തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണ കരാര്‍, കാര്‍ ആക്‌സസറീസ് ഉണ്ടാക്കുന്ന കമ്പനിക്ക് നല്‍കിയില്ലെങ്കിലേ അദ്ഭുതമുള്ളൂവെന്ന് അരുവിക്കര എം.എല്‍.എ. കെ.എസ്. ശബരീനാഥന്‍.

To advertise here,

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണ കരാര്‍ നല്‍കിയത് കാര്‍ ആക്‌സസറീസ് ഷോപ്പ് ആയ കാര്‍ പാലസിന് ആണെന്ന സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്തുവന്നതിനു പിന്നാലെ മാതൃഭൂമി ന്യൂസിനോടു പ്രതികരിക്കുകയായിരുന്നു ശബരീനാഥന്‍.

ലൈഫ് മിഷന്റെ അടിസ്ഥാനത്തില്‍ വീടുവെക്കാന്‍ കൊടുത്തത് മൊബൈല്‍ ടവറുണ്ടാക്കുന്ന കമ്പനിക്കാണ്. സ്‌പേസ് പാര്‍ക്ക് പദ്ധതിക്ക് സര്‍ക്കാര്‍ നിയോഗിച്ചത് പത്താംക്ലാസ് കഷ്ടിച്ച്‌ പാസായ സ്വപ്‌ന സുരേഷിനെയാണ്‌. കാര്‍ ആക്‌സസറീസ് ഉണ്ടാക്കുന്ന കമ്പനിക്ക് വീടുകളുടെ പുനരുദ്ധാരണ പദ്ധതി ഈ സര്‍ക്കാറും സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കൊടുത്തില്ലെങ്കിലേ അദ്ഭുതമുള്ളൂ- ശബരീനാഥന്‍ പറഞ്ഞു.

യു.എ.എഫ്.എക്‌സ്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള, കാര്‍ പാലസിന്റെ ഉടമസ്ഥതയിലുള്ള ആളുകള്‍ തന്നെയാണ് തിരുവനന്തപുരം കോണ്‍സുലേറ്റിന് ചേര്‍ന്നുനിന്നു കൊണ്ട് തന്നെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഫോറിന്‍ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അനധികൃതമായി ചെയ്തു കൊണ്ടിരുന്നത്.

മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍സുലേറ്റുകളില്‍ സല്‍പ്പേരുള്ള ഏജന്‍സികള്‍ക്ക് ഈ പ്രവൃത്തി കൊടുത്തപ്പോള്‍ തിരുവനന്തപുരത്ത് മാത്രം കൊടുത്തത് യു.എ.എഫ്.എക്‌സ്. എന്ന ഗ്രൂപ്പിനാണ്. യു.എ.എഫ്.എക്‌സ്. എന്ന ഗ്രൂപ്പും കാര്‍ പാലസ് എന്ന ഗ്രൂപ്പും ആരാണ് എന്ന് അന്വേഷിക്കുകയാണെങ്കില്‍ അവര്‍ക്ക് ഏറ്റവും അടുത്ത ബന്ധമുള്ള പാര്‍ട്ടിയിലെ ഉന്നതനും കുടുംബവും ആരാണ് എന്നുള്ളത് തിരുവനന്തപുരത്ത് ഉള്ള ഏതൊരാളോടും ചോദിച്ചാലും അറിയാവുന്ന കാര്യമാണെന്നും ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയും കുടുംബവും എല്ലാമുള്ള ഒരു ഒക്കച്ചങ്ങായിമാരായ ഒരു വലിയ കറക്കുകമ്പനി ആണിതെന്ന് വ്യക്തമാക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു മാത്രമല്ല, പാര്‍ട്ടിയിലെ ഉന്നതന്റെ മക്കള്‍ക്കുമൊക്കെ ഇതില്‍ ബന്ധമുണ്ടെന്നുള്ളത് വളരെ വ്യക്തമായി വരുന്നതാണ് യു.എ.എഫ്.എക്‌സും കാര്‍ പാലസും അടക്കമുള്ള ഈയൊരു ബന്ധമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കാര്‍ പാലസും യു.എ.എഫ്.എക്‌സുമായി കോടിയേരി ബാലകൃഷ്ണന്റെ മകനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണെന്ന് ബി.ജെ.പി. നേതാവ് എസ്. സുരേഷ് പറഞ്ഞു.

content highloghts: ks sabarinathan and s suresh on flood affected house renovation contract to car palace