വിദ്യാനഗർ : നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കാസർകോട് ടൗൺ മുതൽ നായന്മാർമൂല വരെയുള്ള ദേശീയപാത 66-ന്റെ സർവീസ് റോഡ് വൺവേയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധം. വൺവേയാക്കുന്നതിന് നഗരസഭാ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി തീരുമാനമെടുക്കുകയും ജില്ലാ റോഡ് സേഫ്റ്റി അതോറിറ്റിക്ക് ശുപാർശ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

To advertise here,

എന്നാൽ നിലവിലുള്ളതുപോലെ ടുവേ സംവിധാനം നിലനിർത്തണമെന്നാണ് സമീപപ്രദേശങ്ങളിലെ റെസിഡെന്റ്സ് അസോസിയേഷനുകളും കർമസമിതിയും ആവശ്യപ്പെടുന്നത്. കൂടാതെ, കാസർകോട് നഗരഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ചെർക്കള ഭാഗത്തേക്കുള്ള യാത്രയിൽ ദേശീയപാതയിലേക്ക് പ്രവേശിക്കാൻ നുള്ളിപ്പാടിയിൽ പ്രവേശനകവാടം (എൻട്രി) അനുവദിക്കുമെന്ന ജില്ലാ ഭരണകൂടത്തിന്റെ പ്രഖ്യാപനം മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പാകാത്തതിലും പ്രതിഷേധമുയരുന്നുണ്ട്.

സ്ഥലപരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടും നുള്ളിപ്പാടിയിൽ പ്രവേശനകവാടത്തിന്റെ പണി ആരംഭിച്ചിട്ടില്ല. നഗരത്തിൽനിന്ന് ചെർക്കള ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബി.സി. റോഡ് കഴിഞ്ഞുള്ള ഏക പ്രവേശനകവാടത്തിലൂടെയാണ് ദേശീയപാതയിലേക്ക് കയറേണ്ടത്.

ദേശീയപാതയിലേക്ക് പ്രവേശിക്കാൻ മാത്രമായി വാഹനങ്ങൾ തിരക്കേറിയ റോഡിലൂടെ ഏറെദൂരം സഞ്ചരിക്കേണ്ടിവരുന്നത് രാവിലെയും വൈകീട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. നുള്ളിപ്പാടിയിൽ അനുവദിച്ച കാൽനട മേല്പാലത്തിന്റെ പണിയും തുടങ്ങിയിട്ടില്ല.

സർവീസ് റോഡ് വൺവേ സംവിധാനത്തിലേക്ക് മാറ്റാനുള്ള നീക്കം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി. സർവീസ് റോഡ് നിലവിൽ ടുവേയായി ദേശീയപാതാ വിഭാഗം അംഗീകരിച്ചിട്ടുള്ളതും അടയാളപ്പെടുത്തിയ ഇരുഭാഗത്തേക്കും വാഹനസഞ്ചാരത്തിന് അനുവദിച്ചിട്ടുള്ളതാണെന്നും നിവേദനത്തിൽ പറയുന്നു.

നുള്ളിപ്പാടിയിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നടന്ന ബഹുജനസമരവുമായി ബന്ധപ്പെട്ട കേസിൽ ഇരു സർവീസ് റോഡുകളും ടു വേ ആയിരിക്കുമെന്ന നിർമാണക്കരാർ കമ്പനിയായ യു.എൽ.സി.സി. സംഘത്തിന്റെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് അടിപ്പാത അനുവദിക്കാതെ കേസ് അവസാനിപ്പിച്ചതെന്നും സമരത്തിൽനിന്ന് പിന്മാറിയതെന്നും നിവേദനത്തിൽ പറയുന്നു.

അണങ്കൂരിൽ കുരുക്കാകും

:നിലവിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡിനു ശേഷം അടുത്ത അടിപ്പാതയുള്ളത് അണങ്കൂരിലാണ്. അണങ്കൂരിലെ ഇടുങ്ങിയ അടിപ്പാതയിലൂടെ ഇപ്പോൾത്തന്നെ വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമാണ്. വൺവേ സംവിധാനം നിലവിൽവന്നാൽ പുതിയ ബസ് സ്റ്റാൻഡിനും അണങ്കൂരിനുമിടയിൽ ഇരുവശങ്ങളിലേക്കും പോകുന്ന മുഴുവൻ വാഹനങ്ങളും ഇടുങ്ങിയ അടിപ്പാതയെ ആശ്രയിക്കേണ്ടിവരുമെന്നും ഇത് വലിയ ഗതാഗതക്കുരുക്കിനിടയാക്കുമെന്നും ബസ് സർവീസ് ഉൾപ്പെടെയുള്ള ഗതാഗതത്തെ സാരമായി ബാധിക്കുമെന്നും നിവേദനത്തിൽ പറയുന്നു.

സർവീസ് റോഡുകളിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതും മറ്റു നിയമലംഘനങ്ങളും തടഞ്ഞാൽ നിലവിലെ ടുവേ സംവിധാനം കാര്യക്ഷമമായി തുടരാൻ കഴിയുമെന്നുമാണ് വിദഗ്ധരുടെയും അഭിപ്രായം.