാറടിസ്ഥാനത്തിലുള്ള വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നു. പണികൾ നടത്തിയശേഷം മിച്ചംവരുന്ന കമ്പികളും മറ്റു വസ്തുക്കളും കൃത്യമായി സൂക്ഷിക്കാറുമില്ല.

തൃപ്പൂണിത്തുറ ഇലക്‌ട്രിക്കൽ സെക്‌ഷൻ ഓഫീസിൽ 12 ജോലികളുടെ കരാർ ഒരാൾക്കുതന്നെ അനുവദിച്ചു. കരാറിന് സമർപ്പിച്ച എല്ലാ ക്വട്ടേഷനിലെയും കൈയക്ഷരം ഒന്നുതന്നെ. ഒരാൾതന്നെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പല പേരുകളിൽ കരാർ സ്വീകരിച്ചുവെന്നാണ് സംശയിക്കുന്നത്.

കരാറുകാരുമായി ചേർന്ന് ഉദ്യോഗസ്ഥർ അഴിമതിനടത്തുന്നത് ഗൗരവത്തോടെ കാണുന്നതായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു. കണ്ടെത്തിയ കേസുകളിൽ ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ വിശദമായി പരിശോധിക്കുമെന്നും പറഞ്ഞു.

എന്നാൽ, അടിയന്തരമായി ചെയ്യേണ്ട അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള ജോലികളാണ് കരാർ നൽകുന്നതെന്നും ഇതിന് ടെൻഡർ നടപടികൾ അപ്രായോഗികമാണെന്നുമാണ് കെഎസ്ഇബിയുടെ വാദം. പല സെക്‌ഷനിലും കരാറുകാരെ കിട്ടാത്തതിനാൽ ഒരേ കരാറുകാർ പല സെക്‌ഷനുകളിലേയും ജോലികൾ വർഷങ്ങളായി ചെയ്യുന്നുണ്ട്. ഇതെല്ലാം ക്രമക്കേടാണെന്ന വിജിലൻസ് കണ്ടെത്തൽ സെക്‌ഷൻ ഓഫീസുകളിലെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കെഎസ്ഇബി വൃത്തങ്ങൾ പറയുന്നു.