കോഴിക്കോട്: കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഐടി കെട്ടിടത്തിന് 90 വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിന് നല്‍കിയ സര്‍ക്കാര്‍, കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലെ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വികസനപദ്ധതി പാട്ടക്കുരുക്കില്‍ നീട്ടിക്കൊണ്ടുപോവുന്നു. 150 കോടിയുടെ പദ്ധതി സമര്‍പ്പിച്ച് ഒരു വര്‍ഷത്തിലധികമായി കാത്തിരിക്കുന്ന നിേക്ഷപകരെയാണ് നയംമാറ്റിയിട്ടും പാട്ടക്കാലാവധിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാതെ ക്യൂവില്‍ നിര്‍ത്തുന്നത്.
ബെംഗളൂരു ആസ്ഥാനമായുള്ള ഗുഡ്എര്‍ത്ത് എന്ന കമ്പനിയാണ് ഐടി കെട്ടിടം പണിയാന്‍ 150 കോടിയുടെ പദ്ധതിസമര്‍പ്പിച്ചത്. പാട്ടക്കാലാവധി 30 വര്‍ഷമെന്നത് മറ്റു സംസ്ഥാനങ്ങളിലേതുപോലെ 90 ആക്കി ഉയര്‍ത്തണമെന്നായിരുന്നു അവരുടെ പ്രധാന ആവശ്യം. സര്‍ക്കാര്‍ തീരുമാനം നീട്ടിക്കൊണ്ടുപോയി. ഇത് ഇന്‍ഫോപാര്‍ക്കിന്റെയടക്കം വികസനത്തെ പ്രതിസന്ധിയിലാക്കുമെന്ന് കാണിച്ച് സംസ്ഥാനത്തെ ഐടി പാര്‍ക്കുകളുടെ സിഇഒ കത്ത് നല്‍കിയതോടെയാണ് ഈ ഏപ്രില്‍ 24-ന് പാട്ടക്കാലാവധി 90 വര്‍ഷമാക്കി ഉത്തരവിറക്കിയത്.
ഓരോ പദ്ധതിയും സര്‍ക്കാര്‍തലത്തില്‍ വീണ്ടും പ്രത്യേകം പരിശോധന നടത്തിയശേഷം വെവ്വേറെ അനുമതി നല്‍കിയാല്‍മതിയെന്ന വ്യവസ്ഥയോടെയായിരുന്നു മന്ത്രിസഭാ തീരുമാനം. ഇതോടെ വീണ്ടും പദ്ധതി സമര്‍പ്പിച്ച് നടപടികളെല്ലാം പൂര്‍ത്തിയാക്കി കെഎസ്‌ഐടിഎല്‍ സര്‍ക്കാരിന് കൈമാറി. തുടര്‍ന്ന് ഇക്കാര്യം പലതവണ ഐടി സെക്രട്ടറിവഴി കെഎസ്‌ഐടിഎല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു നടപടിയുമുണ്ടാവുന്നില്ല. ഇന്‍ഫോപാര്‍ക്കില്‍ 3.5 ഏക്കര്‍ പാട്ടത്തിന് നല്‍കുന്നതില്‍ അതിവേഗം തീരുമാനമെടുക്കുകയും ചെയ്തു.
കോഴിക്കോടിന്റെ വികസനപ്രതീക്ഷ ഫയലില്‍ കുടുങ്ങിക്കിടക്കുകയാണ്. നേരത്തേതന്നെ സര്‍ക്കാര്‍ തീരുമാനം അനന്തമായി നീണ്ടതോടെ ഗുഡ് എര്‍ത്ത് കോഴിക്കോട്ടെ പദ്ധതി ഉപേക്ഷിക്കാന്‍ ഒരുങ്ങിയിരുന്നു. പിന്നീട് സര്‍ക്കാരിന്റെ നയത്തില്‍ മാറ്റംവന്നതോടെയാണ് അവര്‍ തുടര്‍ന്നത്. 90 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുമെങ്കില്‍ തങ്ങള്‍ പദ്ധതിയുമായി മുന്നോട്ടുപോവാന്‍ തയ്യാറാണ് അല്ലെങ്കില്‍ ഒഴിവാകുമെന്നാണ് ഏറ്റവുമൊടിവിലും ഗുഡ് എര്‍ത്ത് കെഎസ്‌ഐടിഎല്ലിനെ അറിയിച്ചത്. ഇവര്‍ക്കൊപ്പം മറ്റു ആറ് കമ്പനികളും കൂടെക്കൂടെ കോഴിക്കോട്ട് നിേക്ഷപത്തിന് താത്പര്യമറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍തീരുമാനം നീണ്ടാല്‍ അവയെയും ബാധിക്കും. കോഴിക്കോടിന്റെ ഐടി വികസനം അവതാളത്തിലാവും.
