
കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ 15-ന് വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് ടോൾപിരിവ് തുടങ്ങും. മാധ്യമങ്ങളിൽ ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ടോൾപിരിവിനുള്ള എല്ലാ സംവിധാനങ്ങളും പൂർണസജ്ജമാണെന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ അറിയിച്ചു. ടോൾപിരിവിൽ ഒട്ടേറെ ഇളവുകളുണ്ട്. 24-മണിക്കൂറിനകം ഇരുഭാഗത്തേക്കും പോവുന്ന വാഹനത്തിന് മടക്കയാത്രയിൽ ടോൾനിരക്കിൽ 25 ശതമാനം കിഴിവുണ്ട്. ഒരുമാസം അൻപത് തുടർച്ചയായ യാത്ര നടത്തുന്ന വാഹനത്തിന് ടോൾനിരക്കിൽ 33 ശതമാനവും കോഴിക്കോട് ജില്ലയിൽ രജിസ്റ്റർചെയ്ത നാഷണൽ പെർമിറ്റ് അല്ലാത്ത കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് 50 ശതമാനവും ഇളവുണ്ട്.
മൂവായിരം രൂപയുടെ ഫാസ്ടാഗ് എടുത്താൽ ഒരുവർഷം 200 യാത്രകൾ നടത്താം.
ടോൾപ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുള്ളവർക്ക് 340 രൂപയുടെ പാസ് നൽകുന്നുണ്ട്. ചൊവ്വാഴ്ച 25 പാസുകൾ നൽകിയതായി ദേശീയപാത അതോറിറ്റി അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ പാസിന്റെകാര്യത്തിൽ അവ്യക്തതയുണ്ടായിരുന്നു. ടോൾപിരിവ് തുടങ്ങിയശേഷമേ നൽകിത്തുടങ്ങൂ എന്നാണ് രാവിലെ ടോൾപ്ലാസയിൽ അന്വേഷിച്ചെത്തിയവരോട് നടത്തിപ്പുകാർ പറഞ്ഞത്.
28.4 കിലോമീറ്ററാണ് കോഴിക്കോട് ബൈപ്പാസ്. ഇരുപത് കിലോമീറ്റർ പരിധി വരുമ്പോൾ വെങ്ങളംവരെയുള്ള ദേശീയപാതയുടെ ഭാഗങ്ങൾ ഇതിൽ ഉൾപ്പെടും. പാസ് വിതരണം വേഗത്തിലാക്കിയില്ലെങ്കിൽ അത് ആളുകൾക്ക് വലിയ ബുദ്ധിമുട്ടാവും. കൃത്യമായി വിതരണം പൂർത്തിയാക്കാനും കഴിയില്ല.
Content Highlights: Kozhikode Bypass Toll Collection to Start on Jan 15: Check Rates and Discounts Here
Published: 14 Jan 2026, 04:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented