കോഴിക്കോട്: പാർട്ടിനേതാക്കളെ ഇ.ഡി. ഉന്നമിട്ടതോടെ, കേന്ദ്ര ഏജൻസികളെ നേരിടാൻ ദേശീയതലത്തിൽ കൂട്ടായ്മ രൂപവത്കരിക്കാൻ സി.പി.എം. ഒരുങ്ങുന്നു. മനുഷ്യാവകാശസംഘടനകളെയും സാമൂഹിക പ്രസ്ഥാനങ്ങളെയും കൂട്ടിച്ചേർത്തായിരിക്കും ഐക്യനിര. അഖിലേന്ത്യാടിസ്ഥാനത്തിൽ സമാന ചിന്താഗതിക്കാരെ ഉൾപ്പെടുത്തി വിപുലമായ പ്രസ്ഥാനമാണ് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

To advertise here,

പ്രതിപക്ഷ നേതാക്കളെയും പാർട്ടികളെയും ഇ.ഡി.യും കേന്ദ്ര ഏജൻസികളും ലക്ഷ്യമിടുന്നതിനെ ഇന്ത്യ സഖ്യം ചോദ്യംചെയ്യുന്നുണ്ടല്ലോ എന്നു ചോദിച്ചപ്പോൾ, അതൊരു രാഷ്ട്രീയ കൂട്ടുകെട്ടാണെന്നായിരുന്നു മറുപടി. വിപുലീകൃത സംസ്ഥാനകമ്മിറ്റിയിൽ കോഴിക്കോട്ടുനിന്നുള്ള നേതാവാണ് ഇ.ഡിക്കെതിരേ വൈകാരികമായി സംസാരിച്ചതെന്നതും ശ്രദ്ധേയമായി. ചട്ടമ്പിയെപ്പോലെയാണ് ഇ.ഡി.യുടെ പെരുമാറ്റമെന്നും കുഞ്ഞുങ്ങളെപ്പോലും തോക്കിൻമുനയിൽ നിർത്തി ഭയപ്പെടുത്തിയെന്നും ഈ നേതാവ് വിമർശിച്ചു.

സംഘടനാപരമായ പിഴവുകൾ തിരുത്താനുള്ള വിപുലീകൃത സംസ്ഥാനകമ്മിറ്റിയിലെ ചർച്ച ഇ.ഡി. വിഷയങ്ങളിലേക്കു വഴി മാറാതിരിക്കാൻ സി.പി.എം. കേന്ദ്രനേതൃത്വം ഇടപെട്ടിരുന്നു. ഇ.ഡി. കേസിൽ പിണറായിക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രത്യേക പ്രമേയത്തിന് സംസ്ഥാന നേതൃത്വം ശ്രമിച്ചെങ്കിലും രാഷ്ട്രീയമായി ഇപ്പോൾത്തന്നെ പാർട്ടി എതിർക്കുന്നതിനാൽ, കേന്ദ്രനേതൃത്വം ആവശ്യം തള്ളി. തുടർന്നാണ്, പിണറായിക്കു കവചമൊരുക്കാൻ ദേശീയതലത്തിൽ കൂട്ടായ്മയുണ്ടാക്കാനുള്ള പുതിയ നീക്കം.