മൂന്നുവര്‍ഷമായി കോഴിക്കോട്ടെ രണ്ടു സൈബര്‍പാര്‍ക്കുകളിലും ഒരിഞ്ച് സ്ഥലംപോലുമില്ലാതായിട്ട്. 80 ഐ.ടി. കമ്പനികള്‍ കോഴിക്കോട് പ്രവര്‍ത്തനമാരംഭിക്കാന്‍ അപേക്ഷ നല്‍കി ഒന്നരവര്‍ഷത്തോളമായി കാത്തിരിക്കുന്നുണ്ട്. കെട്ടിടമില്ലാത്തതിനാല്‍ അവര്‍ക്കുമുന്നില്‍ സൈബര്‍പാര്‍ക്ക് അധികൃതര്‍ കൈമലര്‍ത്തുകയാണ്. നിലവിലുള്ള കമ്പനികള്‍ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ കഴിയാതെയും പ്രതിസന്ധിയിലാണ്.
84 കമ്പനികളാണ് നിലവില്‍ സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത്. അത്രയും കമ്പനികള്‍ക്കായി 2.88 ലക്ഷം ചതുരശ്രയടി കെട്ടിടമേയുള്ളു. 42.5 ഏക്കറില്‍ ബാക്കി ഭൂമി വെറുതേ കിടക്കുകയാണ്. എന്നിട്ടും സര്‍ക്കാര്‍ തീരുമാനം നീട്ടിക്കൊണ്ടുപോവുകയാണ്. മാത്രമല്ല, 190 കോടി ചെലവില്‍ നാലുലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടം പണിയാന്‍ സൈബര്‍പാര്‍ക്ക് ഡിപിആര്‍ സമര്‍പ്പിച്ച പദ്ധതിയും അനിശ്ചിതാവസ്ഥയിലാണ്. നബാര്‍ഡിനു കീഴിലുള്ള നിഡയുടെ സാമ്പത്തികസഹായത്തോടെയാണ് കെട്ടിടം പണിയാന്‍ തീരുമാനിച്ചത്. എന്നാല്‍, ഫണ്ട് ലഭിക്കാന്‍ സര്‍ക്കാര്‍ ഗാരന്റി നില്‍ക്കണം. ആ ഫയലിലെ ചുവപ്പുനാടയും എന്നഴിയുമെന്ന് ഉറപ്പില്ല.
കൊച്ചി ഇന്‍ഫോപാര്‍ക്കിലെ മൂന്നരയേക്കര്‍ സ്ഥലം 90 വര്‍ഷത്തേക്ക് ലുലുവിന് കൈമാറുമെന്ന് കഴിഞ്ഞദിവസമാണ് പ്രഖ്യാപനം വന്നത്. 500 കോടി മുതല്‍മുടക്കില്‍ പുതിയ ഐടി സമുച്ചയമാണ് അവിടെ ലുലു ആസൂത്രണം ചെയ്യുന്നത്.
9.5 ലക്ഷം ചതുരശ്രയടിയിലായിരിക്കും കെട്ടിടം. 7000 തൊഴിലവസരങ്ങളും പ്രഖ്യാപനങ്ങളിലുണ്ട്. ഇതേ മാതൃകയില്‍ കോഴിക്കോട്ടും തീരുമാനമുണ്ടായാല്‍ ഇവിടത്തെ ഐടി വികസനം വേഗത്തിലാവും.
Content Highlights: Kozhikode`s IT park expansion faces delays due to land lease issues.
Published: 04 Jul 2025, 07:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented