കോഴിക്കോട്: നവംബര്‍ ആദ്യവാരമാണ് പട്ടാളപ്പള്ളി ജങ്ഷന്‍മുതല്‍ വൈക്കം മുഹമ്മദ് ബഷീര്‍ റോഡ് ജങ്ഷന്‍വരെയുള്ള എല്‍ഐസി റോഡിന്റെ പുനരുദ്ധാരണം ആരംഭിച്ചത്. അഞ്ചാഴ്ചയ്ക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു അന്ന് അറിയിച്ചത്. ആ പറഞ്ഞ അഞ്ച് ആഴ്ച ഡിസംബര്‍ ഒന്‍പതിന് പൂര്‍ത്തിയാകും.
തുടക്കത്തില്‍ പണികള്‍ വേഗത്തിലെടുത്തെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി പണികളൊന്നും നടക്കുന്നില്ല. അതിനാല്‍ പറഞ്ഞ സമയത്ത് പണിപൂര്‍ത്തിയാക്കാനാകില്ലെന്ന് ഏകദേശം ഉറപ്പായി.
മഴക്കാലത്ത് പ്രദേശത്ത് ദിവസങ്ങളോളം മലിനജലം കെട്ടിനില്‍ക്കുന്ന പ്രശ്‌നത്തിന് പരിഹാരമായാണ് പാത ഉയര്‍ത്തി ഇന്റര്‍ലോക്ക് ഇടാനും ഓവുചാല്‍ നവീകരിക്കാനും തീരുമാനിച്ചത്. നിലവിലെ റോഡ് പൊളിച്ചിട്ട് ഗതാഗതം തടഞ്ഞാണ് പ്രവൃത്തികള്‍ നടത്തിയിരുന്നത്. പണി നീണ്ടുപോകുന്നത് കച്ചവടക്കാര്‍ക്ക് ആശങ്കയേറിയിട്ടുണ്ട്. റോഡില്ലാതായതോടെ ഇപ്പോള്‍ മിക്ക കടകളിലും ആളില്ല. ക്രിസ്മസ് സീസണ്‍ അടുക്കാറാകുമ്പോഴേക്കെങ്കിലും പണി തീര്‍ന്നില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന ആധിയിലാണിവര്‍. മണ്ണെടുത്ത് മെറ്റലിട്ടവഴിയിലൂടെയും കൂട്ടിയിട്ട മണ്‍കൂനയ്ക്കിടയിലൂടെയും നടന്നുപോകാന്‍ കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ട്.
പ്രവൃത്തിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തിരുവനന്തപുരത്തെ ചീഫ് ടെക്നിക്കല്‍ എക്‌സാമിനര്‍ക്ക് അയച്ചിട്ടാണുള്ളതെന്ന് കോര്‍പ്പറേഷന്‍ എന്‍ജിനിയറിങ് വിഭാഗം അറിയിച്ചു. റിപ്പോര്‍ട്ട് നല്‍കി അഞ്ചുദിവസം കഴിഞ്ഞാലെ പണികള്‍ പുനരാരംഭിക്കാനാകു. കൂടാതെ ക്വാറിസമരം കാരണം നിര്‍മാണസാമഗ്രികള്‍ കിട്ടാതെയും പണിവൈകിയിരുന്നു. നിര്‍മാണം പൂര്‍ത്തിയാകാന്‍ പറഞ്ഞതിനെക്കാള്‍ ഒരാഴ്ച കൂടുതലെടുക്കുമെന്നും അവര്‍ അറിയിച്ചു.
Content Highlights: Kozhikode`s LIC Road repair faces delays, impacting businesses and commuters. Discover the reasons and potential solutions to this ongoing issue.
Published: 02 Dec 2025, 09:08 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented