തിരുവനന്തപുരം: ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരന് കെപിസിസിയുടെ താക്കീത്. ആശാവര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടിലാണ് താക്കീത്. പാര്‍ട്ടിവിരുദ്ധ നിലപാട് സ്വീകരിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

To advertise here,

ആശാവര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി പാര്‍ട്ടിവിരുദ്ധ സമീപനമായിരുന്നു ചന്ദ്രശേഖരന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ആരോപണമുണ്ടായിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍, കെസി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ ആശാ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരവേദിയില്‍ എത്തുമ്പോഴും സിപിഎമ്മും സിഐടിയുവും സ്വീകരിക്കുന്ന നിലപാടിന് ഒപ്പമായിരുന്നു ചന്ദ്രശേഖരന്‍. 

പിന്നീട് ചന്ദ്രശേഖരന്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അന്ന് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍, കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും അഭ്യര്‍ഥന മാനിച്ച് സമരത്തെ പിന്തുണയ്ക്കുന്നു എന്ന് വ്യക്തമാക്കിയിരുന്നു. ഇത് വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് ആശാ വര്‍ക്കര്‍മാരെയും ട്രേഡ് യൂണിയന്‍ നേതാക്കളെയും വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയപ്പെടുത്തിയത് ആര്‍. ചന്ദ്രശേഖരനാണെന്ന് ഗുരുതര ആരോപണം ആശാ വര്‍ക്കാര്‍മാര്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. 

തുടക്കംമുതല്‍ ആശാവര്‍ക്കര്‍മാരുടെ സമരത്തോട് മുഖംതിരിച്ചുനില്‍ക്കുകയായിരുന്നു ചന്ദ്രശേഖരന്‍. ഇടതുസര്‍ക്കാരിലെ ചിലരുമായി ചന്ദ്രശേഖരനുള്ള അടുത്തബന്ധവും വിമര്‍ശിക്കപ്പെട്ടു. കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ചന്ദ്രശേഖരന്‍ അടക്കമുള്ളവര്‍ക്കെതിരേ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചത് ഇതിന്റെ ഭാഗമാണെന്നായിരുന്നു ആരോപണം.