തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് ബദലായി വിഭാവനംചെയ്ത അതിവേഗ റെയിൽ പദ്ധതിയിൽ പുതിയ നീക്കവുമായി മെട്രോമാൻ ഇ. ശ്രീധരൻ. പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾക്കായി അദ്ദേഹം വെള്ളിയാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ചു മണിയോടെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

To advertise here,

നേരത്തെ പിണറായി വിജയൻ സർക്കാരിന് മുന്നിൽ അവതരിപ്പിച്ച ബദൽ പദ്ധതിയുമായാണ് ഇ. ശ്രീധരൻ ഇപ്പോൾ പുതിയ സർക്കാരിനെ സമീപിക്കുന്നത്. നിലവിലുള്ള റെയിൽ പാതകളുമായി കൂട്ടി യോജിപ്പിക്കാൻ കഴിയുന്നതും ബ്രോഡ്‌ഗേജ് അടിസ്ഥാനമാക്കിയുള്ളതുമായ ഈ പദ്ധതിക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയാണ് വിഭാവനം ചെയ്യുന്നത്.

പദ്ധതിയുടെ വിശദമായ പദ്ധതി രേഖയുടെ (ഡിപിആർ) 70 ശതമാനത്തോളം പൂർത്തിയായിട്ടുണ്ടെന്നാണ് വിവരം. ഡിപിആർ നടപടികൾ പൂർത്തിയാകുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സമീപിച്ച് പദ്ധതിയുമായി മുന്നോട്ട് പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

പദ്ധതി സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇ. ശ്രീധരൻ നേരത്തെ പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. സിൽവർ ലൈൻ പദ്ധതിയുടെ ഭൂമി വിജ്ഞാപനം വി.ഡി. സതീശൻ സർക്കാർ പിൻവലിച്ച സാഹചര്യത്തിൽ, അതിവേഗ റെയിൽ പദ്ധതിയിൽ സർക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നത് നിർണായകമാണ്. സംസ്ഥാന സർക്കാരിൽനിന്ന് അനുകൂല പ്രതികരണം ലഭിക്കുകയാണെങ്കിൽ കേന്ദ്ര റെയിൽവേ മന്ത്രാലയവുമായി ചേർന്ന് തുടർന്നുള്ള നടപടികളിലേക്ക് അദ്ദേഹം കടക്കുമെന്നാണ് സൂചന.