കൊച്ചി: പദ്‌മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് തിരിച്ചെടുക്കുന്നതിൽ പാർട്ടിയിലെ യുവ നേതാക്കൾക്ക് അതൃപ്തി. പാർട്ടി വക്താവും ഡി.സി.സി. വൈസ് പ്രസിഡന്റുമായ ജിന്റോ ജോൺ, കെ.പി.സി.സി.സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ എന്നിവരാണ് അതൃപ്തി പരസ്യമാക്കിയത്.

To advertise here,

നുണകൾ തിരുത്തി അണികളോട് മാപ്പുപറഞ്ഞിട്ടുവേണം പദ്‌മജ തിരിച്ചുവരാനെന്ന് അലോഷ്യസ് സേവ്യർ പ്രതികരിച്ചു. കോൺഗ്രസ് വിട്ടുപോയപ്പോൾ പറഞ്ഞ, കെ. കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ ബി.ജെ.പി.യിൽ ചേർന്നേനെയെന്നും കോൺഗ്രസിലായിരുന്നപ്പോൾ തനിക്ക് ചന്ദനക്കുറി തൊടാൻപോലും സാധിച്ചിരുന്നില്ലെന്നുമുള്ള പ്രസ്താവന തിരുത്തി പദ്‌മജ മാപ്പുപറയണമെന്ന് അദ്ദേഹം പറഞ്ഞു. പദ്‌മജയ്ക്കുപിന്നാലെ പദ്‌മിനി തോമസും കോൺഗ്രസിലേക്ക് വരുന്നുവെന്നാണ് കേൾക്കുന്നത്. ഇരുവരും ബൂത്തുതലത്തിൽ കോൺഗ്രസിൽ പ്രവർത്തിക്കട്ടെയന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

‘‘ആങ്ങളയും പെങ്ങളും വീട്ടിലാണെന്നും തിരഞ്ഞെടുപ്പുസമയത്ത് പ്രാർഥിക്കാൻ അസുഖം വന്ന് കിടപ്പല്ലല്ലോ എന്നുപറഞ്ഞ് കെ. മുരളീധരനെ തള്ളിപ്പറഞ്ഞ് ബി.ജെ.പി.ക്ക് എം.പി.യെ കൊടുക്കാൻ തൃശ്ശൂരിൽ ഓടിനടന്നയാൾ പെട്ടെന്നൊരു സഹോദരസ്നേഹം പറയുന്നത് സംശയിക്കുന്നില്ല. അത് പാർട്ടിയിലേക്കുള്ള പിൻവാതിൽ പ്രവേശനത്തിനാണെങ്കിൽ പൊളിറ്റിക്കൽ ക്ലാരിറ്റി വരുത്തി മുൻവാതിലിലൂടെ വരുന്നതല്ലേ രാഷ്ട്രീയ ശരി’’ -ജിന്റോ ജോൺ സാമൂഹികമാധ്യമത്തിലെ കുറിപ്പിൽ ചോദിച്ചു.

പദ്‌മജ വേണുഗോപാലിനെയും പദ്‌മിനി തോമസിനെയും കോൺഗ്രസിലേക്ക് അടുപ്പിക്കരുതെന്ന് കെ.പി.സി.സി.സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാനസെക്രട്ടറിയുമായ തമ്പി സുബ്രഹ്മണ്യം പറഞ്ഞു.