മാതൃഭൂമിയുമായുള്ള തന്റെ ഹൃദയബന്ധം പല സന്ദർഭങ്ങളിലും കെ.പി ഉണ്ണികൃഷ്ണൻ പങ്കുവെച്ചിട്ടുണ്ട്. ന്യുഡൽഹിയിൽ ഒരു ഇടവേള മാതൃഭൂമിയുടെ ലേഖകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹിയിൽ തലയെടുപ്പുള്ള നേതാവായിരുന്നപ്പോഴും ആ ബന്ധം തുടർന്നു. കെ.പി.ഉണ്ണികൃഷ്ണന്റെ സംഭവബഹുലമായ ജീവിതകഥ പ്രസിദ്ധീകരിച്ചതും മാതൃഭൂമിയാണ്.
1971-ൽ വടകരയിൽ ആദ്യമായി സ്ഥാനാർഥിയായി രംഗത്ത് വന്നപ്പോൾ ദേശിയപ്രസ്ഥാനവുമായി ബന്ധപ്പെട്ടൊരു കുടുംബ പാരമ്പര്യം തന്നെ തുണച്ചിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പറയാറുണ്ട്. അതിന്റെ പേരിലുള്ള സൗഹൃദവും അടുപ്പവും വടകരയിലെ ഒരു തലമുറ എന്നും തന്നോട് കാണിച്ചിരുന്നുവെന്നും ഉണ്ണികൃഷ്ണൻ കൃതജ്ഞതയോടെ ഓർക്കാറുണ്ടായിരുന്നു. മാതൃഭൂമിയുടെ രണ്ടാമത്തെ പത്രാധിപരായിരുന്ന പി. രാമുണ്ണി മേനോൻ ഉണ്ണികൃഷ്ണന്റെ അമ്മയുടെ ജ്യേഷ്ഠത്തിയുടെ ഭർത്താവായിരുന്നു. ഒറ്റപ്പാലം കോൺഫറൻസിൽ പോലീസ് മർദനമേറ്റ അദ്ദേഹം കെ.പി.സി.സി സെക്രട്ടറിയുമായിരുന്നു. ഇതൊക്കെ അറിയാവുന്ന ആൾക്കാർ വടകരയിൽ ഉണ്ടായിരുന്നതു കൊണ്ട് കെട്ടിയിറക്കിയ സ്ഥാനാർഥി എന്ന ആരോപണമൊന്നും വിലപ്പോയില്ലെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുമായിരുന്നു. ലീലാ ദാമോദര മേനോനുവേണ്ടി വടകരയിൽ ചുവരെഴുത്തുകൾ നടത്തിയ ഘട്ടത്തിലാണ് ഇന്ദിരാഗാന്ധി ഉണ്ണികൃഷ്ണനെ മത്സരിക്കാൻ വടകരയിലേക്കയക്കുന്നത്. അതുകൊണ്ട് തന്നെ ഒരു വിഭാഗം ആളുകൾക്ക് അതിനോട് യോജിക്കാനായില്ല. ജില്ലാ കോൺഗ്രസ്സ് പ്രസിഡന്റ് വി.പി.കുഞ്ഞിരാമക്കുറുപ്പ് ഉൾപ്പടെയുള്ളവർ രംഗത്ത് നിന്ന് ഒന്ന് പിൻവാങ്ങി. പക്ഷേ, വലിയ ഭൂരിപക്ഷത്തോടെ ആദ്യ മത്സരം ഉണ്ണികൃഷ്ണൻ ജയിച്ചു.
വലതുപക്ഷത്തായിരുന്നപ്പോഴും ഇടതുപക്ഷത്തായിരുന്നപ്പോഴും വടകരക്കാർ ഉണ്ണിയെ നന്നായി സ്വീകരിച്ചു. തുടർച്ചയായി ആറ് തവണയാണ് വടകരയിൽ അദ്ദേഹം വിജയക്കൊടി പാറിച്ചത്.
കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ വോട്ടർമാർ വടകരയിലാണ് ഉള്ളതെന്ന് തോന്നുന്നുവെന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കണ്ടപ്പോൾ ഉണ്ണികൃഷ്ണൻ പറഞ്ഞു. സ്വാതന്ത്ര്യസമര കാലത്തും അതിനുശേഷവും കോൺഗ്രസ്സിനും ഇടതുപക്ഷത്തിനും പിന്തുണ നൽകി എല്ലാ സമരങ്ങളുടേയും മുൻപന്തിയിൽ നിന്നൊരു സ്ഥലമാണ് വടകര. വടകര തന്നോട് കാണിച്ച സ്നേഹവും ബഹുമാനവും എന്നും ഉള്ളിലുണ്ടെന്നും അന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.
വടകരയിലെ ആൾക്കൂട്ടത്തിന് അവരുടെ ഉണ്ണിയേട്ടൻ എല്ലാ കാലത്തും ഒരാവേശമായിരുന്നു. പ്രചാരണ സമയത്ത് വൈകി പുലർച്ചെ രണ്ട് മണിക്ക് എത്തുമ്പോഴും കവലകളിൽ അദ്ദേഹത്തെ കാണാൻ ആൾക്കൂട്ടമുണ്ടാവാറുണ്ട്. തുടർച്ചയായി 25 കൊല്ലം വടകരക്കാർ ഉണ്ണികൃഷ്ണനെ പാർലമെന്റിലേക്കയച്ചു. വി.പി.സിങ്ങിന്റെ കാലത്ത് മന്ത്രിയായും വടകരയിലെത്തി. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ദേശീയ തലത്തിൽ വലിയ തിരിച്ചടിയുണ്ടായപ്പോഴും വടകരയിൽ ഉണ്ണിയ്ക്ക് കാലിടറിയില്ല. 1977-ൽ അരങ്ങിൽ ശ്രീധരനെ തോല്പിച്ച മത്സരത്തിലാണ് അവിടെ ഭൂരിപക്ഷം കുറഞ്ഞത്. സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള വടകരയിൽ അതൊരു ശക്തമായ പോരാട്ടമായിരുന്നു. 1991-ൽ രാഷ്ട്രീയ കേരളം ചർച്ച ചെയ്ത ‘കോലീബി സഖ്യ’ത്തിലും വടകരയിൽ ഉണ്ണിയ്ക്ക് ഇളക്കം തട്ടിയില്ല. അഡ്വ.എം. രത്നസിങ്ങിനെയാണ് അന്ന് പൊട്ടിച്ചത്. ഇടത് ചേരിയിൽ നിന്ന് വീണ്ടും കോൺഗ്രസ്സിലേക്ക് പോയി 96-ൽ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോഴാണ് ഉണ്ണികൃഷ്ണനെ വടകര കൈവിട്ടത്. ഒ. ഭരതനോടാണ് തോറ്റത്. മത്സരിക്കേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞിട്ടുണ്ട്. രാജ്യസഭാ സീറ്റ് തനിക്ക് നൽകാമെന്ന് ഉറപ്പ് നൽകിയതായിരുന്നു. അവിടെ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. ഒരു അടിയൊഴുക്ക് ഉണ്ടെന്ന് തോന്നിയിരുന്നുവെങ്കിലും അത്രമാത്രം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. എന്നിരുന്നാലും ഉണ്ണികൃഷ്ണൻ പറയുമായിരുന്നു- മറക്കാൻ വയ്യ... വടകരയിലെ പ്രബുദ്ധരായ വോട്ടർമാരെ.... കെ.പി.ഉണ്ണികൃഷ്ണന്റെ വടകരയിലെ പോരാട്ടങ്ങൾ കേരള രാഷ്ട്രീയ ചരിത്രത്തിലെ വീറുറ്റ ഏടുകളാണ്. പന്നിയങ്കരയിലെ പത്മാലയത്തിൽ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തുന്നവരുടെ മനസ്സിൽ തെളിമയോടെ ആ ചിത്രങ്ങളുണ്ട്
Published: 03 Mar 2026, 12:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented