കോഴിക്കോട്: നഴ്‌സുമാരുടെ സമരം തുടരുന്നതിനിടെ ആശുപത്രി മാനേജ്‌മെന്റുകൾ മറ്റുസംസ്ഥാനങ്ങളിൽനിന്ന് നഴ്‌സുമാരെ കൊണ്ടുവരുന്നതിനെതിരേ യു.എൻ.എ. ശമ്പളവർധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാർ യു.എൻ.എ.യുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരം തകർക്കാനാണ് മാനേജ്‌മെന്റുകളുടെ നീക്കമെന്നാണ് ആരോപണം. ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽനിന്ന് പഠനം കഴിഞ്ഞിറങ്ങിയവരെയാണ് മാനേജ്‌മെന്റുകൾ അടിസ്ഥാനവേതനം നൽകി തൊഴിലിനെടുത്തത്. ഇത്തരത്തിൽ ഏകദേശം നൂറിലധികംപേർ എത്തിയിട്ടുണ്ടെന്നാണ് യു.എൻ.എ. ഭാരവാഹികൾ അറിയിക്കുന്നത്. ഒരു സംസ്ഥാനത്ത് ജോലിചെയ്യാൻ അവിടത്തെ രജിസ്‌ട്രേഷൻ ആവശ്യമാണെന്നിരിക്കെ ഇതില്ലാതെയാണ് ഇവരെ ജോലിക്കെടുത്തതെന്നും യു.എൻ.എ. ആരോപിക്കുന്നു. ഇതിനെതിരേ ജില്ലാ ലേബർ ഓഫീസർക്ക് സംഘടന പരാതിനൽകിയിട്ടുണ്ട്. കർണാടക നഴ്‌സിങ് കൗൺസിലിലും വിവരമറിയിച്ചിട്ടുണ്ട്.

To advertise here,

അതേസമയം മാനേജ്മെന്റുകളുമായുള്ള ചർച്ചയ്ക്കുള്ള ശ്രമങ്ങൾ എവിടെയും എത്തിയിട്ടില്ല. ചർച്ചയിലൂടെ പരിഹാരംകണ്ട ആശുപത്രികളിലെ നഴിസുമാർ ജോലിക്ക് തിരിച്ചുകയറിയിട്ടുണ്ട്. ബേബി മെമ്മോറിയൽ, മേയ്ത്ര, ആസ്റ്റർ മിംസ് എന്നീ ആശുപത്രികളിൽനിന്നുള്ള നഴ്‌സുമാരാണ് ഇപ്പോൾ സമരരംഗത്തുള്ളത്. ബേബി മെമ്മോറിയൽ ആശുപത്രിക്കുമുന്നിലാണ് സമരം നടക്കുന്നത്. ഇതോടെ ഈ ആശുപത്രികളിലെ സേവനങ്ങൾ തടസ്സപ്പെട്ടു. അടിയന്തരവിഭാഗങ്ങളിലെ സേവനങ്ങൾ തടസ്സപ്പെടാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായി കുറച്ച് നഴ്‌സുമാർ എല്ലാ സ്വകാര്യ ആശുപത്രിയിലും ജോലിക്കെത്തുന്നുണ്ട്.