ന്യൂഡൽഹി: തട്ടിക്കൂട്ടിയ ഡി.പി.ആറാണ് കെ- റെയിലിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നതെന്നും ഒരു പഠനവും നടത്താതെയുള്ള അബദ്ധ പഞ്ചാംഗമാണ് ഡിപിആറെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതിയുടെ സൂഷ്മ വിശദാംശങ്ങള്‍ പോലും ഉള്‍പ്പെടുന്നതാകണം ഡി.പി.ആര്‍ എന്നാല്‍ പദ്ധതിയുടെ സാങ്കേതിക, ശാസ്ത്രീയ, സാമ്പത്തിക വശങ്ങളൊന്നും ഡി.പി.ആറില്‍ ഇല്ല. ഇതാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിലും വ്യക്തമാക്കിയത്. കെ- റെയില്‍ അശാസ്ത്രീയവും അപ്രായോഗികവുമായ പദ്ധതിയാണെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയതാണെന്നും അദ്ദേഹം പറഞ്ഞു.
പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സര്‍ക്കാര്‍ പറയുന്നത്. കെ റെയില്‍ പോകുന്ന 202 കിലോമീറ്റര്‍ ദൂരം കമ്പി വേലിയാണെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇരു വശത്തും മതിലുകളാണെന്നും അവിടെ പരസ്യം നല്‍കണമെന്നുമാണ് ഡി.പി.ആറില്‍ പറയുന്നത്. 328 കിലോ മീറ്റര്‍ ദൂരം 30 മുതല്‍ 40 അടി വരെ ഉയരത്തില്‍ എംബാങ്കമെന്റ് കെട്ടുമെന്നും പറയുന്നു. സില്‍വര്‍ ലൈന്‍ കൊറിഡോറായ മതിലു കെട്ടിയ ഈ ഭാഗം പ്രളയം വന്നാല്‍ എന്തു ചെയ്യുമെന്ന് ഡി.പി.ആറില്‍ സംശയം ഉന്നയിക്കുന്നുണ്ട്.
പരിസ്ഥിതി ലോലമായ ഒരു സംസ്ഥാനത്താണ് ഇത്രയേറെ പ്രകൃതി വിഭവങ്ങള്‍ ചെലവാക്കേണ്ട പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ മുഴുവന്‍ ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ്. ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് എന്ന പേരല്ലാതെ കെ- റെയില്‍ സംബന്ധിച്ച ഒരു വിശദാംശങ്ങളും ഡി.പി.ആറില്‍ ഇല്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പദ്ധതിക്കു വേണ്ടി സ്ഥലം ഏറ്റെടുപ്പിലേക്ക് പോകാനുള്ള ഘട്ടമായിട്ടില്ല. എന്നാല്‍ സ്ഥലം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ആദ്യം താല്‍പര്യം പ്രകടിപ്പിച്ചത്. സ്ഥലം ഏറ്റെടുത്താലെ വായ്പ എടുക്കാനാകൂ. അവിടെയാണ് കമ്മീഷന്റെയും അഴിമതിയുടെയും സാധ്യതകളുള്ളത്. അതുകൊണ്ടാണ് അനാവശ്യമായ ധൃതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടിയത്. ഇപ്പോള്‍ നടത്തുന്ന സാമൂഹിക ആഘാത പഠനവും തട്ടിപ്പാണ്. സമൂഹിക ആഘാത പഠനത്തിന്റെ പേരില്‍ വെറും വിവരശേഖരണം മാത്രമാണ് നടത്തുന്നത്. പ്രാഥമികമായി വേണ്ട ഒരു കാര്യവും ചെയ്യാതെ ലോണ്‍ എടുക്കാനുള്ള ആവേശം മാത്രമാണ് സര്‍ക്കാര്‍ കാട്ടിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തത്വത്തില്‍ അംഗീകാരം കിട്ടിയെന്ന സര്‍ക്കാര്‍ വാദവും തെറ്റാണ്. ഭാവിയില്‍ അനുമതി കിട്ടുമെന്ന ഒരു ഉറപ്പും ഇല്ല. എന്താണ് പദ്ധതിയെന്നോ ചെലവെന്നോ അറിയാതെ എങ്ങനെയാണ് തത്വത്തില്‍ അനുമതി ലഭിക്കുന്നത്? വി.ഡി.സതീശൻ ചോദിച്ചു. ഡി.പി.ആറില്‍ കൃത്രിമ ഡാറ്റയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡാറ്റയില്‍ ഇത്രയും കൃത്രിമത്വം കാട്ടിയ പദ്ധതി ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. അതാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.
400 വന്ദേ ഭാരത് എക്സ്പ്രസുകള്‍ കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ സില്‍വര്‍ ലൈനില്‍ നിന്നും പിന്‍മാറണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 160 മുതല്‍ 180 കിലോ മീറ്റര്‍ സ്പീഡിലാണ് വന്ദേഭാരത് എക്സ്പ്രസുകള്‍ ഓടുന്നത്. ഈ ട്രെയിനുകള്‍ കേരളത്തിലും കൊണ്ടുവരണം. ഇതോടെ കെ-റെയിലിന്റെ പ്രസക്തി തന്നെ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ പാര്‍ട്ടി നിലപാടിനൊപ്പമാണ്. വ്യത്യസ്തമായ അഭിപ്രായം പറയുന്നത് തെറ്റല്ല. അന്ന് അദ്ദേഹം വിഷയം പഠിച്ചിരുന്നില്ല. പിന്നീട് അദ്ദേഹത്തെ കാര്യങ്ങള്‍ ബോധിപ്പിച്ചതായും പ്രതിപക്ഷ നേതാവ് ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: krail dpr is a false report without any study says opposition leader vd satheeshan
Published: 02 Feb 2022, 08:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented